വെളിപ്പെടുത്താനാകാത്ത നാണംകെട്ട വ്യവസായമാണോ ബിനോയ് നടത്തുന്നതെന്ന് കുമ്മനം
text_fieldsതിരുവനന്തപുരം: മകനെതിരെ ദുബായിൽ കേസില്ലെന്നും യാത്രാവിലക്കില്ലെന്നും കള്ളം പറഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പൊതുപ്രവർത്തനം അവസാനിപ്പിക്കണമെന്ന് ബി.ജെ.പി അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇതുമായി ബന്ധപ്പെട്ട സത്യാവസ്ഥ കേരളത്തിലെ ജനങ്ങളോട് കോടിയേരി തുറന്നു പറയണം. ജനങ്ങളോട് വിശദീകരിക്കാൻ കഴിയാത്ത തരത്തിലുള്ള നാണംകെട്ട വ്യവസായമാണോ ബിനോയ് ദുബായിൽ നടത്തുന്നതെന്നും കുമ്മനം ചോദിച്ചു.
നിരവധി തവണ എം.എൽ.എയും ആഭ്യന്തരമന്ത്രിയുമൊക്കെയായിരുന്ന കോടിയേരിയുടെ മക്കൾ നടത്തുന്ന വ്യവസായത്തെപ്പറ്റി അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. ഒളിച്ചു വെക്കാൻ ഒന്നുമില്ലെങ്കിൽ എന്തിനാണ് കള്ളംപറഞ്ഞതെന്ന് കോടിയേരി വിശദീകരിക്കണം. ഇപ്പോൾ പുറത്തു വന്നതിലും വലിയ സാമ്പത്തിക ഇടപാടുകളാണ് ബിനോയ് കോടിയേരി നടത്തിയിട്ടുള്ളത്. ഇത് വരും ദിവസങ്ങളിൽ പുറത്തു വരുമെന്നും കുമ്മനം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
ഭരണത്തണലിലാണ് കോടിയേരിയുടെ മക്കൾ കോടികൾ സമ്പാദിച്ചത്. പാർട്ടിയെ ഉപകരണമാക്കി സ്വത്ത് സമ്പാദിക്കരുതെന്ന് കഴിഞ്ഞ ദിവസം സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത് ഈ വിവാദത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു. സ്വന്തം പാർട്ടി സെക്രട്ടറിക്ക് പോലും സംശയമുള്ള ഇടപാടുകളാണ് കോടിയേരിയുടെ മക്കൾ നടത്തുന്നത്. പുത്രസ്നേഹം മൂലം അവരുടെ എല്ലാ തെറ്റുകൾക്കും കൂട്ടു നിന്ന ധൃതരാഷ്ട്രരെപ്പോലെ കോടിയേരി അധപതിച്ചവെന്നും കുമ്മനം വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.