കുടുംബശ്രീ വായ്പ തട്ടിപ്പ്: പരാതിയുമായി കൂടുതൽ വീട്ടമ്മമാർ
text_fieldsപള്ളുരുത്തി: കുടുംബശ്രീ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതിയുമായി കൂടുതൽ വീട്ടമ്മമാർ. കൊച്ചി നഗരസഭ ഡെപ്യൂട്ടി മേയർ പ്രതിനിധാനം ചെയ്യുന്ന മട്ടാഞ്ചേരി അഞ്ചാം ഡിവിഷൻ, സ്ഥിരം സമിതി അധ്യക്ഷ പ്രിയ പ്രശാന്തിന്റെ ഡിവിഷനായ അമരാവതി ഇരുപത്തിയെട്ടാം ഡിവിഷൻ എന്നിവിടങ്ങളിൽനിന്നാണ് പുതിയ പരാതികൾ.
അഞ്ചാം ഡിവിഷനിൽ ‘ശ്രേയസ്സ്’ എന്ന അയൽക്കൂട്ടത്തിലെ അംഗങ്ങളാണ് തട്ടിപ്പിനിരയായതായി പരാതി നൽകിയത്. അയൽക്കൂട്ട ഭാരവാഹികൾ 2017ൽ തങ്ങളറിയാതെ തങ്ങളുടെ രേഖകൾ ഉപയോഗിച്ച് യൂനിയൻ ബാങ്ക് ഇടച്ചിറ ശാഖയിൽനിന്ന് എട്ടുലക്ഷം രൂപ വായ്പയെടുത്തെന്നാണ് പരാതി. ബാങ്കിൽനിന്ന് നോട്ടീസ് വന്നപ്പോഴാണ് ഇത്തരത്തിൽ വായ്പ സംബന്ധിച്ച് അറിയുന്നതെന്നും ഇവർ പരാതിപ്പെടുന്നു. ഐ.ഡി.ബി.ഐ തൃപ്പൂണിത്തുറ ശാഖയിൽനിന്ന് 10 ലക്ഷം രൂപയുടെ വായ്പയും എടുത്തതായും പരാതിയുണ്ട്. ഇതിൽ പലർക്കും ജപ്തി നോട്ടീസുകൾ വന്നപ്പോഴാണ് വ്യാജ ലോണിനെക്കുറിച്ച് അറിയുന്നത്.
ഡെപ്യൂട്ടി മേയർ കെ.എ. അൻസിയയും തന്റെ ഡിവിഷനിലെ അയൽക്കൂട്ടങ്ങളുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി പല അംഗങ്ങളും പരാതിപ്പെട്ടിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് അന്വേഷിക്കണമെന്നും ചൂണ്ടിക്കാട്ടി മട്ടാഞ്ചേരി അസി. കമീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. നഗരസഭ ഇരുപത്തിയെട്ടാം ഡിവിഷനിലും വായ്പ തട്ടിപ്പ് നടന്നതായി കാണിച്ച് വീട്ടമ്മമാർ ഫോർട്ട്കൊച്ചി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഡിവിഷനിലെ 10ാം നമ്പർ അയൽക്കൂട്ടമായ ഫ്രണ്ട്ഷിപ്പിൽനിന്നുള്ള അംഗങ്ങളാണ് പരാതി നൽകിയിട്ടുള്ളത്. തങ്ങളുടെ അറിവും സമ്മതവുമില്ലാതെ രേഖകൾ ഉപയോഗിച്ച് കനറാ ബാങ്ക് ഫോർട്ട്കൊച്ചി ശാഖയിൽനിന്ന് 10 ലക്ഷം രൂപയുടെ ലിങ്കേജ് വായ്പയെടുത്തതായി എ.ഡി.എസ് മുൻ ചെയർപേഴ്സനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.
ബാങ്കിൽനിന്ന് വായ്പ സംബന്ധിച്ച് ഫോൺ വന്നപ്പോഴാണ് വഞ്ചിക്കപ്പെട്ട വിവരം അറിയുന്നതെന്നാണ് ഇവർ പറയുന്നത്. അയൽക്കൂട്ട ലിങ്കേജ് വായ്പ തരപ്പെടുത്തുമ്പോൾ സി.ഡി.എസ്, എ.ഡി.എസ് അംഗങ്ങൾക്ക് 20 ശതമാനം കമീഷൻ കൊടുക്കേണ്ടി വരുന്നുവെന്ന പരാതികളും ഉയർന്നിട്ടുണ്ട്. കമീഷൻ പരാതി നേരത്തേ ഉന്നയിക്കപ്പെടുന്നുണ്ടെങ്കിലും പുറത്തേക്ക് പറയാൻ വീട്ടമ്മമാർ തയാറാകാത്തത് ഇടനിലക്കാർക്ക് തുണയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.