കുടുംബശ്രീ യൂനിറ്റുകൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ
text_fieldsതിരുവനന്തപുരം: കുടുംബശ്രീ മിഷന്റെ സംസ്ഥാന ജില്ലാ ഓഫീസുകളെയും കീഴ്ഘടകങ്ങളെയും വിവരാവകാശ നിയമത്തിന്റെ പരിധിയിൽപ്പെടുത്തി സംസ്ഥാന വിവരാവകാശ കമീഷണർ എ.എ. ഹക്കീമിന്‍റെ ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിൽ കുടുംബശ്രീ മിഷന്റെ എല്ലാ ഓഫീസുകളിലും യൂനിറ്റുകളിലും വിവരാവകാശ ഓഫീസർമാരെ നിയോഗിച്ച് മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ സർക്കുലർ പുറപ്പെടുവിച്ചു.
ഇതോടെ വിവരാവകാശ നിയമ പ്രകാരം ഇനി കുടുംബശ്രീ യൂനിറ്റുകളിലും അപേക്ഷ നൽകാം. അപേക്ഷകളുടെ പ്രാധാന്യമനുസരിച്ച് 48 മണിക്കൂറിനകമോ 29 ദിവസത്തിനകമോ മറുപടി ലഭിക്കും. സാധാരണ ഫയലുകളിൽ അഞ്ച് ദിവസത്തിനകം നടപടി ആരംഭിക്കും. ഇതിന്മേൽ പരാതിയുണ്ടെങ്കിൽ ഏതൊരാൾക്കും കുടുംബശ്രീ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർക്ക് അപ്പീൽ നൽകാം. അവിടെ നിന്നും വിവരം കിട്ടിയില്ലെങ്കിൽ വിവരാവകാശ കമീഷനെ സമീപിക്കാം.
മലപ്പുറം ജില്ലയിൽ സി.ഡി.എസ് യൂനിറ്റുകൾ സ്ഥാപിക്കാൻ മുൻകൈപ്രവർത്തനം നടത്തിയിരുന്ന കുളത്തൂർ മൊയ്തീൻ കുട്ടി മാഷിന്റെ അപേക്ഷ തീർപ്പാക്കവേയാണ് എല്ലാ യൂനിറ്റുകളെയും നിയമത്തിന്റെ പരിധിയിൽ വരുത്തി ഉത്തരവായത്. കുടുംബശ്രീ മിഷന്റെ ഭരണ ഘടന, ഓഫീസ് മെമ്മോറാണ്ടം, ആദ്യ കമ്മറ്റി മിനിട്സ് തുടങ്ങിയ രേഖകൾ ചോദിച്ച് 2010 ൽ കുടുംബശ്രീയുടെ ആസ്ഥാനത്ത് സമർപ്പിച്ച അപേക്ഷ നിരസിച്ച മിഷന്റെ നടപടി തള്ളിയ കമീഷൻ ഉത്തരവിനെതിരെ കുടുംബശ്രീ ഹൈകോടതിയെ സമീപിച്ചിരുന്നു.
കമീഷന്റെ ഉത്തരവ് സാധൂകരിച്ച കോടതി നിർദേശപ്രകാരം കേസ് വീണ്ടും പരിഗണിച്ച കമീഷണർ എ.എ. ഹക്കീം ഹരജി തീർപ്പാക്കിയ വിധിയിലാണ് മുഴുവൻ യൂനിറ്റുകളെയും നിയമത്തിന്റെ പരിധിയിലാക്കി ഉത്തരവായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.