കുമാരസ്വാമിയുടെ പിണറായി സ്തുതി; ദൾ കേരളഘടകം വീണ്ടും പ്രതിരോധത്തിൽ, സി.പി.എമ്മും
text_fieldsതിരുവനന്തപുരം: ജനതാദൾ എസ് ദേശീയ പ്രസിഡന്റ് എച്ച്.ഡി. ദേവഗൗഡയുടെ മലക്കംമറിച്ചിൽ ഇടതുമുന്നണിക്ക് ആശ്വാസമായെങ്കിലും പിന്നാലെ മകനും കർണാടക മുൻ മുഖ്യമന്ത്രിയുമായ കുമാരസ്വാമിയുടെ പിണറായി സ്തുതിയിൽ സി.പി.എമ്മും ജെ.ഡി.എസ് കേരള ഘടകവും വീണ്ടും പ്രതിരോധത്തിൽ.
ബി.ജെ.പി സഖ്യം മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്ന പരാമർശം വിവാദമായതോടെയാണ് ഗൗഡ പിൻവലിച്ചത്. പിന്നാലെ ഗൗഡയെ തിരുത്തിയും നിലപാട് വിശദീകരിച്ചും സംസാരിക്കവെ, കേരളഘടകത്തെ ഇടതുമുന്നണിയിൽ നിലനിർത്തുന്നതിൽ പിണറായിയെ പുകഴ്ത്തുന്നുവെന്നാണ് കുമാരസ്വാമി പറഞ്ഞത്.
കർണാടകയിൽ ബി.ജെ.പിക്കൊപ്പം നിൽക്കുമ്പോഴും കേരളത്തിൽ ഇടതുമുന്നണിക്കൊപ്പം തുടരുന്നതിൽ ആശയപ്രശ്നമില്ലെന്നുകൂടി അടിവരയിട്ടതിലൂടെ ഫലത്തിൽ ദേശീയനേതൃത്വത്തിന്റെ അനുവാദത്തോടെയാണ് കേരളഘടകത്തിന്റെ നിലപാടെന്ന് വരുകയാണ്. ‘എൻ.ഡി.എ ഘടകകക്ഷി കേരളത്തിലെ ഇടതുമന്ത്രിസഭയിലെന്ന’ പ്രതിപക്ഷ ആക്രമണങ്ങളിൽ കാര്യമായ പ്രതിരോധമുയർത്താൻ ഇടതുമുന്നണിക്കും സി.പി.എമ്മിനും കഴിഞ്ഞിട്ടില്ല.
വിവാദങ്ങൾ മറികടക്കാൻ ദൾ കേരള ഘടകത്തെ ചേർത്തുനിർത്തുന്ന നിലപാട് മുഖ്യമന്ത്രി കൈക്കൊണ്ടെങ്കിലും അത് അധികനാൾ തുടരാനാവില്ല. മുഖ്യശത്രുവായ ബി.ജെ.പിക്കെതിരെ ലോക്സഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന സാഹചര്യത്തിൽ വിശേഷിച്ചും.
ജെ.ഡി.എസ് ബി.ജെ.പിസഖ്യത്തിലെത്തിയിട്ടും ഇടതുമുന്നണിയിലും മന്ത്രിസഭയിലും തുടരുകയാണെന്നും സി.പി.എം മൃദുസമീപനം കാട്ടുകയാണെന്നും ആക്ഷേപം ഉയർന്നിരുന്നു. തങ്ങൾ ദേശീയ നേതൃത്വത്തിനൊപ്പമില്ലെന്ന് രേഖാമൂലം കേരള ഘടകം അറിയിച്ചെന്നുപറഞ്ഞാണ് ഇടതുമുന്നണി പ്രതിരോധിച്ചിരുന്നത്.
ജെ.ഡി.എസിന്റെ ഇരട്ടനിലപാട് ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള രഹസ്യബന്ധത്തിന്റെ തെളിവാണെന്ന തരത്തിൽ പ്രതിപക്ഷം ജനങ്ങളിലേക്കിറങ്ങിയാൽ കടുത്ത പ്രഹരമാകുമെന്ന് സി.പി.എമ്മിന് ബോധ്യമുണ്ട്. നേരേത്ത ദേശീയ നേതൃത്വത്തിന്റെ നിലപാടിന്റെ പേരിൽ എൻ.സി.പി കേരളഘടകത്തെ മുന്നണിയോഗത്തിൽനിന്ന് ഇറക്കിവിട്ട ചരിത്രവുമുണ്ട്. എന്നാൽ, ബി.ജെ.പിയോട് പരസ്യബാന്ധവം പ്രഖ്യാപിച്ച പാർട്ടിയുടെ കേരളഘടകത്തോട് സി.പി.എമ്മിന് പഴയ കാർക്കശ്യമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.