വീടുകളിൽ ഉയർത്താൻ കുടുംബശ്രീ തുന്നുന്നു; 50 ലക്ഷം ത്രിവർണ പതാക
text_fieldsതിരുവനന്തപുരം: ഹർ ഘർ തിരംഗയുടെ ഭാഗമായി വീടുകളിൽ ഉയർത്താൻ കുടുംബശ്രീ നേതൃത്വത്തിൽ 50 ലക്ഷം ദേശീയ പതാകകൾ ഒരുങ്ങുന്നു. ആഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലും ഈ പതാകകൾ പാറിപ്പറക്കും. കുടുംബശ്രീക്ക് കീഴിലുള്ള 700ഓളം തയ്യൽ യൂനിറ്റുകളിലെ നാലായിരത്തോളം അംഗങ്ങൾ പതാക തയാറാക്കുന്ന തിരക്കിലാണ്.
ഏഴ് വ്യത്യസ്ത അളവുകളിൽ ഫ്ലാഗ് കോഡ് മാനദണ്ഡപ്രകാരം 3:2 എന്ന അനുപാതത്തിലാണ് പതാക നിർമിക്കുന്നത്. 20 മുതൽ 120 രൂപ വരെയാണ് വില. സ്‌കൂളുകൾക്ക് ആവശ്യമായ പതാകകളുടെ എണ്ണം സ്‌കൂൾ അധികൃതരും സ്‌കൂൾ വിദ്യാർഥികൾ ഇല്ലാത്ത വീടുകളിലേക്ക് ആവശ്യമായ പതാകകളുടെ എണ്ണം തദ്ദേശ സ്ഥാപനങ്ങളും അറിയിക്കുന്നതനുസരിച്ച് ജില്ല കുടുംബശ്രീ മിഷനുകളുടെ നേതൃത്വത്തിലാണ് നിർമാണം. കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർമാർക്കാണ് പ്രവർത്തനങ്ങളുടെ ഏകോപന ചുമതല. നിർമാണം പൂർത്തിയാകുന്ന മുറക്ക് കുടുംബശ്രീ നേതൃത്വത്തിൽത്തന്നെ പതാക സ്‌കൂളുകളിലും സ്ഥാപനങ്ങളിലും എത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.