കുമളിയിൽ കാറിൽ യാത്രികൻ വെന്തുമരിച്ചതിൽ ദുരൂഹത
text_fieldsകുമളി: ദേശീയപാതയിൽ കാറിന് തീപിടിച്ച് യാത്രക്കാരൻ വെന്തുമരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. കാറിനുള്ളിൽ തീപിടിച്ചത് സംബന്ധിച്ച സംശയങ്ങളാണ് അധികൃതരെ കുഴക്കുന്നത്. അപകടത്തിൽ മരിച്ചത് കുമളി കൊല്ലം പട്ടട കുരിശുമല സ്വദേശി റോയി സെബാസ്റ്റ്യൻ (64) ആണെന്ന് തിരിച്ചറിഞ്ഞു.
സർക്കാർ മദ്യവിൽപനശാലയിലെ മുൻ ജീവനക്കാരനായിരുന്നു റോയി സെബാസ്റ്റ്യൻ. തിങ്കളാഴ്ച വൈകീട്ട് കുമളി ഒന്നാംമൈലിൽ സുഹൃത്തുക്കൾക്കൊപ്പം ഉണ്ടായിരുന്ന റോയി പിന്നീട് വണ്ടിപ്പെരിയാർ ഭാഗത്തേക്ക് പോയി. മടങ്ങിവരുന്നതിനിടെ സ്പ്രിങ്വാലി ഇറക്കത്തിൽ വെച്ചാണ് റോഡിന് നടുവിൽ നിർത്തിയിട്ട നിലയിൽ കാർ കണ്ടത്.
കാറിൽ പടർന്ന തീകണ്ട് ദേശീയപാതയിലൂടെ വന്ന കെ.എസ്.ആർ.ടി.സി ബസിൽനിന്ന് പുറത്തിറങ്ങിയ മുണ്ടക്കയം സ്വദേശിയും ബാങ്ക് ജീവനക്കാരനുമായ ഫൈസലും മറ്റൊരാളും ചേർന്ന് തടിക്കഷണം ഉപയോഗിച്ച് കാറിന്‍റെ ചില്ല് തകർത്തെങ്കിലും റോയിയെ പുറത്തിറക്കാനായില്ല. സീറ്റ് ബെൽറ്റ് മുറുകിയതിനാലാണ് പുറത്തിറക്കാൻ പറ്റാതിരുന്നതെന്ന് ഫൈസൽ ‘മാധ്യമ’ത്തോട് പറഞ്ഞു.
സംസ്കാരം ബുധനാഴ്ച രാവിലെ 11ന് അട്ടപ്പള്ളം സെന്‍റ് തോമസ് ഫെറോന പള്ളി സെമിത്തേരിയിൽ നടക്കും. ഡോളിയാണ് ഭാര്യ. മക്കൾ: ബുൾബുൾ, യെസബേൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.