പ്ലാൻ ഫണ്ട് വിനിയോഗത്തിൽ കുടുംബശ്രീയുടെ കുതിപ്പ്
text_fieldsകൊച്ചി: പ്ലാൻ ഫണ്ട് വിനിയോഗത്തിൽ കുടുംബശ്രീക്ക് തിളക്കമാർന്ന നേട്ടം. സാമ്പത്തിക വർഷം അവസാനിക്കാൻ മൂന്നുമാസം ശേഷിക്കെ 68.78 ശതമാനമാണ് ഫണ്ട് വിനിയോഗം. ഡിസംബർ 23 വരെയുള്ള കണക്കാണിത്. അനുവദിച്ച 161 കോടിയിൽ 110.73 കോടി ഇതുവരെ ചെലവഴിച്ചു. മൂന്നുവര്‍ഷത്തിനിടെ ആദ്യമായാണ് ഫണ്ട് വിനിയോഗം ഡിസംബറില്‍ 50 ശതമാനം കടക്കുന്നത്. 2016-17ൽ 95.6 ശതമാനവും 2015-16ൽ 68.21 ശതമാനമായിരുന്നു മൊത്തം ഫണ്ട് വിനിയോഗം. ഡിസംബറിൽ യഥാക്രമം 46.84, 40.45 ശതമാനമായിരുന്നു.
ജൂലൈ വരെ മന്ദഗതിയിലായിരുന്ന പ്രവർത്തനങ്ങൾ ആഗസ്റ്റോടെയാണ് പുരോഗതി പ്രാപിച്ചത്. ആഗസ്റ്റ് 31.54 ശതമാനം, സെപ്റ്റംബർ 51.46, ഒക്ടോബർ 58.04, നവംബർ 66.97 എന്നിങ്ങനെയാണ് കണക്ക്. എല്ലാ ജില്ലയും 50 ശതമാനത്തിന് മുകളില്‍ ഫണ്ട് വിനിയോഗിച്ചിട്ടുണ്ട്. ആറു ജില്ലകള്‍ ശരാശരിക്ക് മുകളിലാണ്. ആറു ജില്ലകൾ ശരാശരി പ്രകടനം കാഴ്ചവെക്കുമ്പോൾ രണ്ട് ജില്ലകൾ ശരാശരിയേക്കാൾ ഏറെ താഴെയാണ്. 83.14 ശതമാനവുമായി ആലപ്പുഴയാണ് ഒന്നാം സ്ഥാനത്ത്. 8.76 കോടിയിൽ 7.28 കോടി ചെലവഴിച്ചു. 52.53 ശതമാനം ഫണ്ട് വിനിയോഗവുമായി കാസർകോടാണ് ഏറ്റവും പിന്നിൽ. 7.77 കോടിയിൽ 4.08 കോടിയാണ് ജില്ല വിനിയോഗിച്ചത്.
മലപ്പുറം 75.34 ശതമാനം (11.31 കോടിയിൽ ചെലവിട്ടത് 8.52 കോടി), പാലക്കാട് 71.88 ശതമാനം (9.11/6.55 കോടി), എറണാകുളം 70.62 ശതമാനം (12.70/8.96 കോടി), വയനാട് 69.66 ശതമാനം (6.88/4.79 കോടി), തിരുവനന്തപുരം 68.29 ശതമാനം (11.60/7.92 കോടി) എന്നിവയാണ് ശരാശരിക്ക് മുകളിലുള്ള ജില്ലകൾ. കോഴിക്കോട് 65.03 ശതമാനം (9.91/6.44 കോടി), കോട്ടയം 64.58 ശതമാനം (10.52/6.79 കോടി), ഇടുക്കി 63.87 ശതമാനം (9.12/5.82 കോടി), കണ്ണൂർ 61.56 ശതമാനം (10.49/6.45 കോടി), കൊല്ലം 59.04 ശതമാനം (10.35/6.11കോടി), പത്തനംതിട്ട 58.42 ശതമാനം (9.74/ 5.69 കോടി) ജില്ലകളാണ് ഫണ്ട് വിനിയോഗത്തിൽ ശരാശരി പാലിക്കുന്നത്. തൃശൂർ 55 ശതമാനം (13.78/7.58 കോടി), കാസർകോട് 52.53 ശതമാനം (7.77/4.08 കോടി) ജില്ലകളാണ് ശരാശരിയിലും താഴെയുള്ളത്.
സംഘടന സംവിധാനം ശക്തിപ്പെടുത്താനും സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്കുമായാണ് പ്ലാന്‍ ഫണ്ട്്് വിനിയോഗിക്കുന്നത്. അതേസമയം, ജീവനക്കാരുടെ അഭാവം പലയിടത്തും പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുന്നുണ്ട്. എറണാകുളം, ഇടുക്കി, കാസർകോട് ജില്ലകളിൽ ജില്ല മിഷൻ കോഒാഡിനേറ്റർമാരില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.