പുതിയ വി.സിയോട് പൂർണ നിസ്സഹകരണം പ്രഖ്യാപിച്ച് കെ.ടി.യു
text_fieldsതിരുവനന്തപുരം: സർക്കാർ ശിപാർശ തള്ളി ചാൻസലറായ ഗവർണർ വൈസ് ചാൻസലറുടെ ചുമതല നൽകിയ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ജോയൻറ് ഡയറക്ടർ ഡോ. സിസ തോമസിനോട് പൂർണ നിസ്സഹകരണം പ്രഖ്യാപിച്ച് സാങ്കേതിക സർവകലാശാല. വെള്ളിയാഴ്ച ഇടത് അനുകൂല ജീവനക്കാരുടെയും എസ്.എഫ്.ഐ പ്രവർത്തകരുടെയും പ്രതിഷേധത്തിനിടെ സർവകലാശാലയിലെത്തി ചുമതലയേറ്റ സിസ തോമസ് മൂന്ന് മണിക്കൂർ മാത്രമാണ് ഓഫിസിലിരുന്നത്. ശനിയാഴ്ച സർവകലാശാല ഓഫിസുകൾ പ്രവർത്തിച്ചിരുന്നെങ്കിലും ഇവർ സർവകലാശാലയിലെത്തിയില്ല.
സർവകലാശാല ഇ-ഫയലിങ് സംവിധാനമായ ഡി.ഡി.എഫ്.എസിലേക്ക് വി.സിയുടെ ചുമതലയേറ്റ സിസ തോമസിന് ഇതുവരെ ലോഗിൻ അനുമതി നൽകിയിട്ടില്ല. ബിരുദ സർട്ടിഫിക്കറ്റുകൾ ഒപ്പിടാനുള്ള സംവിധാനവും അനുവദിച്ചിട്ടില്ല.
സർവകലാശാല നിയമത്തിന് വിരുദ്ധമായി നടത്തിയ നിയമനം അംഗീകരിക്കേണ്ടതില്ലെന്നും വി.സിയായി ചുമതലയേറ്റ സിസ തോമസുമായി സഹകരിക്കേണ്ടതില്ലെന്നുമാണ് ഇടതുസംഘടന ജീവനക്കാർക്കുള്ള നിർദേശം. വെള്ളിയാഴ്ചമുതൽ സർവകലാശാലയിലെ മറ്റ് മുതിർന്ന ഓഫിസർമാരെല്ലാം ഓഫിസിൽനിന്ന് വിട്ടുനിൽക്കുകയാണ്. ഫയലുകൾ പരിശോധിക്കാൻ സിസ തോമസ് ലോഗിൻ ഐ.ഡിയും പാസ്വേഡും ആവശ്യപ്പെട്ടെങ്കിലും രജിസ്ട്രാർ സ്ഥലത്തില്ലെന്ന കാരണത്താൽ നൽകിയിട്ടില്ല.
ചുമതലയേൽക്കുന്ന ദിവസം ഔദ്യോഗിക വാഹനം നൽകിയിരുന്നില്ല. എന്നാൽ, ശനിയാഴ്ച വാഹനം നൽകിയെങ്കിലും ഈ വാഹനത്തിൽ സിസ തോമസ് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെത്തി ജോലിയിൽ മുഴുകുകയായിരുന്നു. നിയമനം കോടതിയിൽ ചോദ്യം ചെയ്യാൻ ധാരണയായ സാഹചര്യത്തിൽ വിദ്യാർഥികളുടെ ബിരുദ സർട്ടിഫിക്കറ്റ് ഒപ്പിടുന്നത് ഉൾപ്പെടെയുള്ള ജോലികളിൽനിന്ന് സിസയെ മാറ്റിനിർത്താനാണ് ഉയർന്ന ഉദ്യോഗസ്ഥർക്കുള്ള നിർദേശം.
വി.സിയായിരുന്ന ഡോ.എം.എസ്. രാജശ്രീ സുപ്രീംകോടതി വിധിയിലൂടെ പുറത്തായതോടെ സർവകലാശാല ഭരണം പ്രതിസന്ധിയിലാണ്.
നാലായിരത്തോളം ബിരുദ സർട്ടിഫിക്കറ്റുകൾ വി.സിയുടെ ഒപ്പ് രേഖപ്പെടുത്താൻ തയാറാക്കിവെച്ചിട്ടുണ്ട്. പലരും അടിയന്തര ആവശ്യത്തിനായി ഉയർന്ന ഫീസടച്ച് ഫാസ്റ്റ് ട്രാക്കിലൂടെ അപേക്ഷ നൽകിയവരാണ്.
സുപ്രീംകോടതി വിധിയെതുടർന്ന് സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ പുറത്തുപോയതോടെ സർവകലാശാല ഭരണം ഏറക്കുറെ പ്രതിസന്ധിയിലുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.