വെടിയുണ്ടകൾക്ക് മുന്നിലും പതറാത്ത ആലുവ സ്ക്വാഡിന് ആദരവ്
text_fieldsആലുവ: വെടിയുണ്ടകൾക്ക് മുന്നിലും പതറാതെ കേരള പൊലീസിന്റെ അഭിമാനംകാത്ത ആലുവ സ്ക്വാഡിന് ആദരവ്. രാജസ്ഥാനിലെ അജ്മീറിൽനിന്ന് സാഹസികമായി മോഷ്ടാക്കളെ പിടികൂടിയ അന്വേഷണ സംഘത്തിനാണ് റൂറൽ ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന അഭിനന്ദനക്കത്ത് നൽകിയത്.
അസാമാന്യധൈര്യമാണ് അന്വേഷണ സംഘം പ്രകടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സംഘത്തിന് ഡി.ജി.പിയുടെ കാഷ് അവാർഡ് ഉൾപ്പെടെയുള്ള പുരസ്കാരത്തിന് ശിപാർശ ചെയ്യും. അജ്മീറിൽ അറസ്റ്റ് ചെയ്ത പ്രതികളെ ഉടൻ കേരളത്തിലെത്തിക്കും. എ.എസ്.പി ട്രെയിനി അഞ്ജലി ഭാവന, ഡിവൈ.എസ്.പി എ. പ്രസാദ്, ഇൻസ്പെക്ടർ എം.എം. മഞ്ജു ദാസ് എസ്.ഐ എസ്.എസ്. ശ്രീലാൽ, സി.പി.ഒമാരായ കെ.എം മനോജ്, വി.എ. അഫ്സൽ, മാഹിൻഷാ, മുഹമ്മദ് അമീർ എന്നിവർ അഭിനന്ദനക്കത്ത് ഏറ്റുവാങ്ങി. ആക്രമണത്തിൽ പതറാതെ നിന്നതുകൊണ്ടാണ് പ്രതികളെ കീഴടക്കാൻ സാധിച്ചതെന്ന് സംഘത്തിന് നേതൃത്വം നൽകിയ എസ്.ഐ ശ്രീലാൽ പറഞ്ഞു.
ചൊവ്വാഴ്ച അർധരാത്രി അജ്മീർ ദർഗക്ക് 100 മീറ്റർ മാറിയാണ് സംഭവമുണ്ടായത്. ആലുവ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന കവർച്ചക്കേസുകളിലെ പ്രതികളെ പിടികൂടാൻ പോയ അന്വേഷണ സംഘത്തിന് നേരെ പ്രതികൾ വെടിവെക്കുകയായിരുന്നു. അജ്മീറിലെത്തിയ സംഘത്തിന് രണ്ട് പ്രതികളെ കണ്ടെത്താൻ കഴിഞ്ഞു. ഇവരെ പിടികൂടി വിലങ്ങുവെക്കുന്നതിനിടെ പ്രതികളിലൊരാൾ കൈയിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ഇതിൽ ആലുവ പൊലീസിനൊപ്പമുണ്ടായിരുന്ന അജ്മീർ എ.എസ്.പിക്ക് വെടിയേൽക്കുകയായിരുന്നു. സംഘത്തെ അൻവർ സാദത്ത് എം.എൽ.എ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.