കുമാരനാശാൻ സ്മാരക ജലോത്സവം; ആനാരി ചുണ്ടൻ ജേതാക്കൾ
text_fieldsഹരിപ്പാട്: മഹാകവി കുമാരനാശാൻ സ്മാരക ജലോത്സവത്തിൽ ആനാരി ചുണ്ടൻ ജേതാക്കളായി. ഫൈനലിൽ നന്ദനൻ ക്യാപ്റ്റനായ ചെറുതന ചുണ്ടനെ വള്ളപ്പാടുകൾ പിന്നിലാക്കിയാണ് അജി എബ്രഹാം നേതൃത്വം നൽകിയ ആനാരി ചുണ്ടൻ കപ്പിൽ മുത്തമിട്ടത്. ചുണ്ടൻ വള്ളങ്ങളുടെ പ്രദർശന മത്സരത്തിലും ചെറുതനയെ പിന്നിലാക്കി ആനാരി ചുണ്ടൻ വിജയിച്ചു. ഫൈബർ ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ മത്സരത്തിൽ കാശി ക്യാപ്റ്റനായ മഹാദേവികാട് ഒന്നാമതെത്തി. വിഷ്ണു ക്യാപ്റ്റനായ തൃക്കുന്നപ്പുഴ രണ്ടാമത് എത്തി.
ഇരുട്ടുകുത്തി വള്ളങ്ങളുടെ ഫൈനലിൽ പ്രമോദ് എച്ച്. ഉണ്ണി ക്യാപ്റ്റനായ ദാനിയേൽ വള്ളം ഒന്നാമതും, കരിപ്പുഴ ബോബിൻ ക്യാപ്റ്റനായ ജലറാണി രണ്ടാമതും ഫിനിഷ് ചെയ്തു. തെക്കനോടി തറ വള്ളങ്ങളുടെ ഫൈനൽ മത്സരത്തിൽ വാവച്ചൻ ക്യാപ്റ്റനായ കാട്ടിൽതെക്കതിൽ ഒന്നും, ഹരീഷ് ക്യാപ്റ്റനായ ദേവസ് രണ്ടും സ്ഥാനങ്ങൾ നേടി. തെക്കനോടി കെട്ട് വള്ളങ്ങളുടെ ഫൈനൽ മത്സരത്തിൽ വിഷ്ണു ക്യാപ്റ്റനായ പടിഞ്ഞാറേപറമ്പൻ, കണ്ണൻ ക്യാപ്റ്റനായ കമ്പിനി വള്ളങ്ങൾ യഥാക്രമം ഒന്നും, രണ്ടും സ്ഥാനങ്ങൾ നേടി.
കെ.വി. ജെട്ടി പല്ലനയാറ്റിൽ നടന്ന ജലോത്സവം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജലോത്സവത്തിന് തൃക്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് എസ്. വിനോദ് കുമാർ പതാക ഉയർത്തി. ജലോത്സവ സമിതി പ്രസിഡന്റ് യു. ദിലീപ് അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിര സമിതി അധ്യക്ഷൻ ടി.എസ്. താഹ, ജില്ല പഞ്ചായത്ത് അംഗം എ. ശോഭ, കുമാരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. സൂസി, ബ്ലോക്ക് പഞ്ചായത്ത് അംഗം എൽ. യമുന, നാദിറ ഷക്കീർ, സിയാർ തൃക്കുന്നപ്പുഴ, സി.എച്ച്. സാലി, ജെ. മായ, അർച്ചന ദിലീപ്, എ. കെ. രാജൻ, സി. വി രാജീവ്, പ്രണവം ശ്രീകുമാർ, എസ്. സുരേഷ്കുമാർ, വി. ബെന്നികുമാർ, സുജിത് തുടങ്ങിയവർ സംസാരിച്ചു. സ്മൃതി കുടീരത്തിൽ പുഷ്പാർച്ചനക്ക് ശേഷം മാസ് ഡ്രില്ലും തുടർന്ന് മത്സര വള്ളംകളിയും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.