പെരിയാറിലെ മത്സ്യക്കുരുതിയിൽ അന്വേഷണ സംഘത്തെ നിയോഗിച്ച് കുഫോസ്
text_fieldsപനങ്ങാട് (കൊച്ചി): പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തിൽ അന്വേഷണ സംഘത്തെ നിയോഗിച്ച് കേരള മത്സ്യബന്ധന സമുദ്രഗവേഷണ സർവകലാശാല (കുഫോസ്). അഞ്ചംഗ സമിതിയെയാണ് സംഭവം അന്വേഷിക്കാനായി നിയോഗിച്ചത്.
കഴിഞ്ഞ മൂന്ന് ദിവസമായി പെരിയാർ നദിയുടെയും അനുബന്ധ ജലാശയങ്ങളുടെയും വിവിധ ഭാഗങ്ങളിൽ മത്സ്യങ്ങളുടെ രൂക്ഷമായ മരണനിരക്ക് ശ്രദ്ധയിൽപ്പെട്ടതായി ഫിഷറീസ് ജോയിൻ്റ് ഡയറക്ടർക്ക് (മിഡിൽ സോൺ) വിവരം ലഭിക്കുകയും മത്സ്യത്തൊഴിലാളികളുടെയും മത്സ്യ കർഷകരുടെയും ഉപജീവനത്തെ ബാധിക്കുന്ന തരത്തിൽ കൂടുകളിൽ വളർത്തുന്ന മത്സ്യങ്ങളും കൂട്ടത്തോടെ ചത്തുപൊങ്ങുന്നതായി കണ്ടെത്തുകയും ചെയ്തു. തുടർന്ന്, വിഷയത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്ന് ഫിഷറീസ് ജോയിൻ്റ് ഡയറക്ടർ സർവകലാശാലയോട് ആവശ്യപ്പെടുകയായിരുന്നു. വിശദമായ അന്വേഷണം നടത്തി അഞ്ചംഗ സംഘം 24-ാം തീയതിക്ക് മുമ്പായി റിപ്പോർട്ട് സമർപ്പിക്കണം.
സ്ഥാപനങ്ങളുടെ പങ്ക് തെളിഞ്ഞാൽ അടച്ചുപൂട്ടും -മന്ത്രി പി. രാജീവ്
തിരുവനന്തപുരം: പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിൽ ഏതെങ്കിലും സ്ഥാപനത്തിന്റെ പങ്കുതെളിഞ്ഞാൽ അത് അടച്ചുപൂട്ടാൻ നിർദേശിച്ചിട്ടുണ്ടെന്ന് മന്ത്രി പി രാജീവ്. സിസിടിവി കാമറ ദൃശ്യങ്ങൾ അടക്കം പരിശോധിക്കുന്നുണ്ട്. ഇതിൽ സ്ഥാപത്തിന് പങ്കുണ്ടെന്ന് തെളിഞ്ഞാൽ സ്ഥാപനം അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്റൽ എൻജിനീയറോട് നിർദേശിച്ചിട്ടുണ്ട്. ഉത്തരവാദ നിക്ഷേപം, ഉത്തരവാദ വ്യവസായം എന്നതാണ് സർക്കാരിന്റെ നയം. ഷട്ടറുകൾ തുറക്കുമ്പോൾ കർശനമായ പ്രോട്ടോക്കോൾ പാലിക്കേണ്ടതുണ്ട്. ഏതെങ്കിലും സ്ഥാപനങ്ങൾ തെറ്റായി പ്രവർത്തിച്ചിട്ടുണ്ടോയെന്ന് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ പറയാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ അടിയന്തര അന്വേഷണം നടത്താൻ ജില്ലാ കലക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. രാസമാലിന്യം കലർന്നിട്ടുണ്ടോ എന്നതടക്കം പരിശോധിക്കും. എത്രയും വേഗം റിപ്പോർട്ട് നൽകാൻ നിർദേശിച്ചിട്ടുണ്ട്. കാരണം എന്താണെന്ന് പരിശോധിക്കുന്നതിനൊപ്പം ഇത് ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടിയെടുക്കും. ജലത്തിന്റെയും ചത്തമത്സ്യങ്ങളുടേയും സാംപിളുകൾ മലിനീകരണ നിയന്ത്രണ ബോർഡ് ശേഖരിച്ച് കുഫോസ് സെൻട്രൽ ലാബിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടിയുണ്ടാകുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.