വിളമ്പലിലൊന്ന് മാറ്റിപ്പിടിച്ചു; കെ.ടി.ഡി.സി റസ്റ്ററൻറുകൾ സൂപ്പറായി
text_fieldsആലപ്പുഴ: മുഖം മിനുക്കലിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച കേരള ടൂറിസം ഡെവലപ്പ്മെൻറ് കോർപ്പറേഷൻ്റെ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ റസ്റ്ററൻറുകളിലെ ഭക്ഷണം വിളമ്പുന്നതിൽ വരുത്തിയ പ്രകടമായ മാറ്റം ശ്രദ്ധേയമാകുന്നു. ഗുണനിലവാരത്തിൽ നേരത്തെ തന്നെ മുന്നിലുളള ഇവിടത്തെ ഭക്ഷണം വിളമ്പുന്ന രീതിയിലാണ് ആകർഷകമായ മാറ്റം വരുത്തിയിരിക്കുന്നത്.
പുനരുദ്ധാരണം പൂർത്തിയായ കെ.ടി.ഡി.സിയുടെ വിവിധ ജില്ലകളിലെ 25 റസ്റ്ററൻറുകളിലും കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ നേരിൽ സന്ദർശനം നടത്തിയ മാനേജിങ്ങ് ഡയറക്ടർ വി.ആർ.കൃഷ്ണ തേജക്ക് നിലവിലെ രീതി അത്ര പോരെന്ന് ബോധ്യപ്പെടുകയായിരുന്നു.തടർന്നാണ് നിരക്കിൽ മാറ്റം വരുത്താതെ വിളമ്പുന്നത് വ്യത്യസ്തമാക്കിയത്. പഴയ വസ്തി തളികയിൽ എല്ലാ കറികളും ഒരുമിച്ച് വിളമ്പിയിരുന്നതിന് പകരം ഫാമിലി ഹോട്ടലുകളിലെ താലീ മീൽസ് സ്റ്റൈലിൽ ഇലയുടെ ആകൃതിയിലുള്ള സ്റ്റീൽ പ്ളേറ്റിൽ വാഴയില വിരിച്ചാണ് ചോറിടുന്നത്.
ചെറിയ വട്ടസ്റ്റീൽപാത്രങ്ങളിൽ വിവിധയിനം കറികൾ ചുറ്റുമായി നിരത്തും. .പ്രത്യേകമായി തയ്യാറാക്കിയ മീൻകറിയാകട്ടെ, സ്റ്റീൽ പാത്രത്തിന് പകരം പോഴ്സലൈൻ പാത്രത്തിലാക്കി. കുടിവെള്ളം സാദാ ഗ്ലാസിന് പകരം വൈൻ ഗ്ലാസ് സമാനമായ ചില്ല് ഗ്ലാസിലാണ് നൽകുക. സ്വാദും അളവും വിലയും പഴയത് പോലെ തന്നെയാണെങ്കിലും മികച്ച രീതിയിൽ അവതരിപ്പിക്കുക വഴി ഭക്ഷണം ഉപഭോക്താവിന് കൂടുതൽ ആസ്വാദ്യകരമാകും.
ആദ്യഘട്ടത്തിൽ ആലപ്പുഴ ജില്ലയിലെ കായംകുളത്തെ വഴിയോര ഭോജനശാലയായ ആഹാറിലടക്കം സംസ്ഥാനത്തെ അഞ്ചിടങ്ങളിലാണ് കെ.ടി.ഡി.സി ഈ മാറ്റം വരുത്തിയിരിക്കുന്നത്. രൂപമാറ്റം വരുത്തി ഉദ്ഘാടനം നടന്ന ആലപ്പുഴ കളപ്പുരയിലെ റിപ്പിൾ ലാൻറിലെ റസ്റ്ററൻറിലെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായാലുടൻ പുതിയ രീതിയിൽ ഭക്ഷണം നൽകുമെന്ന് കൃഷ്ണ തേജ 'മാധ്യമ'ത്തോട് പറഞ്ഞു.
പഴയ നിരക്കായ 120 മുതൽ 140 രൂപ വരെയാണ് രുചികരമായ ഭക്ഷണത്തിന് ഇപ്പോഴും ഈടാക്കുന്നത്. ഉപഭോക്താക്കൾ ഈ മാറ്റത്തെ വലിയ അളവിൽ സ്വീകരിച്ചതായും തികഞ്ഞ സംതൃപ്തിയാണ് എല്ലാവരും തന്നെ പ്രകടിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.