മത്സ്യക്കുരുതി:പെരിയാറിൽ അപകടകരമാംവിധം രാസസാന്നിധ്യമെന്ന് കുഫോസ്
text_fieldsകൊച്ചി: പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങിയ സംഭവത്തിൽ കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്) നടത്തിയ പ്രാഥമികാന്വേഷണത്തിൽ വെള്ളത്തിൽ രാസസാന്നിധ്യം കണ്ടെത്തി. പെരിയാറിലെ വെള്ളത്തിൽ അമോണിയം, സൾഫൈഡ് എന്നിവയുടെ അളവ് അപകടകരമാംവിധം കണ്ടെത്തിയതായി കുഫോസ് വൈസ് ചാൻസലർ പ്രദീപ് കുമാർ പറഞ്ഞു. മത്സ്യങ്ങൾ ചത്തുപൊങ്ങാൻ കാരണം രാസമാലിന്യമല്ലെന്ന മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് തള്ളുന്നതാണ് കുഫോസിന്റെ കണ്ടെത്തൽ.
വെള്ളത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതാണ് പ്രശ്നമായതെന്നാണ് ബോർഡിന്റെ റിപ്പോർട്ടിലുള്ളത്. സർവകലാശാലയിലെ ഏഴംഗ സമിതി ഫിഷറീസ് മന്ത്രി സജി ചെറിയാന് സമർപ്പിച്ച റിപ്പോർട്ടിലാണ് രാസസാന്നിധ്യം ഉയർന്ന തോതിൽ കണ്ടെത്തിയത്. പ്രാഥമിക ജലപരിശോധന ഫലമാണ് മന്ത്രിക്ക് കൈമാറിയത്. ഗവേഷകസംഘം ചത്ത മത്സ്യങ്ങളുടെയും പെരിയാറിലെ ജലത്തിന്റെയും സാമ്പിൾ ശേഖരിച്ചിരുന്നു. വിശദറിപ്പോർട്ടിന് രണ്ടാഴ്ച വേണ്ടിവരുമെന്നും അതിനായി കക്കയുടെ സാമ്പിൾ ശേഖരിച്ചിട്ടുണ്ടെന്നും വി.സി പറഞ്ഞു. ജലത്തിൽ ഓക്സിജൻ അളവ് കുറഞ്ഞതായും റിപ്പോർട്ടിലുണ്ട്.
വ്യവസായശാലകൾക്ക് പി.സി.ബി ക്ലീൻചിറ്റ് പെരിയാറിൽ രാസമാലിന്യമില്ല, ഉള്ളത്ജൈവമാലിന്യം
കളമശ്ശേരി: പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം ജലത്തിൽ അലിഞ്ഞുചേരുന്ന ഓക്സിജൻ അളവിന്റെ കുറവെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് (പി.സി.ബി). സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണച്ചുമതലയുള്ള സബ് കലക്ടർക്ക് നൽകിയ റിപ്പോർട്ടിലാണ് ഈ വിവരം. മത്സ്യങ്ങൾ ചത്തുപൊങ്ങിയ ഭാഗത്തുനിന്ന് എടുത്ത ജലത്തിന്റെയും ചത്ത മത്സ്യത്തിന്റെയും സാമ്പിൾ പരിശോധിച്ചതിൽനിന്നുള്ള ഫലമാണ് റിപ്പോർട്ടിൽ പറയുന്നത്. പരിശോധന ഫലങ്ങൾ പ്രകാരം വ്യവസായ മാലിന്യത്തിന്റെ (രാസമാലിന്യം) സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്നാണ് ബോർഡ് അവകാശപ്പെടുന്നത്.
നിലവിൽ അഞ്ച് വ്യവസായങ്ങൾക്കാണ് പെരിയാറിലേക്ക് ശുദ്ധീകരിച്ച മലിനജലം ഒഴുക്കാൻ അനുവാദമുള്ളത്. എന്നാൽ, വ്യവസായ മേഖലയിലെ കമ്പനികളിൽനിന്ന് സംസ്കരിക്കാത്ത മലിനജലം പുറംതള്ളുന്നതായി കണ്ടെത്തിയില്ല. അനധികൃതമായി മാലിന്യം ഒഴുക്കുന്നതും ശ്രദ്ധയിൽപെട്ടില്ല. ബോർഡ് സ്ഥാപിച്ച സർവയലൻസ് കാമറ പരിശോധിച്ചതിലും അനധികൃതമായതൊന്നും കണ്ടെത്താനായിട്ടില്ല. എടയാർ ഭാഗത്തെ ഒരു കമ്പനിയിൽനിന്ന് മലിനജലം ഒഴുക്കിയതിന്റെ ലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടതിന്റെ അടിസ്ഥാനത്തിൽ അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയിരിക്കുകയാണ്.മഴ ശക്തമായതിനെത്തുടർന്ന് കഴിഞ്ഞ 20ന് വൈകീട്ട് പാതാളം റെഗുലേറ്റർ ബ്രിഡ്ജിലെ മൂന്ന് ഷട്ടറുകൾ തുറന്നിരുന്നു. ഈ സമയം ബ്രിഡ്ജിന് മുകൾഭാഗത്തുനിന്ന് ഓക്സിജൻ അളവ് കുറഞ്ഞ ജലം കൂടിയ അളവിൽ താഴേക്ക് ഒഴുകിയത് മത്സ്യക്കുരുതിക്ക് കാരണമാകാമെന്നാണ് റിപ്പോർട്ടിലെ നിഗമനം. ബണ്ടിലെ ഷട്ടറുകൾ ദിവസങ്ങളോളം തുടർച്ചയായി തുറക്കാതിരിക്കുന്നതും മുകൾഭാഗത്തെ വെള്ളത്തിലെ ഓക്സിജൻ കുറയുന്നതിന് കാരണമായി.
പരിസ്ഥിതി എൻജിനീയറെ സ്ഥലംമാറ്റി
കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിക്ക് പിന്നാലെ മലിനീകരണ നിയന്ത്രണ ബോർഡിൽ സ്ഥലംമാറ്റം. ഏലൂരിലെ പരിസ്ഥിതി നിയന്ത്രണ ബോർഡ് (പി.സി.ബി) പരിസ്ഥിതി എൻജിനീയര്‍ സജീഷ് ജോയിയെയാണ് മാറ്റിയത്. ബോര്‍ഡ് റീജനൽ ഓഫിസിലെ സീനിയർ എൻവയൺമെന്റൽ എൻജിനീയർ എം.എ. ഷിജുവിനാണ് പകരം നിയമനം. മത്സ്യക്കുരുതിക്ക് പിന്നാലെ വ്യവസായ മന്ത്രി വിളിച്ച യോഗത്തിൽ ഏലൂരിൽ മുതിർന്ന ഓഫിസറെ നിയമിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സ്ഥലംമാറ്റമെന്നാണ് പി.സി.ബി വിശദീകരണം. രൂക്ഷവിമർശനമാണ് പ്രദേശവാസികൾ യോഗത്തിൽ പി.സി.ബിക്കെതിരെ ഉന്നയിച്ചത്. മത്സ്യക്കുരുതിക്ക് കാരണം രാസമാലിന്യമല്ലെന്നും വെള്ളത്തിലെ ഓക്സിജൻ കുറഞ്ഞതാണെന്നുമാണ് ബോര്‍ഡിന്റെ വിലയിരുത്തൽ. സംഭവത്തിൽ സബ് കലക്ടറുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കലക്ടർക്ക് സമർപ്പിക്കാനിരിക്കെയാണ് എൻജിനീയർക്ക് സ്ഥലംമാറ്റം. വെള്ളത്തിന്റെ സാമ്പിൾ പരിശോധനഫലവും പുറത്തുവരാനുണ്ട്. പുഴയിൽ കലർന്ന രാസമാലിന്യം ഏതാണെന്ന് അറിയേണ്ടതുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.