കുടയത്തൂർ ഉരുൾപൊട്ടൽ: കരൾ പിളർക്കും കാഴ്ചയുടെ സംഗമഭൂമി
text_fieldsതൊടുപുഴ: നാടിനെ നടുക്കിയ ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ വേദനയിൽ കുടയത്തൂർ ഗ്രാമം. സംഗമം ജങ്ഷന് മുകൾഭാഗത്ത് ഉരുൾപൊട്ടി ഒരു കുടുംബത്തിലെ അഞ്ചുപേർ ഒലിച്ചുപോയെന്ന വാർത്ത കേട്ടാണ് തിങ്കളാഴ്ച നാടുണർന്നത്.
എന്നും കണ്ടുകൊണ്ടിരുന്ന അഞ്ചുപേരുടെ മുഖങ്ങൾ ഇനി ഇല്ല എന്ന വേദന ഉള്ളിലൊതുക്കാൻ പ്രയാസപ്പെടുമ്പോൾതന്നെ അയൽവാസികളുടെ മുഖത്ത് ഉരുൾ ബാക്കിവെച്ച ദുരന്തത്തിന്‍റെ നിസ്സഹായത നിഴലിച്ച് കാണാം.
വീടിന് ചുറ്റും മൂടിയ മണ്ണിനടിയിൽനിന്ന് ഓരോ ശരീരവും പുറത്ത് എടുക്കുമ്പോൾ ജീവൻ കാണണേ എന്ന് ഏവരും ആഗ്രഹിച്ചെങ്കിലും കലിതുള്ളി എത്തിയ ഉരുൾ, സോമന്‍റെ കുടുംബത്തിലെ ആരെയും ബാക്കിവെച്ചില്ലെന്ന യാഥാർഥ്യം പിന്നീട് ഓരോരുത്തരായി ഉൾക്കൊണ്ടു. ചെറിയൊരു നീർച്ചാലായി ഒഴുകിയിരുന്ന തോടിന് ഇപ്പോൾ രൗദ്രഭാവമാണ്. ഉരുളിന്‍റെ ഭാഗമായി രൂപപ്പെട്ട നീർച്ചാൽ കോളനി റോഡിലൂടെ കുടയത്തൂർ സംഗമം ജങ്ഷനിലേക്ക് കുത്തിയൊലിച്ചുകൊണ്ടിരിക്കുന്നു.
സോമന്‍റെ വീടിരുന്ന സ്ഥലത്ത് ഒരു മൺകൂന മാത്രമാണ് ഇപ്പോഴുള്ളത്. വീടിന്‍റെ തറയും വാർക്കയും മറ്റ് അവശിഷ്ടങ്ങളും വീട്ടുപകരണങ്ങളുമൊക്കെ മണ്ണിന് മുകളിലും ദൂരെയുമായി ചിതറിക്കിടപ്പുണ്ട്. ഇവിടെനിന്ന് നോക്കുമ്പോൾ കാണാം, മുകളിലെ മലയിൽനിന്ന് കലിതുള്ളി എത്തിയ ഉരുളിന്‍റെ വഴി.
പ്രദേശമാകെ ചളിയിൽ മൂടിയിരിക്കുകയാണ്. പ്രദേശത്തെ വീടിനുമുകളിലും റോഡിന്‍റെ ഇരുവശത്തുമായി കൂറ്റൻ പാറക്കല്ലുകൾ അങ്ങിങ്ങായി കിടക്കുന്നു. ഉരുൾ വഴിമാറി ഒഴുകിയതാണ് പല കുടുംബങ്ങളെയും രക്ഷപ്പെടുത്തിയതെങ്കിലും പല വീടുകളും ഭീഷണിയിലാണ്.
പലരുടെയും വീട്ടുമുറ്റത്ത് അടക്കം ചളി മൂടി. താഴ്ഭാഗത്തെ കോളനിയുടെ മുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളും മണ്ണ് മൂടിയ നിലയിലാണ്. മലവെള്ളപ്പാച്ചിൽ ഉണ്ടാകാനുള്ള സാധ്യത മുന്നിൽക്കണ്ട് ഈ ഭാഗത്തുനിന്ന് ആളുകളെ താൽക്കാലികമായി മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. എക്സ്കവേറ്റർ ഉപയോഗിച്ച് മണ്ണ് നീക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും മണ്ണ് അടർന്ന് മാറുന്നത് ആശങ്കക്കിടയാക്കുന്നു. കൈയിൽ കിട്ടിയ സാധനങ്ങളുമെടുത്താണ് പലരും വീടുകളിൽനിന്ന് മാറിയത്.
പ്രദേശത്ത് മഴ തുടരുന്നതും ഒഴുകിയെത്തിയ പാറക്കല്ലും മണ്ണുമടക്കം മരങ്ങളിലും മറ്റും തട്ടി നിൽക്കുന്നതും ആശങ്ക സൃഷ്ടിക്കുന്നു.
ഏതുനിമിഷവും താഴേക്ക് പതിക്കാവുന്ന രീതിയിലാണ് ഇവ അടിഞ്ഞുകൂടിയത്. ഇത് വീണ്ടും അപകടമുണ്ടാക്കുമോ എന്ന ആശങ്കയും മാളിയേക്കൽ കോളനി നിവാസികൾക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.