കോടികളുടെ വികസനമെന്ന് പ്രഫ. കെ.യു. അരുണന്; ഇരിങ്ങാലക്കുടക്ക് നഷ്ടമായത് അഞ്ചു വർഷമെന്ന് തോമസ് ഉണ്ണിയാടന്
text_fieldsപ്രഫ. കെ.യു. അരുണന് എം.എല്‍.എ
- ഇരിങ്ങാലക്കുട സ്പെഷൽ സബ് ജയിൽ നിർമാണത്തിന് എട്ട് കോടി
- നടവരമ്പ് സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിൽ ഉയർത്തുന്നതടക്കം വിവിധ സ്കൂളുകളുെട നവീകരണം 13.20 കോടി
- ജുഡീഷ്യൽ കോർട്ട് കോംപ്ലക്സ് കെട്ടിടത്തിന് 29.25 കോടി
- തൃശൂർ റൂറൽ ജില്ല പൊലീസ് ആസ്ഥാന കെട്ടിടം മൂന്നു കോടി
- ഇരിങ്ങാലക്കുട ഗവ. ആയുർവേദ ആശുപത്രി 3.5 കോടി
- പാലങ്ങൾക്കും റോഡുകൾക്കും 47.69 കോടി
- കല്ലേറ്റുംകര ടൗൺ വികസനം 3.5 കോടി
- ഇരിങ്ങാലക്കുടയിൽ മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം നിർമാണം 10 കോടി, തളിയക്കോണം സ്റ്റേഡിയം നിർമാണം ഒരു കോടി
- കണ്ണിക്കര- വെങ്കുളം ചിറ കനാൽ സംരക്ഷണം ഒരു കോടി
- ഇരിങ്ങാലക്കുട കുടുംബശ്രീ ഹൈപ്പർ മാർക്കറ്റ് എട്ടു കോടി
- ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രി കെട്ടിടം രണ്ടാം ഘട്ട നിർമാണം 12 കോടി
- കല്ലേറ്റുംകര എൻ.ഐ.പി.എം.ആറിൽ ഒക്യുപ്പേഷണൽ തെറാപ്പി കോളജ് കെട്ടിടം 10 കോടി
- ആളൂർ പൊലീസ് സ്റ്റേഷൻ കെട്ടിട നിർമാണം അഞ്ച് കോടി
- ഇരിങ്ങാലക്കുടയിൽ മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം നിർമാണം 10 കോടി
തോമസ് ഉണ്ണിയാടന് -മുന്‍ എം.എല്‍.എ
- ഇരിങ്ങാലക്കുടക്ക് നഷ്ടമായ അഞ്ചു വർഷം
- യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് ആരംഭിച്ചതോ നടപടിക്രമങ്ങൾ പൂർത്തീകരിച്ചതോ അല്ലാത്ത ഒരു പുതിയ പദ്ധതിപോലും നടപ്പാക്കാനായില്ല
- നടപടിക്രമങ്ങൾ പൂർത്തിയായ പല പദ്ധതികളും കൃത്യമായ ഇടപെടൽ ഇല്ലാത്തതിനെ തുടർന്ന് നഷ്ടപ്പെട്ടു
- ഠാണാ-ചന്തക്കുന്ന് വികസനത്തിനനുവദിച്ച കോടിക്കണക്കിനു രൂപയും നഷ്ടപ്പെടുത്തി.
- ഓപ്പറേഷൻ സെൻററായിരുന്ന കെ.എസ്.ആർ.ടി.സിയെ മുൻ സർക്കാർ സബ് ഡിപ്പോയാക്കി ഉയർത്തിയെങ്കിലും തുടർ നടപടികളില്ലാതായതോടെ ബസുകളും തസ്തികകളും നഷ്ടമായി
- ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ നേട്ടങ്ങൾ തുടരാനായില്ല
- കോർട് കോംപ്ലക്സ് നിർമാണം ഒച്ചിഴയും പോലെ
- പദ്ധതികൾക്കാവശ്യമായ എസ്റ്റിമേറ്റ് തുകയെ അനുവദിച്ചുവെന്ന തരത്തിൽ വ്യാഖ്യാനിച്ച് ജനങ്ങളെ കബളിപ്പിക്കുന്നു
- കഴിഞ്ഞ യു.ഡി.എഫ് സർക്കാർ യാഥാർഥ്യമാക്കിയ ആളൂർ പൊലീസ് സ്റ്റേഷൻ അടച്ചുപൂട്ടാനാണ് ഈ സർക്കാർ ശ്രമിച്ചത്. ഹൈകോടതി ഇടപെട്ടതിനെ തുടർന്നാണ് സ്റ്റേഷൻ പ്രവർത്തനം തുടർന്നത്.
ഞങ്ങൾക്കും പറയാനുണ്ട്
ഉണ്ണികൃഷ്ണന് കിഴുത്താനി -സാമൂഹിക-സാംസ്കാരിക പ്രവർത്തകൻ, എഴുത്തുകാരന്
ഇരിങ്ങാലക്കുടയിൽ പറയത്തക്ക വികസനമൊന്നും വന്നില്ല. റോഡുകളുടെ പാപ്പരത്തം കൊണ്ട് വികസന മുരടിപ്പാണ് അനുഭവപ്പെടുന്നത്. ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയത്തോട് മുന്‍കാല സമീപനം തന്നെ.
അധ്യാപകര്‍ക്ക് ശമ്പളം പോലും ലഭിക്കുന്നില്ല. മാടായികോണം കോന്തിപുലം പാടശേഖരത്തിലെ താൽക്കാലിക തടയണ തകര്‍ന്ന്് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം. താൽക്കാലിക തടയണക്ക് പകരം സ്ഥിരം സംവിധാനം ആവശ്യം. ഇരിങ്ങാലക്കുട സർക്കാര്‍ സ്കൂളുകള്‍ ഹൈടെക്കാക്കി ഉയര്‍ത്തിയത് വികസനത്തിെൻറ വിതാനം വർധിപ്പിച്ചു.
അലക്സ് ജോസ് -ബി.ടെക് ബിരുദധാരി
ഇരിങ്ങാലക്കുടയിൽ ഐ.ടി പാർക്കെന്ന സ്വപ്നം മരീചികയായി തുടരുന്നു. എം.എൽ.എയുടെ പ്രകടനപത്രികയിൽ യുവാക്കൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വാഗ്ദാനമായിരുന്നു അത്. ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങളുടെ സഹകരണത്തോടെ യുവജനങ്ങൾക്ക് തൊഴിൽ പരിശീലനമെന്ന വാഗ്ദാനവും പാഴ്വാക്കായി.
അത്ലറ്റിക് ആൻഡ് ഗെയിംസ് വിേല്ലജ് എന്ന വാഗ്ദാനവും സ്വപ്നമായി നിൽക്കുന്നു. എല്ലാ പഞ്ചായത്തുകളിലും സ്വന്തം കളിസ്ഥലവും അങ്ങനെ തന്നെ. മണ്ഡലത്തിലെ പ്രധാനകേന്ദ്രങ്ങളിൽ വൈ ഫൈ ഹോട്ട് സ്പോട്ടുകളും വെറും വാക്കായി. യുവജനങ്ങൾ ഏറെ പ്രതീക്ഷയോടെയാണ് കഴിഞ്ഞ അഞ്ചു വർഷവും കാത്തിരുന്നതെങ്കിലും കാലാവധി പൂർത്തിയാകുമ്പോൾ പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ പത്രികയിൽ മാത്രം ഒതുങ്ങിയ അവസ്ഥയാണ്. യുവാക്കൾ ഏറെ പ്രതിഷേധത്തിലും നിരാശയിലുമാണ്.
ദീപ ആൻറണി -പ്രധാനാധ്യാപിക, എസ്.എൻ.ജി.യു.പി.എസ് എടക്കുളം
മണ്ഡലത്തിൽ വലിയ വികസന മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ചു. വിദ്യാഭ്യാസ- ആരോഗ്യ മേഖലകളിലും ഇതര മേഖലകളിലും വിപ്ലവകരമായ മാറ്റങ്ങളുണ്ടായി.
ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ വികസന പ്രവർത്തനങ്ങൾ, കാട്ടൂർ, പൂമംഗലം ആനന്ദപുരം, ആളൂർ എന്നിവിടങ്ങളിലെ പ്രൈമറി ഹെൽത്ത് സെൻററുകൾ കമ്യൂണിറ്റി ഹെൽത്ത് സെൻററുകളാക്കിയും മറ്റ് മിനി പ്രൈമറി ഹെൽത്ത് സെൻററുകളെല്ലാം ഫാമിലി ഹെൽത്ത് സെൻററുകളാക്കിയും ആരോഗ്യരംഗത്ത് മുന്നേറാനായി.
അടിസ്ഥാന വികസന രംഗത്ത് മുമ്പില്ലാത്ത മാറ്റങ്ങൾ കാണാം. കല്ലേറ്റുംകരയിലെ നിപ്മർ എന്ന സ്ഥാപനം ദേശീയ തലത്തിൽതന്നെ ശ്രദ്ധിക്കപ്പെടുന്നതാക്കി മാറ്റി. കിംഫ്രയുടെ വ്യവസായ പാർക്കിന് ആളൂരിൽ സ്ഥലം കണ്ടെത്തി. ഹെക്ടർ കണക്കിന് തരിശു ഭൂമികളിൽ നല്ല രീതിയിൽ കൃഷിയിറക്കാൻ സാധിച്ചിട്ടുണ്ട്.
എ.സി. സുരേഷ് -കേരള സിറ്റിസണ്‍ ഫോറം വൈസ് പ്രസിഡൻറ്
മണ്ഡലത്തില്‍ കാര്യമായ വികസനങ്ങള്‍ ഒന്നും നടന്നിട്ടില്ല. കെ.എല്‍.ഡി.സി കനാല്‍, ചന്തക്കുന്ന്-ഠാണാ വീതികൂട്ടല്‍ തുടങ്ങും എന്നു പറയുന്നു. ഒന്നും ഇതുവരെ ആയിട്ടില്ല.
ഇരിങ്ങാലക്കുട ബൈപാസ് റോഡ് വികസനം തുടങ്ങിയിട്ടില്ല. റോഡ് നിർമാണം പൂര്‍ത്തീകരിച്ച് ഇരുഭാഗങ്ങളിലും മരങ്ങള്‍ വെച്ചുപിടിപ്പിച്ച് ലൈറ്റുകള്‍ സ്ഥാപിച്ച് ബൈപാസ് റോഡ് ശരിയാക്കണം. ശുദ്ധജല വിതരണ പദ്ധതി നടപ്പാക്കിയിട്ടില്ല. നന്തി പാലം പുതുക്കിപ്പണിയണം. ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം കലാമണ്ഡലം ഏറ്റെടുത്ത് രക്ഷപ്പെടുത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.