കുമ്പള: ഒടുവിൽ ബി.ജെ.പി ബന്ധം വിട്ട് സി.പി.എം
text_fieldsകാസർകോട്: കുമ്പള ഗ്രാമപഞ്ചായത്തിൽ ബി.ജെ.പിയുമായുണ്ടാക്കിയ പരസ്യധാരണയിൽനിന്ന് ഒടുവിൽ സി.പി.എമ്മിന്റെ പിന്മാറ്റം. യു.ഡി.എഫ് ഭരിക്കുന്ന ഗ്രാമപഞ്ചായത്തിലെ മൂന്ന് സ്ഥിരംസമിതികൾ പിടിച്ചെടുക്കാനാണ് ബി.ജെ.പിയുമായി സി.പി.എം കൈകോർത്തത്. കേരളമാകെ ചർച്ചയായിട്ടും സ്ഥിരംസമിതി അധ്യക്ഷപദവി വിട്ടുകൊടുക്കാൻ പാർട്ടി തയാറായില്ല. സി.പി.എം ബന്ധത്തിനെതിരെ ബി.ജെ.പിയിൽ കലാപമായപ്പോൾ ഒരുവർഷത്തിനുശേഷം സി.പി.എം അംഗം കൊഗ്ഗുവിന് രാജിവെക്കേണ്ടിവന്നു.
23 അംഗ ഭരണസമിതിയിൽ യു.ഡി.എഫ് 11, ബി.ജെ.പി ഒമ്പത്, എൽ.ഡി.എഫ് മൂന്ന് എന്നിങ്ങനെയാണ് കുമ്പളയിലെ കക്ഷിനില. മൂന്ന് സ്ഥിരം സമിതികളിൽ രണ്ടും ബി.ജെ.പിക്ക് വാഗ്ദാനം ചെയ്താണ് സി.പി.എം ധാരണയുണ്ടാക്കിയത്. ബി.ജെ.പിയിലെ ജില്ല പ്രസിഡന്റും സംസ്ഥാന സമിതിയംഗവും പ്രാദേശിക നേതാക്കളും ഇതിന് പച്ചക്കൊടി കാണിച്ചതോടെ കാര്യം സാധിച്ചു.
പാർട്ടിക്കകത്തും പുറത്തുമുണ്ടായ എതിർപ്പുകളെല്ലാം സി.പി.എം അവഗണിച്ചു. എന്നാൽ, ബി.ജെ.പിയിൽ വിഷയം കത്തിപ്പടർന്നു. ബി.എം.എസ് പ്രവർത്തകൻ വിനു കൊല്ലപ്പെട്ട കേസിലെ പ്രതിയെന്ന നിലക്ക് സി.പി.എം അംഗത്തെ സ്ഥിരം സമിതി അധ്യക്ഷനാക്കിയത് ഒരുവിഭാഗം എതിർത്തു.
ബി.ജെ.പിയിലെ കലഹം പരിധിവിട്ടതും വധക്കേസിലെ വിധി ഹൈകോടതി ശരിവെച്ച സാഹചര്യവുമെല്ലാം കണക്കിലെടുത്ത് സി.പി.എം അംഗം കൊഗ്ഗു സ്ഥിരംസമിതി അധ്യക്ഷ പദവി വിടാൻ നിർബന്ധിതമായി.
എന്നാൽ, ബി.ജെ.പി ബന്ധം അവസാനിപ്പിക്കാനും രാജിവെക്കാനും നേരത്തേ തീരുമാനിച്ചതാണെന്ന് സി.പി.എം ഏരിയ സെക്രട്ടറി സി.എ. സുബൈർ 'മാധ്യമ'ത്തോട് പറഞ്ഞു. ഹൈകോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.