വീട്ടകങ്ങളിലേക്കും കുടുംബശ്രീ; വരുന്നൂ നഗരങ്ങളിൽ സർവിസ് സെൻററുകൾ
text_fieldsകോട്ടയം: വീട്ടകങ്ങളിലേക്കും കുടുംബശ്രീ സ്പർശമെത്തുന്നു. പൊട്ടിയ പൈപ്പും സ്വിച്ചുകളുെട തകരാറും പരിഹരിക്കാൻ ഒരു ഫോൺ വിളിയിൽ ഇനി കുടുംബശ്രീ പ്രവർത്തകരെത്തും. തുണി തേച്ചു നൽകണമെങ്കിൽ അതിനും തയാർ. നഗരവാസികൾക്ക് ഇത്തരത്തിലുള്ള സേവനങ്ങൾ ലഭ്യമാക്കാൻ അർബൻ സർവിസ് സ്കീം എന്ന പേരിൽ കുടുംബശ്രീ സർവിസ് സെൻററുകൾ തുറക്കും. ഭൂരിഭാഗം നഗരപ്രദേശങ്ങളിലും ചെറിയ ജോലികൾക്ക് തൊഴിലാളികളെ ലഭിക്കാൻ ബുദ്ധിമുട്ട് ഏറെയാണ്. എത്രചെറിയ ജോലിക്കും ഉയർന്ന കൂലി വാങ്ങുന്നതാണ് പതിവ്. ഇതിനുമാറ്റം വരുത്താൻ ലക്ഷ്യമിട്ടാണ് കൈയെത്തും ദൂരത്ത് സേവനകേന്ദ്രമെന്ന ആശയം അവതരിപ്പിക്കുന്നത്.
ഇത്തരം തൊഴിൽ അറിയാവുന്ന കുടുംബശ്രീ അംഗങ്ങളെ കൂട്ടിയോജിപ്പിച്ചാകും സംഘങ്ങൾ രൂപവത്കരിക്കക. തൊഴിൽ പരിചയമുള്ളവെര കണ്ടെത്താൻ കഴിയാത്ത ഇടങ്ങളിൽ തെരഞ്ഞെടുത്തവർക്ക് തൊഴിൽ പരിശീലനം നൽകും. അഞ്ചുപേർ ഉൾപ്പെട്ട യൂനിറ്റുകളാകും തുടക്കത്തിലുണ്ടാകുക. ഇവർക്ക് ഒാരോ സ്ഥലത്തും പ്രത്യേക ഒാഫിസുകളും ഒരുക്കും. ഇവിടുത്തെ നമ്പറിലേക്ക് വിളിച്ച് ആവശ്യമറിയിച്ചാൽ സേവനകേന്ദ്രത്തിലെ അംഗങ്ങൾ എത്തും. ചെറിയ നിരക്കാവും ഇൗടാക്കുക.
ആദ്യഘട്ടത്തിൽ ഇലക്ട്രിക്കൽ, പ്ലംബിങ്, തുണിതേക്കൽ എന്നിവയിലാകും സേവന കേന്ദ്രം. തുടർന്ന് വീട്ടുജോലിക്കാരെയും തയാറാക്കും. പ്രഫഷനൽ പരിശീലനം നൽകിയാകും വീട്ടുജോലിക്കാരെ തയാറാക്കുക. ഇതിനായി കുറച്ചുകൂടി കാത്തിരിക്കേണ്ടിവരും. ഹോം നഴ്സ് അടക്കമുള്ള സംവിധാനങ്ങളും കൂട്ടിച്ചേർക്കും. പദ്ധതിയുമായി സഹകരിക്കുന്നവർക്കെല്ലാം കുടുംബശ്രീ പ്രത്യേക പരിശീലനം നൽകും. രണ്ടാംഘട്ടത്തിൽ മേസ്തിരിപ്പണി അടക്കമുള്ളവയും ഉൾപ്പെടുത്തും. ഒാരോ സ്ഥലത്തെയും ആവശ്യങ്ങൾ കണ്ടറിഞ്ഞാകും തൊഴിലുകൾ നിശ്ചയിക്കുക.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതിക്ക് ഉടൻ തുടക്കമിടും. തൽക്കാലം നഗരങ്ങളിൽ മാത്രമാകും സേവനം. ഡിസംബറിന് മുമ്പ് 10 നഗരങ്ങളിലാണ് സെൻററുകൾ ആരംഭിക്കുന്നത്. ഇതിെൻറ നടപടിക്രമങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്ന് കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടർ എസ്. ഹരി കിഷോർ പറഞ്ഞു. സാേങ്കതിക സഹായങ്ങളും മാർഗനിർദേശങ്ങളും കുടുംബശ്രീ നൽകും. ഉപകരണങ്ങൾ അടക്കം വാങ്ങാൻ സബ്സിഡിയോടെ വായ്പകളും കുടുംബശ്രീ ജില്ല മിഷനുകൾ ഒരുക്കും. ഇതിലൂടെ കുടുതൽ സ്ത്രീകൾക്ക് സ്വന്തംകാലിൽ നിൽക്കാനും മികച്ചവരുമാനവും ഉറപ്പാക്കാനുമാകുമെന്ന് അധികൃതർ കണക്കുകൂട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.