ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തി കുടുംബശ്രീ ബാലപാര്‍ലമെന്റ്
text_fieldsതിരുവനന്തപുരം: കൗമാരത്തിന്റെ ഊർജസ്വലത നിറഞ്ഞ മുഖങ്ങള്‍, മുനയുള്ള ചോദ്യങ്ങളും കാച്ചിക്കുറുക്കിയ മറുപടികളും അടിയന്തിര പ്രമേയവും പ്രതിപക്ഷ വാക്കൗട്ടും.., എല്ലാം ചേര്‍ന്ന് പാര്‍ലമെന്റിനെ അനുസ്മരിപ്പിക്കുന്ന പ്രകടനം. ജനാധിപത്യ മൂല്യങ്ങളും ഭരണഘടനയുടെ കരുത്തും ഉയര്‍ത്തി കുടുംബശ്രീ ബാലസഭാംഗങ്ങളുടെ നേതൃത്വത്തില്‍ പഴയ നിയമസഭ മന്ദിരത്തില്‍ സംഘടിപ്പിച്ച സംസ്ഥാനതല ബാലപാര്‍ലമെന്റ് വേറിട്ട അനുഭവമായി. ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി, ശുചിത്വം, ലിംഗനീതി തുടങ്ങി വിവിധ വിഷയങ്ങളാണ് കുട്ടികള്‍ പാര്‍ലമെന്റില്‍ ഉയര്‍ത്തിയത്. സംസ്ഥാനത്ത് 31612 ബാലസഭകളില്‍ അംഗങ്ങളായ 4.59 ലക്ഷം അംഗങ്ങളുടെ പ്രതിനിധികളായി എത്തിയവര്‍ മികച്ച പ്രകടനമാണ് ബാലപാര്ലമെന്റില് കാഴ്ച വച്ചത്. മുന്‍ മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് അധ്യക്ഷത വഹിച്ചു. ബാലസഭയുടെ നേതൃത്വത്തില്‍ തയാറാക്കിയ ‘അറിവൂഞ്ഞാല്‍’മാസിക പ്രകാശനം ചെയ്തു.
ഓരോ ജില്ലയില്‍ നിന്ന് മികച്ച പ്രകടനം കാഴ്ചവച്ച 11 പേര് വീതം 154 കുട്ടികളും അട്ടപ്പാടിയില്‍ നിന്നുള്ള 11 കുട്ടികളും ഉള്‍പ്പെടെ 165 പേരാണ് പങ്കെടുത്തത്. കാസര്‍കോട് ജില്ലയിലെ കെ.എസ്. സൂരജ, കൊല്ലം ജില്ലയിലെ നയന എന്നിവര്‍ യഥാക്രമം രാഷ്ട്രപതിയും പ്രധാനമന്ത്രിയുമായി. ആലപ്പുഴ ജില്ലയിലെ എസ്. അസ്മിന് സ്പീക്കറും കൊല്ലം ജില്ലയില്‍ നിന്നുളള സി.എ. ശിവാനന്ദന് പ്രതിപക്ഷ നേതാവായി. കോഴിക്കോട് ജില്ലയിലെ ജെ. ദൃശ്യ ഡെപ്യൂട്ടി സ്പീക്കറായുമെത്തി.
കുടുംബശ്രീ പ്രോഗ്രാം ഓഫിസര്‍ ഡോ.ബി. ശ്രീജിത്ത്, കുടുംബശ്രീ പി.ആര്.ഒ നാഫി മുഹമ്മദ്, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ അരുണ്‍ പി. രാജന് എന്നിവർ സംസാരിച്ചു. എറണാകുളം ജില്ലയില്‍ നിന്നുള്ള ബാലസഭാംഗം രാഹുല്‍ മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.