കെ.ടി.യു വി.സി: സർക്കാർ ഹരജിയിൽ ഇന്ന് വിധി
text_fieldsകൊച്ചി: എ.പി.ജെ അബ്ദുൽ കലാം ടെക്നിക്കൽ സർവകലാശാല (കേരള സാങ്കേതിക സർവകലാശാല -കെ.ടി.യു) വൈസ് ചാൻസലറായി ഡോ. സിസ തോമസിനെ നിയമിച്ചത് ചോദ്യം ചെയ്യുന്ന സർക്കാർ ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി. കക്ഷികളുടെ വാദം പൂർത്തിയാക്കിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൊവ്വാഴ്ച ഉച്ചക്കുശേഷം വിധി പറയാൻ മാറ്റിയത്. ഡോ. സിസ തോമസിനെ സർവകലാശാല ചട്ടം ലംഘിച്ച് സർക്കാറിന്റെ ശിപാർശ ഇല്ലാതെ ചാൻസലർ ഏകപക്ഷീയമായി നിയമിച്ചെന്ന് ആരോപിച്ചാണ് ഹരജി. ചാൻസലർകൂടിയായ ഗവർണർക്കെതിരായ ഹരജി നിലനിൽക്കില്ലെന്ന വാദം നേരത്തേ തള്ളിയ കോടതി, വാദം തുടരുകയായിരുന്നു.
വി.സിയുടെ താൽക്കാലിക ചുമതല ഡോ. സിസ തോമസിന് നൽകിയത് യു.ജി.സി മാനദണ്ഡങ്ങൾ പാലിച്ചാണെന്നും ചാൻസലറെന്ന നിലയിൽ താനെടുത്ത തീരുമാനം സർക്കാറിന് ചോദ്യം ചെയ്യാനാവില്ലെന്നുമുള്ള വാദം ഗവർണർ തിങ്കളാഴ്ച ആവർത്തിച്ചു. എന്നാൽ, സർക്കാറിന്റെ ശിപാർശയുടെ അടിസ്ഥാനത്തിൽ മാത്രമേ ഇതിൽ ചാൻസലർക്ക് തീരുമാനമെടുക്കാനാവൂവെന്നായിരുന്നു സർക്കാർ വാദം. ചാൻസലറുടെ നടപടികൾ നിയമ പ്രകാരമല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാനാവും. ഡിജിറ്റൽ സർവകലാശാല വി.സി, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരുടെ പേരുകൾ ശിപാർശ ചെയ്തെങ്കിലും രണ്ടും തള്ളി. സർക്കാറിന്റെ ശിപാർശ മറികടന്ന് സ്വന്തം നിലക്ക് തീരുമാനമെടുക്കാൻ ചാൻസലർക്ക് കഴിയില്ല. ഡോ. സിസ സീനിയോറിറ്റിയിൽ പത്താം സ്ഥാനത്താണെന്നും സർക്കാർ വ്യക്തമാക്കി.
ഡിജിറ്റൽ സർവകലാശാല വി.സിയുടെ നിയമനവും സംശയ നിഴലിലായതിനാലാണ് ചുമതല നൽകാതിരുന്നതെന്നായിരുന്നു ചാൻസലറുടെ വാദം. സീനിയോറിറ്റി അനുസരിച്ച് നാലാം സ്ഥാനത്തുള്ള ഡോ. സിസ തിരുവനന്തപുരത്ത് ജോലി ചെയ്യുന്നതിനാലാണ് സദുദ്ദേശ്യത്തോടെ ഇവർക്ക് പരിഗണന നൽകിയത്. താൽക്കാലിക നിയമനത്തിന് സീനിയോറിറ്റി നോക്കേണ്ടതില്ലെന്നും അഭിപ്രായപ്പെട്ടു.
തനിക്ക് യോഗ്യതയില്ലെന്ന സർക്കാർ നിലപാട് ശരിയല്ലെന്നും എയ്ഡഡ് കോളജ് അധ്യാപകനായിരുന്നയാളാണ് പി.വി.സിയായി ഇരിക്കുന്നതെന്നും ഡോ. സിസ തോമസ് വ്യക്തമാക്കി. സാങ്കേതിക സർവകലാശാലയിൽ യോഗ്യതയുള്ള പ്രഫസർമാരില്ലാത്തതിനാലാണ് തന്നെ നിയമിച്ചത്. വി.സിയുടെ താൽക്കാലിക ചുമതല നൽകാനാണെങ്കിലും യോഗ്യത പരിഗണിക്കണമെന്ന വാദമാണ് യു.ജി.സി ഉന്നയിച്ചത്.
പത്തു വർഷം പ്രഫസറായിരിക്കണമെന്ന വ്യവസ്ഥ ഇതിലും ബാധകമാണ്. പി.വി.സിക്ക് സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്താനാവില്ലെന്നും യു.ജി.സി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.