കെ.ടി.യു വി.സി നിയമനം: പിണറായി രാജിവെക്കുന്നതാണ് നല്ലതെന്ന് കെ. സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: സാങ്കേതിക സർവകലാശാല താൽകാലിക വി.സി നിയമനം ചോദ്യം ചെയ്തുള്ള സർക്കാർ ഹരജി ഹൈകോടതി തളളിയ സ്ഥിതിക്ക് മുഖ്യമന്ത്രി പിണറായി വിജയന് രാജിവെക്കുന്നതാണ് നല്ലതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഹൈകോടതിയിലും സുപ്രീംകോടതിയിലും സ്ഥിരമായി തോറ്റ് തൊപ്പിയിട്ട് കൊണ്ടിരിക്കുന്ന പിണറായി സർക്കാർ പൊതുസമൂഹത്തിന് മുമ്പിൽ പരിഹാസ്യരാവുകയാണെന്നും അദ്ദേഹം പറഞ്ഞു. അത്യപൂർവമായ ഹരജിയിലൂടെ ചാൻസലറുടെ ഉത്തരവിനെ ചോദ്യം ചെയ്ത് കോടതിയിൽ തിരിച്ചടിയേറ്റത് സർക്കാരിന് കനത്ത തിരിച്ചടിയാണ്. ഗവർണറുടെ നിലപാട് ശരിവെക്കുകയും സർക്കാരിന്റെ പൊള്ളത്തരങ്ങൾ തുറന്ന് കാണിക്കുകയും ചെയ്യുന്നതാണ് കോടതി വിധി.
അഴിമതിക്കും സ്വജനപക്ഷപാതത്തിനും വേണ്ടി ഖജനാവിലെ പണം ഉപയോഗിച്ച് നിയമപോരാട്ടം നടത്തി വീണ്ടും വീണ്ടും നാണംകെടുന്ന ഇടത് സർക്കാർ കേരളത്തിന് അപമാനമാണ്. യു.ജി.സി മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള സർക്കാരിന്റെ ശിപാർശകൾ ഗവർണർ തള്ളിയത് കോടതി ശരിവെച്ചത് സർക്കാരിന്റെ എല്ലാ വാദങ്ങളും തള്ളുന്നതിന് തുല്ല്യമാണ്. കെ.ടി.യു താൽകാലിക വിസി ഡോ. സിസ തോമസിനെ പ്രവർത്തിക്കാൻ അനുവദിക്കാത്ത സി.പി.എം ഫാഷിസം അവസാനിപ്പിക്കണമെന്നതാണ് കോടതിയുടെ മറ്റൊരു ശ്രദ്ധേയമായ നിർദേശമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
സാങ്കേതിക സർവകലാശാല വി.സി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാനം സമർപ്പിച്ച പുനഃപരിശോധന ഹരജി പിൻവലിക്കാൻ സർക്കാർ തയാറാകണം. ജനങ്ങളുടെ നികുതി പണം സി.പി.എമ്മിന് ബന്ധു നിയമനങ്ങൾ നടത്താൻ നിയമ പോരാട്ടം നടത്താനുള്ളതല്ലെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.