പിണറായി ചോരക്കൊതി പൂണ്ട ചെന്നായയെപ്പോലെ- കുമ്മനം
text_fieldsതിരുവനന്തപുരം: പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലുണ്ടായ അക്രമ സംഭവങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻെറ നിലപാടുകളെ രൂക്ഷമായി വിമർശിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. അക്രമ സംഭവങ്ങളിൽ കേരള മുഖ്യമന്ത്രിയും ചില മന്ത്രിമാരും ഉറഞ്ഞു തുള്ളുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. വിഷയത്തിൽ ചോരക്കൊതി പൂണ്ട ചെന്നായയെപ്പോലെയാണ് കേരളാ മുഖ്യമന്ത്രിയുടെ പെരുമാറ്റമെന്നും കുമ്മനം ഫേസ്ബുക്കിൽ കുറിച്ചു.
കുമ്മനത്തിൻെറ ഫേസ്ബുക്ക് പോസ്റ്റ്
ദേരാസച്ചാ സൗദാ നേതാവ് റാംറഹിം സിംഗിനെതിരായ കോടതി വിധിയെ തുടർന്ന് പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലുണ്ടായ അക്രമ സംഭവങ്ങൾ ദൗർഭാഗ്യകരമാണ്. നിയമസംവിധാനങ്ങളിൽ വിശ്വസിക്കുന്ന ഒരാൾക്കും അംഗീകരിക്കാൻ സാധിക്കാത്ത സംഭവങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസമായി ഇവിടങ്ങളിലുണ്ടായത്. അക്രമികളെ സർക്കാർ കർശനമായി നേരിട്ടതിന്‍റെ ഫലമായി 35 ഓളം പേരാണ് കൊല്ലപ്പെട്ടത്. 15,000 കേന്ദ്രസേനാംഗങ്ങളെയും,പട്ടാളത്തേയും വിന്യസിച്ച് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ കേന്ദ്രസർക്കാരും സഹകരിക്കുകയുണ്ടായി.
എന്നാൽ ഇതിന്‍റെ പേരിൽ കേരള മുഖ്യമന്ത്രിയും ചില മന്ത്രിമാരും ഉറഞ്ഞു തുള്ളുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. കേരള ജനസംഖ്യയോളം വരുന്ന അനുയായി വൃന്ദമുള്ള ഒരു നേതാവാണ് രാംറഹിംസിംഗ്. അവരുടെ നേതാവ് ജയിലിലാകാൻ പോകുന്നു എന്നറിഞ്ഞതോടെ അവർ അക്രമകാരികളാവുകയായിരുന്നു. സർവ്വശക്തിയുമെടുത്ത് അവിടുത്തെ ഭരണാധികാരികൾ അതിനെ അടിച്ചമർത്തുകയും ചെയ്തു. ഉത്തരേന്ത്യയിലെ കലാപങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോഴാണ് കേന്ദ്രസർക്കാരിന്‍റെ ഇടപെടൽ എത്ര ക്രിയാത്മകമായിരുന്നു എന്ന് മനസ്സിലാവുക. എന്നാൽ അതിനിടയിൽ ചോരക്കൊതി പൂണ്ട ചെന്നായയെപ്പോലെ കേരളാ മുഖ്യമന്ത്രി പെരുമാറിയത് അസഹനീയമാണ്. 1979 ൽ ബംഗാളിലെ നേതാജി നഗറിൽ നടന്ന ദളിത് വേട്ട പിണറായി വിജയൻ ഓർക്കുന്നത് നന്നായിരിക്കും. ജ്യോതിബസു സർക്കാരിന്‍റെ വാക്ക് വിശ്വസിച്ച് ദണ്ഡകാരണ്യ വനത്തിൽ നിന്ന് ജന്മനാട്ടിലേക്ക് തിരികെയത്തിയ പിന്നാക്കവിഭാഗങ്ങൾക്ക് നേരെ നടത്തിയ വെടിവെയ്പ്പിൽ ആയിരത്തോളം ആൾക്കാരാണ് കൊല്ലപ്പെട്ടത്.
അന്യസംസ്ഥാനങ്ങളിലെ ക്രമസമാധാന നില ഓർത്ത് വേവലാതി കൊള്ളുന്ന പിണറായിയും മന്ത്രിമാരും സ്വന്തം സ്ഥലത്തെ ക്രമസാധാന നില ഭദ്രമാക്കാനാണ് ആദ്യം ശ്രമിക്കേണ്ടത്. ലാവലിൻ കേസിൽ പിണറായി വിജയനെ അറസ്റ്റ് ചെയ്താൽ കേരളം കത്തുമെന്ന് ഭീഷണി മുഴക്കിയത് സിപിഎമ്മിന്‍റെ കേന്ദ്രക്കമ്മിറ്റിയംഗമായ ഇ പി ജയരാജനാണ്. ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതിയായ കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്ന പി മോഹനൻ അറസ്റ്റ് ചെയ്യപ്പെട്ട ദിവസം കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിൽ ഉണ്ടായ അക്രമവും കേരള ജനത മറന്നിട്ടില്ല.
പഞ്ചാബ്-ഹരിയാന സംസ്ഥാനങ്ങളിലുള്ള മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച മുഖ്യമന്ത്രി സ്വന്തം മണ്ഡലത്തിലെ ജനങ്ങളുടെ സുരക്ഷ ആദ്യം ഉറപ്പാക്കണം. ബിജെപി കേന്ദ്രം ഭരിക്കുമ്പോൾ രാജ്യത്തെ എല്ലാ പൗരൻമാർക്കും തുല്യനീതി ഉറപ്പാക്കപ്പെടും. അതിൽ പിണറായി വിജയന് ആശങ്കവേണ്ട. രാജ്യത്ത് ഒരു ചേരിതിരിവും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി തന്നെ ഉറപ്പു നൽകുകയും ചെയ്തിട്ടുണ്ട്. അത്തരമൊരു സംരക്ഷണം സ്വന്തം സംസ്ഥാനത്തെ ജനങ്ങൾക്ക് നൽകാൻ പിണറായി വിജയന് തയ്യാറുണ്ടോ? കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ട് ചെയ്യാത്തതിന്‍റെ പേരിൽ മാത്രം നൂറുകണക്കിന് ആൾക്കാരെ കൊന്നുതള്ളിയ പാരമ്പര്യമാണ് പിണറായി വിജയനും കൂട്ടർക്കുമുള്ളത്. അക്രമാസ്കതമായ ജനക്കൂട്ടം പൊതുമുതൽ നശിപ്പിച്ചതിനെ ഉരുക്കുമുഷ്ടി കൊണ്ടാണ് അവിടുത്തെ സർക്കാർ നേരിട്ടത്. എന്നാൽ രാഷ്ട്രീയ വൈരത്തിന്‍റേ പേരില്‍ സ്വന്തം പഞ്ചായത്തിൽ പോലും നടക്കുന്ന കൊലപാതകം അടിച്ചമർത്താൻ കഴിവില്ലാത്ത പിണറായി വിജയൻ അന്യസംസ്ഥാനത്തെ ക്രമസമാധാന നില ഓർത്ത് മുതലക്കണ്ണീർ ഒഴുക്കുന്നത് അവസാനിപ്പിക്കണം.
കലാപങ്ങൾ നിത്യസംഭവമായിരുന്ന കോൺഗ്രസ് ഭരണകാലം സൗകര്യപൂർവ്വം മറക്കുന്ന പ്രതിപക്ഷ നേതാവിന്‍റെ ഇരട്ടത്താപ്പ് ദയനീയമെന്നേ പറയാനുള്ളൂ. കോൺഗ്രസ് ഭരണകാലത്ത് ലക്ഷക്കണക്കിന് ആൾക്കാരാണ് രാജ്യത്ത് കലാപത്തിൽ മാത്രം കൊല്ലപ്പെട്ടിട്ടുള്ളത്. ബിജെപി ഭരണത്തിൽ അത്തരം സംഭവങ്ങൾ ഉണ്ടാകാത്തതിന്‍റെ നിരാശയാണ് രമേശ് ചെന്നിത്തലയ്ക്ക്. രാംറഹിമിന് ഇസഡ് പ്ലസ് സുരക്ഷാ കവചം ഒരുക്കി നൽകിയ കോൺഗ്രസ് സർക്കാരിനെ അദ്ദേഹം ഓർക്കാത്തത് തിരക്കുമൂലമായിരിക്കും. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇത്തരം കപട ആത്മീയ നേതാക്കളെ വളർത്തിയതിന്‍റെ ഉത്തരവാദിത്തം കോൺഗ്രസിന് മാത്രമാണുള്ളത്. ഭിദ്രൻവാല, ചന്ദ്രസ്വാമി തുടങ്ങി റാംറഹിം വരെയുള്ളവരെ വളർത്തിയത് കോൺഗ്രസ് സർക്കാരുകളാണ്. സിക്ക് കലാപത്തിന്‍റെ ഞെട്ടിക്കുന്ന ഓർമ്മകളിൽ നിന്ന് ദില്ലി ഇനിയും മോചിതമായിട്ടില്ല. അതിന്‍റ ഉത്തരവാദികളെന്ന് കോടതി കണ്ടെത്തിയ ജഗദീഷ് ടൈറ്റ്ലർ, സജ്ജൻ കുമാർ എന്നിവരെ ഭാരവാഹിത്വത്തിൽ നിന്ന് പോലും ഒഴിവാക്കാത്ത പാർട്ടിയാണ് കോൺഗ്രസ്. ഇവരൊക്കെയാണ് ഇപ്പോൾ ഒരു ഒറ്റപ്പെട്ട സംഭവത്തെ പർവ്വതീകരിച്ച് ബിജെപിക്കെതിരെ രംഗത്തെത്തുന്നത്.
ഇപ്പോൾ നടന്ന അക്രമ സംഭവങ്ങൾ കർശനമായാണ് കേന്ദ്രം നേരിട്ടത്. ദേരാസച്ചാസൗദയുടെ ആസ്ഥാനം കണ്ടുകെട്ടിയും അക്രമികളെ ഉരുക്കുമുഷ്ടികൊണ്ട് നേരിട്ടും അക്രമം 24 മണിക്കൂറിനുള്ളിൽ അടിച്ചമർത്തിയ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ അഭിനന്ദിക്കുന്നതിന് പകരം തരംതാണ രാഷ്ടീയം കളിക്കുന്നതിൽ നിന്ന് ഇരു വിഭാഗവും ഒഴിഞ്ഞു നിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.