കുമാരപുരം ബാങ്ക് ക്രമക്കേട്: രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ; ചിലരെ ഒഴിവാക്കിയെന്ന് വിമർശനം
text_fieldsആലപ്പുഴ: സി.പി.എം ഭരിക്കുന്ന കുമാരപുരം സഹകരണ ബാങ്കിലെ വായ്പ ക്രമക്കേടുമായി ബന്ധപ്പെട്ട് രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. ചൊവ്വാഴ്ച ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനം. ക്രമക്കേട് നടന്ന ശാഖയുടെ ചുമതലയുള്ള സുജിത്ത്, കാഷ്യർ സി. മധു എന്നിവർക്കെതിരെയാണ് നടപടി. മധു സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമാണ്. അതേസമയം, ക്രമക്കേട് പുറത്തുവന്നപ്പോൾ 14.7 ലക്ഷം രൂപ തിരിച്ചടച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ച ജീവനക്കാരനെതിരെ നടപടിയെടുത്തിട്ടില്ല.
സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെ പണം തിരിച്ചടച്ച് നടപടിയിൽനിന്ന് രക്ഷപ്പെടാൻ ഈ ജീവനക്കാരൻ ശ്രമിച്ചെന്ന് ആക്ഷേപമുണ്ടായിരുന്നു. തിരിച്ചടക്കാൻ പണം ഇതേ ബാങ്കിൽനിന്നുതന്നെ വായ്പയായി അനുവദിച്ചെന്ന വിമർശനവും സി.പി.എം ജില്ല സെക്രട്ടേറിയറ്റിൽ ഉയർന്നു. സസ്പെൻഷൻ നടപടിക്ക് പിന്നാലെ ചിലരെ ഒഴിവാക്കിയെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ജില്ല നേതൃത്വത്തിന്‍റെ സമ്മർദം കാരണമാണ് ഇപ്പോഴത്തെ നടപടിയെന്നാണ് സൂചന. ജില്ല സെക്രട്ടേറിയറ്റ് അംഗം എം. സത്യപാലനാണ് ബാങ്ക് പ്രസിഡന്‍റ്.
ബുധനാഴ്ച ചേർന്ന സി.പി.എം ഹരിപ്പാട് ഏരിയ കമ്മിറ്റി യോഗത്തിൽ ബാങ്ക് വിഷയത്തിൽ ജില്ല സെക്രട്ടേറിയറ്റിനെതിരെ വിമർശനം ഉയർന്നിരുന്നു. ക്രമക്കേട് അന്വേഷിക്കാൻ സെക്രട്ടേറിയറ്റ് കമീഷനെ നിയോഗിച്ചതാണ് ഒരുവിഭാഗം അംഗങ്ങൾ ചോദ്യം ചെയ്തത്. സത്യപാലൻ നിരപരാധിത്വം വിശദീകരിക്കണമെന്നും 'പാർട്ടിയിലെ ഒറ്റുകാർക്കെതിരെ' നിലപാടെടുക്കാനും ഏരിയ കമ്മിറ്റി തീരുമാനിച്ചു. പാർട്ടി കമീഷന്‍റെ അന്വേഷണം തുടങ്ങുംമുമ്പേ ജീവനക്കാരെ സസ്പെൻഡ് ചെയ്തതും ചിലർ ചോദ്യം ചെയ്തു. ബാങ്ക് വിഷയത്തിൽ, പരാതി നൽകിയവർക്കെതിരെ നടപടിയുണ്ടാകുമെന്ന് സത്യപാലൻ യോഗത്തിൽ സൂചന നൽകി.
13ന് കുമാരപുരം സൗത്ത് ലോക്കൽ കമ്മിറ്റി ജനറൽ ബോഡി ചേരാൻ കത്തയക്കാനും തീരുമാനിച്ചു. കുടുംബശ്രീ ഘടകങ്ങളെയും മറ്റും വിളിച്ചുചേർത്ത് കാര്യങ്ങൾ വിശദീകരിക്കാനാണ് തീരുമാനം. നേരത്തേ തന്നെ പാർട്ടിയിൽ വിഭാഗീയത നിലനിൽക്കുന്ന മേഖലയിൽ കുമാരപുരം ബാങ്കിലെ ക്രമക്കേട് പ്രശ്നം, സ്ഥിതി വഷളാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.