കുടുംബശ്രീയുടെ 'തിരികെ സ്കൂളില്‍' ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ പത്തുവരെ
text_fieldsതിരുവനന്തപുരം: വര്‍ഷങ്ങള്‍ക്ക് മുമ്പ് പടിയിറങ്ങിപ്പോയ വിദ്യാലയ മുറ്റത്ത് 46 ലക്ഷം അയല്‍ക്കൂട്ട വനിതകള്‍ വീണ്ടുമെത്തുകയാണ്. ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ പത്തുവരെയാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ 'തിരികെ സ്കൂളില്‍' ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. അവധി ദിനങ്ങളില്‍ സംഘടിപ്പിക്കുന്ന പരിപാടിക്കായി സംസ്ഥാനത്തെ രണ്ടായിരത്തിലേറെ സ്കൂളുകള്‍ അനുവദിച്ചിട്ടുണ്ട്. ഇത്രയും വിപുലമായ ഒരു തുടർ വിദ്യാഭ്യാസ പദ്ധതി ലോകത്തു തന്നെ അപൂർവമായിരിക്കും.
സ്കൂള്‍ വിദ്യാഭ്യാസ കാലത്തെ അനുസ്മരിപ്പിക്കുന്ന വിധമാണ് പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചിട്ടുള്ളത്. രാവിലെ 9.30 മുതല്‍ 4.30 വരെയാണ് ക്ളാസ് സമയം. ആദ്യം അസംബ്ളി, ഇതില്‍ കുടുംബശ്രീയുടെ മുദ്രഗീതം ആലപിക്കും. 9:45ന് ക്ലാസുകള്‍ ആരംഭിക്കും. സംഘശക്തി അനുഭവ പാഠങ്ങള്‍, അയല്‍ക്കൂട്ടത്തിന്‍റെ സ്പന്ദനം കണക്കിലാണ്, സംഘഗാനം-ജീവിതഭദ്രത ഞങ്ങളുടെ സന്തോഷം, ഉപജീവനം-ആശയങ്ങള്‍ പദ്ധതികള്‍, ഡിജിറ്റല്‍ കാലം എന്നിവയാണ് പാഠ്യ വിഷയങ്ങള്‍. ഇവയോരോന്നും അഞ്ചു പാഠങ്ങളായി തിരിച്ചാണ് പരിശീലനം നല്‍കുക. പരിശീലനം ലഭിച്ച 15000ത്തോളം റിസോഴ്സ് പേഴ്സണ്‍മാരാണ് അധ്യാപകരായി എത്തുന്നത്.
ഉച്ചയ്ക്ക് മുമ്പ് പതിനഞ്ച് മിനിട്ട് ഇടവേളയുണ്ട്. ഒന്നു മുതല്‍ ഒന്നേ മുക്കാല്‍ വരെയാണ് ഉച്ചഭക്ഷണത്തിനുള്ള സമയം. എല്ലാവരും ഒരുമിച്ചിരുന്നാകും ഭക്ഷണം കഴിക്കുക. കൂടാതെ ഈ സമയത്ത് ചെറിയ കലാപരിപാടികളും നടത്തും. ഓരോ പിരിയഡ് കഴിയുമ്പോഴും ബെല്ലടിക്കും. ഉച്ചഭക്ഷണം, കുടിവെള്ളം. സ്നാക്സ്, സ്കൂള്‍ ബാഗ്, സ്മാര്‍ട്ട് ഫോണ്‍, ഇയര്‍ഫോണ്‍ എന്നിവ വിദ്യാര്‍ത്ഥിനികള്‍ തന്നെയാണ് കൊണ്ടു വരേണ്ടത്. താല്‍പര്യമുള്ള അയല്‍ക്കൂട്ടങ്ങള്‍ക്ക് യൂണിഫോമും ധരിക്കാം. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പുതിയ കാല സാധ്യതകള്‍ക്കനുസൃതമായി നൂതന പദ്ധതികള്‍ ഏറ്റെടുക്കാന്‍ അയല്‍ക്കൂട്ടങ്ങളെ പ്രാപ്തമാക്കുകയാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.