കുടിയാൻ പട്ടയം: അനാവശ്യ വാദങ്ങളുമായി റവന്യൂവകുപ്പ്
text_fieldsകൊച്ചി: കുടിയാൻ പട്ടയത്തിന്റെ കാര്യത്തിൽ റവന്യൂ വകുപ്പ് ഉയർത്തുന്നത് അനാവശ്യ വാദങ്ങളെന്ന് വിമർശനം. കുടിയാൻ പട്ടയംവഴി സംസ്ഥാനത്ത് ആയിരക്കണക്കിന് ഏക്കർ സ്വന്തമാക്കിയത് വിദേശ കമ്പനികളാണ്. അവർക്ക് നിയമപരമായി അതിന് അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടുന്നതിന് പകരം ഇപ്പോൾ ഉന്നയിക്കുന്ന വാദങ്ങൾ അനാവശ്യ നൂലാമാലകൾ സൃഷ്ടിക്കലാണെന്നാണ് വിമർശനമുയരുന്നത്. റവന്യൂ വകുപ്പ് സ്പെഷൽ ഓഫിസർ ഡോ. എ. കൗഷികനാണ് പുതിയ വ്യവസ്ഥകൾ തയാറാക്കി കുടിയാൻ പട്ടയ ഭൂമികൾ കണ്ടെത്തി വീണ്ടെടുക്കാൻ കലക്ടർമാർക്ക് നൽകിയത്. ഈ വ്യവസ്ഥകൾ റവന്യൂവകുപ്പിന് തിരിച്ചടിയാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
1980ലെ കേരള ലീസസ് ആൻഡ് ഗ്രാന്റ്സ് (മോഡിഫിക്കേഷൻ ഓഫ് റൈറ്റ്സ്) ആക്ടും 1990ലെ റൂളും പ്രകാരം സർക്കാർ നൽകിയിരുന്ന (വിദേശ കമ്പനികൾക്കും സ്വദേശികൾക്കും) എല്ലാ പാട്ടങ്ങളിലും ഗ്രാന്റുകളിലും ഉൾപെട്ട ഭൂമിക്ക് മൊത്തം കാർഷിക വരുമാനത്തിന്റെ 75 ശതമാനം പാട്ടമായി നിശ്ചയിച്ച് നിലവിലെ അവകാശം പരിഷ്കരിച്ച് നൽകാമെന്ന് സ്പെഷൽ ഓഫിസറുടെ കുറിപ്പിലുണ്ട്. കാർഷിക വരുമാനത്തിന്റെ 75 ശതമാനം പാട്ടമായി അടച്ചാൽ വിദേശ കമ്പനികളുടെ കൈവശ ഭൂമി നിയമസാധുത ഉണ്ടാകുന്നതെങ്ങനെയെന്ന ചോദ്യമുയരുന്നു. തോട്ടഭൂമിയിൽ സീലിങ് പരിധിയായ 15 ഏക്കറിൽ കൂടുതൽ ഉണ്ടെങ്കിൽ അത് സർക്കാറിൽ നിഷിപ്തമാക്കണമെന്ന് സെക്ഷൻ 85(3) അനുശാസിക്കുന്നുവെന്ന് സ്പെഷൽ ഓഫിസറുടെ കുറിപ്പിൽ പറയുന്നു.
കമ്പനികളുടെ ആധാരങ്ങളിലെ തട്ടിപ്പ്, ഫെറ നിയമ ലംഘനം, റിസർവ് ബാങ്കിന്റെ അനുമതി വാങ്ങൽ, കമ്പനികളുടെ ഷെയർ തട്ടിപ്പുകൾ, ഇന്ത്യൻ കമ്പനിയായി രജിസ്റ്റർ ചെയ്ത തീയതി, പട്ടയങ്ങളിലെ തീയതി തുടങ്ങിയ മുൻ വാദങ്ങളിൽനിന്ന് പിന്നോട്ട് പോകുന്നതാണ് ഇപ്പോൾ കുടിയാൻ പട്ടയങ്ങളുടെ പേരിൽ ഉന്നയിക്കുന്ന വാദങ്ങളെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഭൂപരിഷ്കരണ നിയമത്തിലെ കുടിയാൻ എന്ന നിർവചനത്തിൽ കമ്പനികൾ ഉൾപ്പെടുന്നില്ലെന്ന് റവന്യൂ വകുപ്പിന്റെ പ്ലീഡർ ആയിരുന്ന സുശീല ആർ. ഭട്ട് ചൂണ്ടിക്കാട്ടുന്നു. കൃഷി ചെയ്യുന്ന വ്യക്തികൾ മാത്രമാണ് ഉൾപ്പെടുന്നത്. കുടിയാൻ ആകണമെങ്കിൽ ആ വ്യക്തി ആ ഭൂമിയിൽ വിയർപ്പൊഴുക്കി പണിയെടുക്കുന്ന ആളാകണം. വ്യക്തികളായാൽപോലും 15 ഏക്കർ കുടിയാന് നൽകാനും പറ്റില്ല. റവന്യൂ വകുപ്പ് ഇപ്പോൾ ഉന്നയിക്കുന്ന വാദങ്ങൾക്ക് നിയമവകുപ്പിന്റെ അംഗീകാരമുണ്ടോ എന്ന് അന്വേഷിക്കേണ്ടതാണെന്നും സുശീല ആർ. ഭട്ട് മാധ്യമത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.