കെ.ടി.ഡി.എഫ്.സി ക്രമക്കേട് കേസ്: അന്വേഷണം അവസാനിപ്പിക്കാനാകില്ല –കോടതി
text_fieldsതിരുവനന്തപുരം: കെ.ടി.ഡി.എഫ്.സിയിൽ 21 ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയ കേസ് എഴുതിത്തള്ളാൻ ആവശ്യപ്പെട്ട് വിജിലൻസ് സമർപ്പിച്ച ഹരജി കോടതി തള്ളി. വിജിലൻസ് സമർപ്പിച്ച രേഖകളിൽനിന്ന് പണാപഹരണം നടന്നതിനുള്ള തെളിവും സാക്ഷിമൊഴികളും നിലനിൽക്കെ എങ്ങനെയാണ് കേസ് രേഖകളില്ലെന്ന കാരണത്താൽ അവസാനിപ്പിക്കാൻ കഴിയുകയെന്ന് വിജിലൻസ് കോടതി ആരാഞ്ഞു. കേസിൽ വിശദമായ അന്വേഷണം നടത്തണമെന്നും കോടതി നിർദേശം നൽകി. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ജഡ്ജി എം.ബി. സ്നേഹലതയുടേതാണ് ഉത്തരവ്.
കെ.ടി.ഡി.എഫ്.സി മുൻ മാനേജിങ് ഡയറക്ടർ രാജശ്രീ അജിത്, സാമ്പത്തിക വിഭാഗം മുൻ ചീഫ് മാനേജർ പി. നിർമല ദേവി എന്നിവരാണ് കേസിലെ പ്രതികൾ. കെ.ടി.ഡി.എഫ്.സിയിൽ നിന്ന് വായ്പകൾ എടുത്ത വിവിധ സ്ഥാപനങ്ങളുടെ പേരിലുള്ള ചെക്കുകൾ വഴി കെ.ടി.ഡി.എഫ്.സിയുടെ മണക്കാടുള്ള ധനലക്ഷ്മി ബാങ്ക് ശാഖയിൽ നിന്ന് രണ്ടു പ്രതികളും ചേർന്ന് 21,66,418 രൂപ തട്ടിയെടുത്തു എന്നാണ് വിജിലൻസ് കേസ്. എന്നാൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച ശേഷം വിജിലൻസ് പൂജപ്പുര യൂനിറ്റ് നടത്തിയ വിശദമായ അന്വേഷണത്തിൽ ക്രമക്കേടുകൾ കണ്ടെത്തി.
എന്നാൽ ഇവ രേഖാമൂലം തെളിയിക്കാനുള്ള തെളിവുകണ്ടെത്താൻ സാധിച്ചിരുന്നില്ല എന്നായിരുന്നു വിജിലൻസ് അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നത്. ഹോട്ടൽ ഹൊറൈസൻ, ലീല, മുത്തൂറ്റ് പ്ലാസ, താജ് മലബാർ, വസ്ത്രവ്യാപാരശാലയായ കരാൽക്കട, ലാ ഡെലീഷ്യസ് ബേക്കറി എന്നീ സ്ഥാപനങ്ങളുമായുള്ള സാമ്പത്തിക ഇടപാടുകൾ നടത്താതെ, നടത്തിയെന്ന് കാട്ടി കെ.ടി.ഡി.എഫ്.സി യുടെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് വ്യാജമായി ചെക്കുകൾ തയാറാക്കി പണം എടുത്തിരുന്നു. എന്നാൽ ഈ ഇടപാടുകളൊന്നും കെ.ടി.ഡി.എഫ്.സി അംഗീകരിച്ചിരുന്നില്ല.
പിന്നെയെങ്ങനെയാണ് ഇത്തരം സാമ്പത്തിക ഇടപാടുകൾ രേഖമൂലമുള്ളതാണെന്നും ഇതിൽ ഒരു തരത്തിലുള്ള സാമ്പത്തിക ക്രമക്കേടും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും വിജിലൻസ് നിഗമനത്തിൽ എത്തിയതെന്നും കോടതി ആരാഞ്ഞു. കെ.ടി.ഡി.എഫ്.സി മുൻ മാനേജിങ് ഡയറക്ടർ രാജശ്രീ അജിത്തിനെതിരെ ഭവന വായ്പ അഴിമതി ആരോപിച്ചുള്ള രണ്ട് കേസുകൾ വിജിലൻസ് കോടതിയിൽ നിലവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.