പാർട്ടി കോൺഗ്രസിൽ നിന്ന് കെ.ടി. ജലീലിനെ മാറ്റി നിർത്തിയത് ചർച്ചയാകുന്നു
text_fieldsകോഴിക്കോട്: കോൺഗ്രസ് നേതാവ് കെ.വി. തോമസിന്റെ സാന്നിധ്യം വിവാദമായ സി.പി.എം പാർട്ടി കോൺഗ്രസിൽ പാർട്ടി സഹയാത്രികരായ കെ.ടി. ജലീൽ ഉൾപ്പെടെയുള്ളവരുടെ അസാന്നിധ്യം ചർച്ചയാകുന്നു. സംസ്ഥാന സമ്മേളന സെമിനാറിലെന്നപോലെ പാർട്ടി കോൺഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിലും മുസ്‍ലിം വിഭാഗത്തിൽനിന്ന് ആരെയും പ്രഭാഷകരായി ക്ഷണിച്ചിരുന്നില്ല. വർഷങ്ങളായി സി.പി.എം സഹയാത്രികനായി പാർട്ടി വേദികളിൽ നിറസാന്നിധ്യമായിരുന്ന കെ.ടി. ജലീലിനെ അതിഥിയായിപ്പോലും സമ്മേളനത്തിന് ക്ഷണിക്കാതിരുന്നതാണ് ചർച്ചയാകുന്നത്. കമ്യൂണിസ്റ്റ് അനുഭാവിയും ആസൂത്രണ ബോർഡ് അംഗവുമായ ബി. ഇഖ്ബാൽ അടക്കമുള്ളവരും സെമിനാർ വേദിയിൽനിന്ന് മാറ്റിനിർത്തപ്പെട്ടു. കോൺഗ്രസ് നേതൃത്വത്തിന്റെ വിലക്കുലംഘിച്ച് സെമിനാറിനെത്തിയ കെ.വി. തോമസിനെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ യേശുവിന്റെ ചിത്രം സമ്മാനിച്ച് സ്വീകരിച്ചത് സാധാരണ പാർട്ടി പ്രവർത്തകരിൽപോലും അമ്പരപ്പുണ്ടാക്കിയിരുന്നു.
മതചിഹ്നങ്ങളെ അകറ്റിനിർത്തിയ പാരമ്പര്യമുള്ള പാർട്ടി സമ്മേളന വേദിയിൽ ഇങ്ങനെയൊരു നയംമാറ്റം പ്രവർത്തകർക്ക് ഉൾക്കൊള്ളാനായിട്ടില്ല. അതിനിടെ, പാർട്ടി അംഗമല്ലെങ്കിലും മുസ്‍ലിം ന്യൂനപക്ഷത്തിന്റെ പ്രതിനിധിയായി സി.പി.എം ഉയർത്തിക്കാട്ടാറുള്ള കെ.ടി. ജലീലിനെ സമ്മേളനത്തിലേക്ക് ക്ഷണിക്കാത്തതാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. 'മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികൾ' എന്ന ആദ്യ സെമിനാറിൽ സംഘ്പരിവാർ ഭീഷണിയിൽ രാജ്യത്ത് അരക്ഷിതാവസ്ഥയിലുള്ള സമുദായത്തിൽനിന്ന് ഒരാൾ പോലുമുണ്ടായില്ല.
പിണറായി വിജയൻ നയിച്ച രണ്ട് കേരള യാത്രയിലും കെ.ടി. ജലീൽ സജീവസാന്നിധ്യമായിരുന്നു. പിന്നീട് പാർട്ടി പ്രതിപക്ഷത്തിരുന്നപ്പോൾ പിണറായി നടത്തിയ യാത്രയിലും ജലീൽ സി.പി.എമ്മിലെ മുസ്‍ലിം ശബ്ദമായി. ഒന്നാം പിണറായി സർക്കാറിൽ ഉന്നത വിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ, ഹജ്ജ്, വഖഫ് ചുമതലകളുള്ള മന്ത്രിയായി മുസ്‍ലിം ന്യൂനപക്ഷത്തെ പാർട്ടിയുമായി അടുപ്പിക്കുന്നതിൽ ജലീൽ നിർണായക പങ്കുവഹിച്ചു. അവസാന കാലത്ത് ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് മന്ത്രിസ്ഥാനം തെറിച്ചെങ്കിലും പിണറായി സർക്കാറിന്റെ രണ്ടാമൂഴത്തിലും നിയമസഭയിൽ അംഗമായ ജലീലിനെ പക്ഷേ, മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചില്ല.
അതിനിടെ, മലപ്പുറം എ.ആർ നഗർ ബാങ്കിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് മുസ്‍ലിം ലീഗിനും ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കുമെതിരെ ഗുരുതര ആരോപണവുമായും ജലീൽ രംഗത്തുവന്നു. മുഖ്യമന്ത്രി തന്നെ ഇക്കാര്യത്തിൽ ജലീലിനെ പരസ്യമായി വിമർശിച്ചു. പിന്നീട് ജലീൽ ആരോപണങ്ങളുമായി മുന്നോട്ടുപോയില്ല. സഹകരണ ബാങ്കിൽ കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഇടപെടുവിക്കുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നതിനാൽ സി.പി.എമ്മും ജലീലിനെ തള്ളി. നേരത്തെ സംസ്ഥാന സമ്മേളനത്തിലും ക്ഷണിച്ചിരുന്നില്ല. ഏതാനും മാസം മുമ്പ് ജലീൽ കുഞ്ഞാലിക്കുട്ടിയുമായി ചർച്ച നടത്തിയതും സി.പി.എമ്മിന്റെ നീരസവും ഉയർത്തിക്കാട്ടിയാണ് രാഷ്ട്രീയ അഭ്യൂഹങ്ങൾ രൂപപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.