കുമ്പള ക്ഷേത്രക്കവർച്ച: പ്രതികളുടേതെന്ന് സംശയിക്കുന്ന വിരലടയാളങ്ങൾ ലഭിച്ചു
text_fieldsകുമ്പള: കുമ്പള ദേശീയപാതയോരത്തെ അയ്യപ്പ സ്വാമിക്ഷേത്രത്തിൽ നിന്നു സ്വർണവും വെള്ളി ആഭരണങ്ങളും കവർന്ന സംഭവത്തിൽ പ്രതികളുടേതെന്ന് സംശയിക്കുന്ന പത്തിലേറെ വിരലടയാളങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. തിങ്കളാഴ്ച പുലർച്ചെയാണ് കവർച്ച നടന്നത്.
ക്ഷേത്രത്തിന്‍റെ മുൻവശത്തെ പൂട്ടുംവാതിലും തകർത്ത് ശ്രീകോവിലിനുള്ളിൽ നിന്ന് ഒന്നര പവന്‍റെ സ്വർണമാല, വെള്ളി കൈവളകൾ, നാലു മണികൾ, രണ്ടു കാണിക്ക എന്നിവയാണ് കവർന്നത്. ഭണ്ഡാരം തകർത്ത് അതിനുള്ളിലുണ്ടായിരുന്ന പണവും എടുത്തിരുന്നു. രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് പരാതിയിൽ പറയുന്നത്.
ക്ഷേത്ര പൂജാരി ജയറാം ഭട്ട് രാവിലെ പൂജാദികർമങ്ങൾക്കായി എത്തിയപ്പോഴാണു കവർച്ച ശ്രദ്ധയിൽപ്പെട്ടത്. കാസർകോട് നിന്നുള്ള പൊലീസ് ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. വാഹനത്തിലെത്തിയ സംഘമാണ് കവർച്ച നടത്തിയതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
സമീപത്തെ സി.സി.ടി.വി കാമറകൾ പൊലീസ് പരിശോധിച്ചു വരുന്നുണ്ട്. അന്വേഷണത്തിന്‍റെ ഭാഗമായി കുമ്പള, മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ കവർച്ചക്കേസിൽ അറസ്റ്റിലായി പിന്നീട് പുറത്തിറങ്ങിയ പ്രതികളുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.