കൊലക്കേസിൽ ശിക്ഷ ലഭിച്ച കുമ്പള ഗ്രാമപഞ്ചായത്ത് സി.പി.എം അംഗം രാജിവെച്ചു
text_fieldsകുമ്പള: പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പദവിയെച്ചൊല്ലി ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച, കുമ്പള ഗ്രാമ പഞ്ചായത്ത് വികസന സ്ഥിരം സമിതി മുൻ അധ്യക്ഷൻ കൂടിയായ സി.പി.എം അംഗം കൊഗ്ഗു പഞ്ചായത്ത് അംഗത്വം രാജിവെച്ചു. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു രാജിക്കത്ത് പഞ്ചായത്ത് സെക്രട്ടറിക്ക് ലഭിച്ചത്. 2008ൽ ബി.എം.എസ് പ്രവർത്തകൻ വിനുവിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായിരുന്ന കൊഗ്ഗുവിനെ കോടതി ശിക്ഷിച്ചിരുന്നു. ഇതേതുടർന്നാണ് രാജി.
പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം സ്വതന്ത്ര അംഗങ്ങൾ ഉൾപ്പെടെ കേവലം മൂന്നംഗ ബലമുള്ള സി.പി.എം, പ്രതിപക്ഷമായ ബി.ജെ.പിയുടെ ഒമ്പതംഗങ്ങളുടെ വോട്ടിൽ സ്ഥിരം സമിതി അധ്യക്ഷ പദവി നേടിയത് വിവാദമായിരുന്നു. പ്രത്യുപകാരമായി ബി.ജെ.പിക്ക് രണ്ട് സ്ഥിരം സമിതി അധ്യക്ഷ പദവികൾ ലഭിക്കാൻ സി.പി.എം അംഗങ്ങൾ വോട്ടു ചെയ്യുകയും ചെയ്തു. കൊഗ്ഗുവായിരുന്നു സി.പി.എം പക്ഷത്തുനിന്നുള്ള സ്ഥിരം സമിതി അധ്യക്ഷൻ.
എന്നാൽ, ബി.എം.എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായിരുന്ന കൊഗ്ഗുവിനെ ബി.ജെ.പി അംഗങ്ങൾ സ്ഥിരം സമിതി സ്ഥാനത്തേക്ക് പിന്തുണച്ചതും സി.പി.എം പിന്തുണയോടെ അധ്യക്ഷ പദവികൾ നേടിയതും ബി.ജെ.പിയിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചു. അതിനിടെയാണ് വിനു വധക്കേസിൽ കൊഗ്ഗു ഉൾപ്പെടെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയും ശിക്ഷ വിധിക്കുകയും ചെയ്യുന്നത്.
ഈ സംഭവം ബി.ജെ.പിക്കകത്ത് പ്രതിഷേധം ആളിക്കത്താൻ കാരണമായി. പ്രതിഷേധച്ചൂടിൽ പിടിച്ചു നിൽക്കാനാവാതെ രണ്ടുമാസം മുമ്പ് സി.പി.എം, ബി.ജെ.പി സ്ഥിരം സമിതി അധ്യക്ഷന്മാർ തൽസ്ഥാനങ്ങൾ രാജിവെച്ചിരുന്നു. പിന്നീട് ജയിലിലായ കൊഗ്ഗു രാജിക്കത്ത് തയാറാക്കി ജയിൽ സൂപ്രണ്ട് സാക്ഷ്യപ്പെടുത്തിയാണ് പഞ്ചായത്ത് അംഗത്വം രാജിവെച്ചുകൊണ്ട് സെക്രട്ടറിക്ക് കത്ത് അയച്ചുകൊടുത്തത്. വ്യാഴാഴ്ച സെക്രട്ടറിക്ക് കത്ത് ലഭിച്ചുവെങ്കിലും വെള്ളിയാഴ്ചയാണ് രാജിവിവരം പുറത്തറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.