കോവിഡ് സെന്ററില്‍ ഭക്ഷണം നല്‍കിയത് കുടുംബശ്രീ; പണം പറ്റിയത് ബ്രാഞ്ച് സെക്രട്ടറി
text_fieldsപെരുമ്പാവൂര്‍: കോവിഡ് കാലത്ത് വെങ്ങോല കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സയില്‍ കഴിഞ്ഞവര്‍ക്ക് കുടുംബശ്രീ ഹോട്ടലില്‍നിന്ന് ഭക്ഷണം നല്കിയ തുക ബ്രാഞ്ച് സി.പി.എം സെക്രട്ടറിക്ക് നല്‍കിയതായി പരാതി. 2019-21ല്‍ ചികിത്സയില്‍ കഴിഞ്ഞ 1888 പേര്‍ക്ക് ഭക്ഷണം നല്കിയ വകയില്‍ 18,41,864 രൂപയാണ് പഞ്ചായത്ത് കണ്ടന്തറ നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറിക്ക് നല്‍കിയത്.
തവണകളായി 17 ചെക്കാണ് നല്‍കിയതെന്ന് പരാതിക്കാരനായ കണ്ടന്തറ മാലേത്ത് വീട്ടില്‍ സലിം റഹ്മത്തിന് പഞ്ചായത്തില്‍നിന്ന് നല്കിയ വിവരാവകാശ രേഖയില്‍ പറയുന്നു. വെങ്ങോല പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് ബസ്സ്റ്റാൻഡ് റോഡില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ഹോട്ടലില്‍നിന്നാണ് ഭക്ഷണം നല്‍കിയത്. കുടുംബശ്രീയുടെ പേരിലുള്ള യൂനിയന്‍ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയക്കാതെ സ്വകാര്യ വ്യക്തിക്ക് ചെക്ക് നല്‍കിയത് ദുരൂഹമാണെന്നാണ് പറയുന്നത്. ഒരു ഊണിന് 60 രൂപ വീതമാണ് ഈടാക്കിയിരിക്കുന്നത്.
കുടുംബശ്രീ ഹോട്ടലുകളില്‍ സാധാരണ ഊണിന് ഈടാക്കുന്നത് 20 രൂപയാണ്. ഭക്ഷണത്തിന് അമിത വിലയെടുത്തത് പരിശോധിക്കാതെയാണ് തുക നല്‍കിയത്. സലിം റഹ്മത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് പെര്‍ഫോമന്‍സ് വിഭാഗം കണക്കും രേഖകളും പരിശോധനക്ക് എടുത്തിട്ടുണ്ട്.
എന്നാല്‍, കോവിഡ് കാലത്ത് പുറത്തിറങ്ങാൻ നിയന്ത്രണമുണ്ടായതിനെ തുടര്‍ന്നാണ് തെൻറ ബ്രാഞ്ച് പരിധിയിലെ കുടുംബശ്രീയുടെ ചെക്ക് വാങ്ങിയതെന്നും ഇക്കാര്യത്തില്‍ അംഗങ്ങള്‍ക്ക് പരാതിയില്ലെന്നും തന്നെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള ശ്രമമാണ് പരാതിക്ക് പിന്നിലെന്നും ബ്രാഞ്ച് സെക്രട്ടറി മാഹിന്‍കുട്ടിയും പണം കൈപ്പറ്റാൻ ഭക്ഷണം കൊടുത്തവര്‍ മാഹിന്‍കുട്ടിയെ ചുമതലപ്പെടുത്തി കത്ത് നല്‍കിയിട്ടുണ്ടെന്നാണ് വിവരമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. ഹമീദും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.