കെ.ടി.യു വി.സി ചുമതല: ഗവർണർക്ക് സർക്കാറിന്റെ പുതിയ ശിപാർശ
text_fieldsതിരുവനന്തപുരം: എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല (കെ.ടി.യു) വി.സിയുടെ ചുമതല ഡിജിറ്റൽ സർവകലാശാല വി.സി ഡോ. സജി ഗോപിനാഥിന് നൽകാനുള്ള ശിപാർശ ഗവർണർ തള്ളിയതോടെ, ചുമതല ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറാൻ സർക്കാർ ശിപാർശ. ഇതുസംബന്ധിച്ച കത്ത് ശനിയാഴ്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് രാജ്ഭവന് കൈമാറി. എന്നാൽ ഗവർണർ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.
സാങ്കേതിക സർവകലാശാല വി.സി ഡോ.എം.എസ്. രാജശ്രീയുടെ നിയമനം യു.ജി.സി ചട്ടങ്ങൾ പാലിച്ചില്ലെന്ന് കണ്ട് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. എന്നാൽ പകരം മറ്റാർക്കും വി.സിയുടെ ചുമതല നൽകിയിട്ടില്ല. സർവകലാശാല നിയമപ്രകാരം മറ്റേതെങ്കിലും സർവകലാശാല വി.സിക്കോ പി.വി.സിക്കോ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കോ ചുമതല നൽകാം. തുടർന്നാണ് ഡിജിറ്റൽ സർവകലാശാല വി.സി ഡോ. സജി ഗോപിനാഥിന് സാങ്കേതിക സർവകലാശാല വി.സിയുടെ ചുമതല നൽകാൻ സർക്കാർ ഗവർണർക്ക് ശിപാർശ നൽകിയത്.
എന്നാൽ ഇതിന് പിന്നാലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഡിജിറ്റൽ സർവകലാശാല വി.സിക്കും ഗവർണർ കാരണംകാണിക്കൽ നോട്ടീസ് നൽകുകയും സർക്കാർ ശിപാർശ തള്ളുകയും ചെയ്തു. ഇതോടെയാണ് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയിക്ക് വി.സിയുടെ ചുമതല നൽകാൻ സർക്കാർ പുതിയ ശിപാർശ സമർപ്പിച്ചത്. ഇക്കാര്യത്തിൽ രാജ്ഭവൻ സ്വീകരിക്കുന്ന നിലപാട് നിർണായകമായിരിക്കും. വി.സിയില്ലാത്തതിനാൽ സർവകലാശാലയിൽ നിന്ന് വിദ്യാർഥികൾക്ക് ലഭിക്കേണ്ട ബിരുദ സർട്ടിഫിക്കറ്റ് പോലും നൽകാനാവുന്നില്ല.
വി.സി ചുമതല ഒഴിയുന്നതിനൊപ്പം പി.വി.സിയുടെയും കാലാവധി തീരും എന്നാണ് യു.ജി.സി ചട്ടം. സാങ്കേതിക സർവകലാശാലയിൽ വി.സിയുടെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് നിയമനം സുപ്രീംകോടതി റദ്ദാക്കിയതിനാൽ യു.ജി.സിയുടെ ചട്ടം ബാധകമല്ലെന്ന നിലയിൽ പി.വി.സി ഡോ. എസ്. അയൂബ് ചുമതലയിൽ തുടരുകയാണ്. നേരേത്ത സാങ്കേതിക സർവകലാശാലയുടെ ആദ്യ വി.സി ഡോ. കുഞ്ചെറിയ പി. ഐസക് പദവി രാജിവെച്ചപ്പോൾ പി.വി.സി സ്ഥാനത്ത് തുടർന്ന ഡോ.എം. അബ്ദുറഹിമാനെ അന്നത്തെ ഗവർണർ റിട്ട. ജസ്റ്റിസ് പി. സദാശിവം പദവിയിൽ നിന്ന് നീക്കിയിരുന്നു. എന്നാൽ ഗവർണറുടെ നടപടി ഹൈകോടതി റദ്ദാക്കുകയും യു.ജി.സി ചട്ടം, വി.സി കാലാവധി പൂർത്തിയാക്കുന്ന സന്ദർഭത്തിൽ മാത്രമേ പി.വി.സിക്ക് ബാധകമാകൂ എന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. യു.ജി.സി ചട്ടപ്രകാരം പി.വി.സി നിയമനാധികാരം ചാൻസലറായ ഗവർണർക്കല്ല. വി.സിയുടെ ശിപാർശയിൽ സർവകലാശാല എക്സിക്യൂട്ടിവ് കൗൺസിലാണ് പി.വി.സി നിയമനം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.