ബി.ടെക് പാഠ്യപദ്ധതിയിൽ വൻമാറ്റവുമായി കെ.ടി.യു; വരാനിരിക്കുന്ന സെമസ്റ്റർ നേരത്തേ പൂർത്തിയാക്കാം
text_fieldsതിരുവനന്തപുരം: വരാനിരിക്കുന്ന സെമസ്റ്ററുകളിലെ കോഴ്സുകൾ നേരത്തേ പൂർത്തിയാക്കാനുള്ള അവസരമൊരുക്കുന്ന ചലഞ്ച് കോഴ്സ് ഉൾപ്പെടെയുള്ള വൈവിധ്യങ്ങളോടെ സംസ്ഥാനത്തെ എൻജിനീയറിങ് കോളജുകളിലെ പാഠ്യപദ്ധതി സാങ്കേതിക സർവകലാശാല (കെ.ടി.യു) പരിഷ്കരിച്ചു. ഈ വർഷം മുതൽ നടപ്പാക്കുന്ന പരിഷ്കരിച്ച പാഠ്യപദ്ധതിയുടെ പ്രഖ്യാപനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു നിർവഹിച്ചു.
പ്രോജക്ട് അധിഷ്ഠിത പഠനം, വ്യവസായിക സഹകരണം, ഇന്‍റേൺഷിപ് എന്നിവയും പുതിയ പാഠ്യപദ്ധതിയിൽ പ്രത്യേകതകളാണ്. ‘ചലഞ്ച് കോഴ്സുകൾ’ ഏർപ്പെടുത്തിയാണ് വിദ്യാർഥികൾക്ക് നിശ്ചയിച്ചതിലും മുമ്പ് വരാനിരിക്കുന്ന സെമസ്റ്ററുകളിലെ കോഴ്സ് നേരത്തേ പൂർത്തിയാക്കാനുള്ള സൗകര്യമൊരുക്കിയത്. ഉദാഹരണത്തിന് ബി.ടെക് ഏഴ്, എട്ട് സെമസ്റ്ററുകളിലെ കോഴ്സുകൾ വിദ്യാർഥികൾക്ക് അതിനു മുമ്പുള്ള സെമസ്റ്ററുകളിൽതന്നെ പൂർത്തിയാക്കാൻ വഴിയൊരുങ്ങും. ഇങ്ങനെ ബി.ടെക് പൂർത്തിയാക്കാൻ ആവശ്യമായ 170 ക്രെഡിറ്റുകൾ ചലഞ്ച് കോഴ്‌സുകളിലൂടെ നേടുന്ന വിദ്യാർഥിക്ക് അവസാന രണ്ട് സെമസ്റ്ററുകളിൽ ഒന്ന് ഇന്റേൺഷിപ്പിനായി ഉപയോഗിക്കാനാകുമെന്നും സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് പറഞ്ഞു.
ബന്ധപ്പെട്ട കോഴ്സുകളിലെ അധ്യയനത്തിന് മുമ്പുതന്നെ അക്കാദമിക് ക്രെഡിറ്റുകൾ നേടുന്നതിന് വിദ്യാർഥികളെ സഹായിക്കുന്നതാണ് പരിഷ്കാരം. ചലഞ്ച് കോഴ്‌സുകളായി തെരഞ്ഞെടുത്തു പഠിക്കാവുന്ന വിഷയങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ക്ലാസ് റൂം പഠനത്തിന് പകരം പ്രോജക്ടുകളിലൂടെയുള്ള പഠനം പ്രോത്സാഹിപ്പിക്കുന്നതാണ് പാഠ്യപദ്ധതിയുടെ മറ്റൊരു പ്രത്യേകത. എല്ലാ എൻജിനീയറിങ് പഠനശാഖകളിലും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസും ഡേറ്റാ സയൻസും ഉൾപ്പെടുത്തിയിട്ടുമുണ്ട്. ഏഴ്, എട്ട് സെമസ്റ്ററുകളിൽ ആറു മാസത്തെ ഇന്‍റേൺഷിപ്പിന് അവസരം ലഭിക്കും.
നാലു മുതൽ ആറു മാസം വരെ കുട്ടികൾക്ക് തെരഞ്ഞെടുത്ത സ്ഥാപനങ്ങളിൽ ഇന്റേൺഷിപ് ചെയ്യാം. സംരംഭകത്വത്തിൽ താൽപര്യമുള്ള വിദ്യാർഥികൾക്ക് അത് ‘മൈനർ’ വിഷയമായി എടുത്തുപഠിക്കാനുള്ള അവസരവുമുണ്ടാകും. ബൗദ്ധിക സ്വത്തവകാശത്തിലുള്ള കോഴ്സും ബി.ടെക്കിന്‍റെ ഭാഗമാക്കി. എല്ലാ എൻജിനീയറിങ് കോഴ്സുകളിലും ഫിസിക്സ്, കെമിസ്ട്രി, മാത്‍സ് എന്നീ അടിസ്ഥാന ശാസ്ത്രവിഷയങ്ങൾ ഒരേ സിലബസിൽ പഠിപ്പിച്ചിരുന്ന രീതിയിലും മാറ്റം വരുത്തിയിട്ടുണ്ട്.
വിദ്യാർഥികൾ തെരഞ്ഞെടുക്കുന്ന കോഴ്സിലെ പ്രസക്തി അനുസരിച്ചായിരിക്കും ഇവ പഠിപ്പിക്കുക. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ.പി.ആർ. ഷാലിജ്, സിൻഡിക്കേറ്റംഗങ്ങളായ ഡോ.ജി. സഞ്ജീവ്, ഡോ. വിനോദ് കുമാർ ജേക്കബ്, അക്കാദമിക് ഡീൻ ഡോ. വിനു തോമസ്, അക്കാദമിക് ഡയറക്ടർ ഡോ. ലിബീഷ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.