കേരളത്തെ കുടുംബശ്രീ സാമൂഹിക -സാമ്പത്തിക പുരോഗതിയിലേക്ക് നയിച്ചുവെന്ന് എം.ബി രാജേഷ്
text_fieldsതിരുവനന്തപുരം : കഴിഞ്ഞ 25 വർഷമായി സ്ത്രീശാക്തീകരണത്തിലൂടെ കേരളത്തിന്റെ സാമൂഹിക സാമ്പത്തിക രംഗത്തെ പുരോഗതിയിലേക്ക് നയിക്കാൻ കുടുംബശ്രീക്ക് കഴിഞ്ഞുവെന്ന് മന്ത്രി എം.ബി രാജേഷ്. ദേശീയ നഗര ഉപജീവന ദൗത്യവും കുടുംബശ്രീയും സംയുക്തമായി നഗരമേഖലയിലെ ക്രിയാത്മക ഇടപെടലുകൾ എന്ന വിഷയത്തിൽ അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്ന ദ്വിദിന ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ത്രീകളിലൂടെ കുടുംബത്തിലേക്ക് എത്തിച്ചേരുക, കുടുംബത്തിലൂടെ സമൂഹത്തിലേക്ക് എത്തുക എന്ന ആശയത്തിലൂന്നിയ പ്രവർത്തനമാണ് ദാരിദ്ര്യ നിർമാർജന പദ്ധതികൾ നടപ്പിലാക്കാൻ കുടുംബശ്രീയെ പ്രാപ്തമാക്കുന്നത്. ശക്തമായ സാമൂഹിക അധിഷ്ഠിത ജനാധിപത്യ സംഘടനാ സംവിധാനത്തിലൂടെയാണ് കുടുംബശ്രീ പ്രവർത്തിക്കുന്നത്.
ഭക്ഷണം, പാർപ്പിടം, വസ്ത്രം എന്നിവ ഉൾപ്പെടുന്ന മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾക്ക് മാത്രം പ്രാധാന്യം നൽകാതെ അഭിപ്രായ സ്വാതന്ത്ര്യം, സാമൂഹിക സ്വീകാര്യത, ജനാധിപത്യം, അഭിപ്രായസ്വാതന്ത്ര്യം,തീരുമാനമെടുക്കുന്നതിൽ പങ്കാളിത്തം തുടങ്ങിയ അടിസ്ഥാന അവകാശങ്ങളും ഉറപ്പാക്കിക്കൊണ്ട് ബഹുമുഖ ദാരിദ്ര്യം ഇല്ലാതാക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് സംസ്ഥാനത്തിന്റെ വികസനത്തിൽ നിർണായക പങ്ക് വഹിക്കുവാൻ കുടുംബശ്രീക്ക് കഴിഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ദാരിദ്ര്യ നിർമ്മാർജന പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടപ്പിലാക്കിയത്. നീതി ആയോഗിന്റെ ബഹുമുഖ ദാരിദ്ര്യ സൂചകപ്രകാരം രാജ്യത്ത് ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമാണ് കേരളം. അതീവ ദരിദ്രരെ കണ്ടെത്തി ദാരിദ്ര്യത്തെ പൂർണമായി തുടച്ചുനീക്കാനുള്ള പ്രവർത്തനങ്ങളാണ് ദാരിദ്ര്യ നിർമാർജന പദ്ധതിയുടെ അടുത്തഘട്ടത്തിൽ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്.
കുടുംബശ്രീയുടെ നേതൃത്വത്തിൽ നടന്ന സർവയിലൂടെ 64,006 പേരെ കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. ദാരിദ്ര്യം പൂർണമായി തുടച്ചുനീക്കുന്നതിനുള്ള പ്രവർത്തനങ്ങളിലും കുടുംബശ്രീ പ്രധാന പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, ദീന്‍ ദയാല്‍ അന്ത്യോദയ-ദേശീയ നഗര ഉപജീവന ദൗത്യം, പി.എം സ്വാനിധി ജോയിന്‍റ് സെക്രട്ടറിയും മിഷന്‍ ഡയറക്ടറുമായ രാഹുല്‍ കപൂര്‍, ഗുരുവായൂർ നഗരസഭ ചെയർമാനും ചേംബർ ഓഫ് മുൻസിപ്പൽ ചെയർമാൻ കേരള അധ്യക്ഷനുമായ എം. കൃഷ്ണദാസ്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ അനു കുമാരി, എന്‍.യു.എല്‍.എം പദ്ധതി ഡയറക്ടര്‍മാരായ ഡോ. മധുറാണി തിയോത്തിയ, ശാലിനി പാണ്ഡെ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.