ചേകന്നൂര്‍ വധം: പുനരന്വേഷണം വേണം -കുമ്മനം
text_fieldsഎടപ്പാള്‍: ചേകന്നൂര്‍ മൗലവി വധക്കേസില്‍ സമഗ്ര പുനരന്വേഷണം വേണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരന്‍. കാവില്‍പ്പടിയിലെ മൗലവിയുടെ വീട്ടിലെത്തി ഭാര്യ ഹവ്വാഉമ്മയെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൗലവി കേസില്‍ യഥാര്‍ഥ പ്രതികള്‍ ആരാണെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. തിരോധാനത്തിെൻറ യഥാർഥ ചിത്രം പുറത്തുവരണം. ഭീകരവാദത്തിെൻറ ഇരയാണ് മൗലവി. കേസ് പുനരന്വേഷിക്കണമെന്ന് പാര്‍ട്ടി കേന്ദ്രത്തോട് ആവശ്യപ്പെടും. സംസ്ഥാന സര്‍ക്കാറും ഈ ആവശ്യം ഉന്നയിക്കാന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
1921ലെ മലബാർ കലാപത്തെ സ്വാതന്ത്ര്യസമരമായി ചിത്രീകരിക്കുന്നത് ശരിയല്ല. അത് വര്‍ഗീയ കലാപമായിരുന്നു. ഭീകരവാദത്തിെൻറ തുടക്കംതന്നെ മലബാര്‍ കലാപമാണ്. ഇതിെൻറ നൂറാം വാര്‍ഷികം 2021ല്‍ ആഘോഷിക്കാന്‍ ചില തീവ്രവാദ സംഘടനകള്‍ നടത്തുന്ന ശ്രമം തടയാന്‍ സര്‍ക്കാര്‍ തയാറാകണം. മന്ത്രി തോമസ് ചാണ്ടിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാനും മന്ത്രിസഭയില്‍നിന്ന് പുറത്താക്കാനും സി.പി.എം തയാറാകണം. മന്ത്രിയുടെ കായല്‍ കൈയേറ്റങ്ങള്‍ക്കെതിരെ ശക്തമായ സമരം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആശയങ്ങളെ ആശയങ്ങൾകൊണ്ട് നേരിടാതെ അവയെ ഇല്ലാതാക്കുന്നതിെൻറ ഇരയാണ് ചേകന്നൂര്‍ മൗലവിയെന്ന് കുമ്മനത്തോടൊപ്പമുണ്ടായിരുന്ന ബിജെപി ദേശീയ വക്താവും മുന്‍ കേന്ദ്രമന്ത്രിയുമായ ഷാനവാസ് ഹുസൈൻ പറഞ്ഞു. അമിത് ഷായുടെ മകനെതിരെ ഉയര്‍ന്ന സാമ്പത്തിക ആരോപണം പ്രതിപക്ഷങ്ങളുടെ കെട്ടുകഥ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
വി. മുരളീധരന്‍, രവി തേലത്ത്, രാജീവ് കല്ലംമുക്ക് എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്നു. രാവിലെ ശുകപുരം കുളങ്കര ഭഗവതി ക്ഷേത്രം, പെരുമ്പറമ്പ് മഹാദേവ ക്ഷേത്രം എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തിയ ശേഷമാണ് കുമ്മനം, മൗലവിയുടെ വീട്ടിലെത്തിയത്. മൗലവിയുടെ ഫോട്ടോയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് നേതാക്കള്‍ പാലക്കാട് ജില്ലയിലേക്ക് യാത്ര തിരിച്ചത്.
‘പ്രസ്താവന സ്വാഗതാർഹം’
എടപ്പാള്‍: ചേകന്നൂര്‍ മൗലവി കേസില്‍ പുനരന്വേഷണത്തിന് കേന്ദ്രത്തില്‍ സമ്മർദം ചെലുത്താമെന്ന കുമ്മനം രാജശേഖരെൻറ വാഗ്ദാനം സ്വാഗതാര്‍ഹമാണെന്ന് ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി സംസ്ഥാന പ്രസിഡൻറും മൗലവിയുടെ അമ്മാവനുമായ സാലിം ഹാജി പറഞ്ഞു. കേസ് തീര്‍പ്പാക്കാന്‍ ഇനിയും ബാക്കിയാണ്. സി.ബി.ഐ സെഷന്‍ കോടതി വിധിക്കെതിരെ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി ഹൈകോടതിയില്‍ നല്‍കിയ റിവിഷന്‍ പെറ്റീഷന്‍ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.