ഇനി കേരള ചിക്കന്റെ കാലം; വരുന്നത് 140 സ്റ്റാളുകൾ
text_fieldsപാലക്കാട്: സുരക്ഷിത ഇറച്ചി മിതമായ നിരക്കിൽ നൽകുകയെന്ന ലക്ഷ്യവുമായി സർക്കാർ പ്രഖ്യാപിച്ച ‘കേരള ചിക്കൻ’ യാഥാർഥ്യത്തിലേക്ക്. പദ്ധതി നടത്തിപ്പിനായി സംസ്ഥാനത്ത് 140 ചിക്കൻ സ്റ്റാളുകളും 1000 കോഴിഫാമുകളുമാണ് ഒരുങ്ങുന്നത്. കോഴി വിതരണക്കാരായ സ്വകാര്യ ഏജൻസികൾ വില കൂട്ടുന്നത് നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതി ജില്ലകളിലെ കുടുംബശ്രീ മിഷനുകളാണ് നടപ്പാക്കുക.
പുതുവത്സരത്തോടനുബന്ധിച്ച് ആദ്യത്തെ ഫാം പ്രവർത്തനമാരംഭിക്കും. വിൽപനക്കായി എല്ലാ ജില്ലകളിലും ചിക്കൻ സ്റ്റാളുകളും കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിക്കും. ഒരു ജില്ലയിൽ 10 സ്റ്റാൾ വീതം140 എണ്ണമാണ് ആദ്യഘട്ടം ആരംഭിക്കുക. ചിക്കൻ ഫാം ആരംഭിക്കാൻ ഒരു ലക്ഷവും സ്റ്റാളുകൾ ആരംഭിക്കാൻ രണ്ട് ലക്ഷം വരെയും വായ്പ അനുവദിക്കും.
ലൈസൻസുള്ള 275 ഫാമുകൾ താൽപര്യം പ്രകടിപ്പിച്ചതായി കുടുംബശ്രീ ഉേദ്യാഗസ്ഥർ പറയുന്നു. തനിച്ചും നാല് പേരടങ്ങിയ ഗ്രൂപ്പുകൾക്കും പദ്ധതിയുടെ ഭാഗമാകാം. ഒറ്റക്കുള്ള നടത്തിപ്പിന് 1000 കോഴിക്കുഞ്ഞുങ്ങളെ വളർത്താനാവശ്യമായ സൗകര്യങ്ങളുള്ള ഫാമാണ് വേണ്ടത്. ഗ്രൂപ്പിൽ ഓരോ വ്യക്തിക്കും 250 കോഴികളെ വീതം വളർത്താൻ ആവശ്യമുള്ള അടിസ്ഥാനസൗകര്യം വേണം.
രണ്ട് ഗ്രൂപ്പുകൾക്കും ഓരോ ലക്ഷം രൂപ കുടുംബശ്രീ നൽകും. നാല് ശതമാനം പലിശയോടെയാണ് തിരിച്ചടക്കേണ്ടത്. തിരിച്ചടവുൾെപ്പടെയുള്ളവ കുടുംബശ്രീ സി.ഡി.എസുമാരുടെ മേൽനോട്ടത്തിലാകും. ഫാമുകളിലേക്കാവശ്യമായ കോഴിക്കുഞ്ഞുങ്ങളെ തൃശൂരിൽ തുടങ്ങിയ ഹാച്ചറിയിൽ നിന്നെത്തിക്കും. തിരുവനന്തപുരത്തും കൊല്ലത്തും സർക്കാർ ഏജൻസിയായ കെപ്കോയുടെ സഹകരണത്തോടെ ഗുണമേന്മയുള്ള സ്വകാര്യ ഹാച്ചറികളിൽ നിന്ന് കോഴിക്കുഞ്ഞുങ്ങളെ ഫാമിലെത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.