കുമാരപുരം ബാങ്ക് ക്രമക്കേട്: സഹകരണവകുപ്പ് അന്വേഷണം തുടങ്ങി
text_fieldsആലപ്പുഴ: സി.പി.എം ഭരിക്കുന്ന കുമാരപുരം സഹകരണ ബാങ്കിൽ കണ്ടെത്തിയ ക്രമക്കേടുകളെപ്പറ്റി സഹകരണ മന്ത്രിയുടെ ഓഫിസ് റിപ്പോർട്ട് തേടി.ഇതനുസരിച്ച് സഹകരണ വകുപ്പ് കാർത്തികപ്പള്ളി അസി. രജിസ്ട്രാർ ഓഫിസിലെ ഉദ്യോഗസ്ഥർ ബാങ്കിലെത്തി പരിശോധന തുടങ്ങി. നേരത്തേ ബാങ്ക് ഉദ്യോഗസ്ഥർ നടത്തിയ ആഭ്യന്തര പരിശോധനയിലാണ് നാരകത്തറ ശാഖയിൽ ക്രമക്കേട് കണ്ടെത്തിയത്. സ്വർണ്ണപ്പണയം, മറ്റു വായ്പകൾ തുടങ്ങിയവയിലാണ് പ്രധാനമായും ക്രമക്കേട്.
അതിനിടെ തിരിമറി നടത്തിയെന്ന് സംശയിക്കപ്പെടുന്ന ഇടപാടുകളിലെ വലിയ പങ്ക് തുക ബന്ധപ്പെട്ടവർ തിരിച്ചടച്ചതായി സൂചനയുണ്ട്. ഇല്ലാത്തയാളുടെ പേരിലെ അക്കൗണ്ട് വഴി പണം പിൻവലിച്ചതും ഇതിൽ ഉൾപ്പെടും. എട്ട് ഉദ്യോഗസ്ഥരാണ് രാവിലെ മുതൽ ബാങ്കിലെ രേഖകൾ പരിശോധിച്ചത്.
ക്രമക്കേട് വ്യക്തമാക്കുന്ന ഒട്ടേറെ വിവരങ്ങൾ സംഘം കണ്ടെത്തിയെന്ന് സൂചനയുണ്ട്. ബാങ്ക് ജീവനക്കാരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. ക്രമക്കേടിന് കാരണം ചില ഉദ്യോഗസ്ഥരുടെ മാത്രം വീഴ്ചയാണെന്ന നിലപാടിലാണ് ഭരണനേതൃത്വം. രേഖകൾ പ്രകാരമുള്ള വീഴ്ചകൾക്ക് ഉത്തരവാദികളായ ജീവനക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന സൂചനയും ഭരണസമിതി നൽകുന്നു.
നാരകത്തറ ശാഖയിലെ പരിശോധന മിക്കവാറും പൂർത്തിയായി. ബാങ്ക് ആസ്ഥാനമായ എരിക്കാവിലും മറ്റൊരു ശാഖയായ മണികണ്ഠൻചിറയിലും പരിശോധന അടുത്ത ദിവസങ്ങളിലുണ്ടാകും. എന്നാൽ, നാരകത്തറ ശാഖയിൽ മാത്രമേ പ്രശ്നങ്ങളുള്ളൂവെന്നാണ് ബാങ്ക് അധികൃതരുടെ നിലപാട്.
നാരകത്തറ ശാഖയിൽ ചുമതലയേൽക്കാനെത്തിയ ഉദ്യോഗസ്ഥ അവിടെ മാത്രമേ പരിശോധന നടത്തിയിരുന്നുള്ളൂ.ഇതിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. ക്രമക്കേട് സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നും സഹകരണ വകുപ്പ് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.