ഓർമകളിൽ വീണ്ടും മണിമുഴക്കം; സൗഹൃദക്കൂട്ടിൽ അവരൊന്നിച്ചു
text_fieldsആനക്കര: സമയം രാവിലെ 10 മണി. നീണ്ട ബെല്ലടിച്ചതോടെ യൂനിഫോമും വാട്ടര്‍ ബാഗും പുസ്തകസഞ്ചിയുമായി അവരെത്തി. പഠിച്ചുവളര്‍ന്ന വിദ്യാലയങ്ങളുടെ മാറ്റത്തില്‍ ആദ്യം ഒന്നമ്പരന്നെങ്കിലും പഴയകാല ചങ്ങാതിമാരെ കണ്ടതോടെ സൗഹൃദം പുതുക്കി ഒത്തുകൂടൽ അവിസ്മരണീയ നേട്ടമായി.
‘തിരികെ സ്കൂളി’ലേക്ക് എന്ന സര്‍ക്കാറിന്റെ പദ്ധതിയില്‍ കുമരനെല്ലൂര്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ കുടുംബശ്രീ അംഗങ്ങള്‍ മൂന്ന് ദിവസങ്ങളിലായാണ് വിദ്യാലയത്തിലെത്തിയത്.
ആദ്യരണ്ട് പിരിയഡിന് ശേഷം ഇടവേളയില്‍ പുറത്തിറങ്ങിയപ്പോള്‍ കുപ്പിയില്‍ കരുതിയ വെള്ളം കുടിച്ച് പലരും ദാഹം തീര്‍ത്തു. പലരും ഡോക്ടറുടെ കുറിപ്പടികളിലെ ഔഷധസേവയുടെ സമയനിഷ്ഠ പാലിക്കാനും മറന്നില്ല. അയല്‍ക്കാരും മറ്റും ഒരേ ബഞ്ചില്‍ വിദ്യാർഥികളായപ്പോള് അധ്യാപകന്റെ ശ്രദ്ധയില്‍പെടാതെ പതിവ് കുശലാന്വേഷണവും നടത്തി. ഉച്ചഭക്ഷണത്തിന് ബെല്ലടിച്ചപ്പോള്‍ ചോറ്റുപാത്രവും വെള്ളവുമായി ഇരിപ്പിടത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും മുഖാമുഖവും ഇരുന്ന് ഭക്ഷണം കഴിച്ചു.
ചിലര്‍ തൂശനില വാട്ടിയാണ് പഴയകാലത്തെ പൊതിച്ചോറിന്റെ രുചി പങ്കിട്ടത്. ഇതോടെ പതിവ് ഉച്ചയുറക്കത്തിന്റെ ആലസ്യം പലരേയും അലട്ടി. ചിലര്‍ അല്പനേരം മയങ്ങാനും ഇരിപ്പിടങ്ങളെ ആശ്രയിച്ചു. പിരിയുന്നതിന് മുമ്പ് ഗ്രൂപ്പുകള്‍ തിരിഞ്ഞ് ഫോട്ടോകളെടുക്കാനും മറന്നില്ല. പരിശീലനം ലഭിച്ച അധ്യാപകരും കുടുംബശ്രീ നേതൃനിരയിലുള്ളവരുമായിരുന്നു ക്ലാസുകളെടുത്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.