കുടുംബശ്രീ തൊഴില്‍ സര്‍വേ; രജിസ്റ്റര്‍ ചെയ്തത് 44 ലക്ഷം പേര്
text_fieldsതിരുവനന്തപുരം: നോളജ് ഇക്കോണമി മിഷനിലൂടെ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനായി സംഘടിപ്പിക്കുന്ന 'എന്റെ തൊഴില്‍ എന്റെ അഭിമാനം' കുടുംബശ്രീ സര്‍വേയില്‍ രജിസ്റ്റർ ചെയ്തത് 44 ലക്ഷത്തിലധികം പേര്. ഞായറാഴ്ച വൈകീട്ട് നാലുവരെയുള്ള കണക്കാണിത്. അന്തിമ കണക്കുകള്‍ തിങ്കളാഴ്ച ലഭ്യമാകും. തൃക്കാക്കര തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ എറണാകുളം ജില്ലയിലെ സര്‍വേ പിന്നീട് നടക്കും. 18നും 59നും ഇടയില്‍ പ്രായമുള്ള തൊഴില്‍ അന്വേഷകരുടെ വിവരമാണ് കുടുംബശ്രീ വളന്റിയര്‍മാര്‍ വീടുകളിലെത്തി ശേഖരിച്ചത്.
സര്‍വേക്ക് നേതൃത്വം നല്കിയ കുടുംബശ്രീ എന്യൂമറേറ്റര്‍മാരെ മന്ത്രി എം.വി. ഗോവിന്ദന് അഭിനന്ദിച്ചു. തൊഴില്‍ അന്വേഷകരെ തേടി സര്‍ക്കാര്‍ വീടുകളിലേക്ക് എത്തുന്നത് രാജ്യത്തുതന്നെ ആദ്യമാണെന്ന് മന്ത്രി പറഞ്ഞു. ഞായറാഴ്ച വരെയുള്ള കണക്കുപ്രകാരം 44,07,921 തൊഴില്‍ അന്വേഷകരാണ് രജിസ്റ്റര്‍ ചെയ്തത്. ഇവരില്‍ 59ശതമാനം പേരും സ്ത്രീകളാണ്. 72,735 എന്യൂമറേറ്റര്‍മാര്‍ 65,54,725 വീടുകള്‍ സന്ദര്‍ശിച്ചാണ് വിവരം ശേഖരിച്ചത്. 5,37,936 പേര് രജിസ്റ്റര്‍ ചെയ്ത മലപ്പുറം ജില്ലയാണ് ഒന്നാമത്. വയനാട്ടിലാണ് ഏറ്റവും കുറവുപേര്‍ രജിസ്റ്റര്‍ ചെയ്തത്, 1,41,080 പേര്. ആകെ രജിസ്റ്റര്‍ ചെയ്തവരില്‍ 5,09,051 പേര് 20 വയസ്സിന് താഴെയുള്ളവരാണ്. 21നും 30 നും ഇടയില്‍ പ്രായമുള്ള 24,07,680 പേരും 31നും 40നും ഇടയിലുള്ള 10,35,376 പേരും 41നും 50നും ഇടയിലുള്ള 3,54,485 പേരും 51നും 56നും ഇടയിലുള്ള 87,492 പേരും 56നും 59നും ഇടയിലുള്ള 13,837 പേരും രജിസ്റ്റര്‍ ചെയ്തു. രജിസ്റ്റര്‍ ചെയ്തവരില്‍ 13,47,758 പേര് ബിരുദധാരികളും 4,41,292 പേര് ബിരുദാനന്തര ബിരുദമുള്ളവരുമാണ്.
സര്‍വേയുടെ തുടര്‍ച്ചയായി തൊഴില്‍ ഒരുക്കുന്ന പ്രക്രിയയിലും കുടുംബശ്രീ സുപ്രധാന പങ്ക് വഹിക്കുമെന്ന് മന്ത്രി അറിയിച്ചു. തൊഴിലന്വേഷകരെ കൗണ്‍സില്‍ ചെയ്യാന്‍ കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരെ നിയോഗിക്കും. ഇതിനായി ഷി കോച്ച്സ് സംവിധാനം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.