കുളത്തൂപ്പുഴക്കാര്ക്ക് സര്‍ക്കാര്‍ പദ്ധതികള്‍ ഇപ്പോഴും സ്വപ്നം
text_fieldsകുളത്തൂപ്പുഴ: കുളത്തൂപ്പുഴയിൽ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ ഇപ്പോഴും സ്വപ്നം മാത്രമായി അവശേഷിക്കുന്നു. കുളത്തൂപ്പുഴ അമ്പലക്കടവില്‍ നിന്ന് ആദിവാസികോളനികളിലേക്ക് പോകുന്നതിനായി ഒന്നാം പിണറായി സര്‍ക്കാറിന്റെ 2016ലെ ആദ്യ ബജറ്റില്‍ പ്രഖ്യാപിച്ച സമാന്തരപാലം ഇനിയും ടെന്‍ഡര്‍ നടപടി പോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. പത്തുകോടി രൂപ വകയിരുത്തിയ പാലം മണ്ണുപരിശോധന മാത്രം നടത്തി ഏഴു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ എപ്പോള്‍ നിര്‍മാണം ആരംഭിക്കാന്‍ കഴിയുമെന്നുപോലും പറയാന്‍ കഴിയാത്ത അവസ്ഥയിലാണ് അധികൃതര്‍. രണ്ടുതവണ രൂപരേഖയില്‍ മാറ്റം വരുത്തി എസ്റ്റിമേറ്റ് നടപടികള്‍ക്കായി സമര്‍പ്പിച്ചെങ്കിലും കരാര്‍ ഏറ്റെടുക്കാന്‍ ആരും തയാറായില്ലെന്നും തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവ് നേടി പ്രത്യേകം കരാര്‍ ഉറപ്പിക്കുന്നതിനായി ധനവകുപ്പിന്റെ അനുമതിക്കായി സമര്പ്പിച്ചിരിക്കുകയാണെന്നുമാണ് അധികൃതരുടെ വാദം.
കൂടാതെ കുളത്തൂപ്പുഴയുടെ മുഖച്ഛായ മാറ്റുമെന്ന പ്രതീക്ഷയില്‍ നാട്ടുകാര്‍ ഏറെ കാത്തിരുന്ന ആര്‍ട്സ് കോളജ്, മള്‍ട്ടി പര്‍പ്പസ് തിയറ്റര്‍, കിഴക്കന്‍മേഖല കേന്ദ്രീകരിച്ച് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച ഫയര്‍ സ്റ്റേഷന്, സബ് രജിസ്ട്രാര്‍ ഓഫിസ് കെട്ടിടം, സ്പോര്‍ട്സ് ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവയെല്ലാം വെറും പ്രഖ്യാപനങ്ങള്‍ മാത്രമായി അവശേഷിക്കുകയാണ്.
ദിനം പ്രതി വർധിച്ചുവരുന്ന വന്യമൃഗങ്ങളുടെ ശല്യത്താല്‍ ജീവിതം വഴിമുട്ടിയ പ്രദേശത്തെ കര്‍ഷകരെയും പൊതുജനങ്ങളെയും സഹായിക്കാന്‍ പര്യാപ്തമായ ഒരുവിധ പദ്ധതിയും ആവിഷ്കരിച്ച് നടപ്പാക്കാന്‍ കഴിയാത്തതും ജനങ്ങളുടെ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. പൊതുഖജനാവിലെ പണം െചലവഴിക്കാന്‍ വേണ്ടി മാത്രമായി വനം വകുപ്പ് നിര്‍മിച്ച സൗരോര്‍ജവേലികള്‍ തുടര്‍സംരക്ഷണത്തിന് പദ്ധതികളില്ലാതെ നോക്കുകുത്തികളായി മാറി. കര്‍ഷകപ്രതിഷേധം ശമിപ്പിക്കാനായി പ്രഖ്യാപിച്ച ഹാങ്ങിങ് ഫെന്‍സിങ് പദ്ധതി ഇനിയും നടപ്പായിട്ടില്ല.
കിഴക്കന്‍മേഖലയില്‍ മികച്ച വരുമാനം നേടിക്കൊടുത്തിരുന്ന കുളത്തൂപ്പുഴ കെ.എസ്.ആര്.ടി.സി ഡിപ്പോയോടുള്ള അവഗണന ഡിപ്പോയിലെ ഗാരേജ് സംവിധാനം പൊളിച്ചുനീക്കിയാണ് അധികൃതര്‍ വ്യക്തമാക്കിയത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രദേശത്തെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി പുതിയ ബസുകളോ സര്‍വിസുകളോ അനുവദിച്ചു നല്‍കിയിട്ടുമില്ല. ഗതാഗതസൗകര്യം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി നിര്‍മിച്ച മലയോര ഹൈവേയുടെ അശാസ്ത്രീയമായ അലൈന്മെന്റും നിര്‍മാണവുംമൂലം നിമിത്തം അപകടങ്ങളും വെള്ളപ്പൊക്കവും പതിവായിരിക്കുകയാണ്. പുനലൂര്‍ സബ് ഡിവിഷന് വിഭജിച്ച് രണ്ടാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ പ്രതീക്ഷ അര്‍പ്പിച്ച കുളത്തൂപ്പുഴ നിവാസികള്‍ക്ക് ആശ്വസിക്കാനുള്ള വക ഇനിയും ഉണ്ടായിട്ടില്ലെന്നതും വസ്തുതയായി തുടരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.