ഹർത്താൽ നടത്തിയത് തീവ്രവാദികൾ; കേസ് എൻ.ഐ.എക്ക് കൈമാറണം- കുമ്മനം
text_fieldsതാനൂർ: കശ്മീരിലെ ബലാത്സംഗക്കൊലയുടെ പേരിൽ കേരളത്തിൽ ഹർത്താൽ നടത്തിയവർ തീവ്രവാദികളാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ. ഇവർക്കെതിരെ തീവ്രവാദ വിരുദ്ധ നിയമ പ്രകാരം കേസെടുക്കുകയും എൻ.ഐ.എക്ക് കേസ് കൈമാറുകയും ചെയ്യണമെന്നും കുമ്മനം ആവശ്യപ്പെട്ടു. തിരൂർ, താനൂർ മേഖലകളിൽ സന്ദർശനം നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിൻറെ അഭിപ്രായ പ്രകടനം.
അപ്രഖ്യാപിത ഹർത്താലിന്‍റെ മറവിൽ സംസ്ഥാനത്ത് അക്രമം അഴിച്ചു വിട്ടത് ദേശ ദ്രോഹ ശക്തികളായിരുന്നു. ഇക്കാര്യം സംസ്ഥാന സർക്കാരിനും പൊലീസിനും അറിവുണ്ടായിരുന്നു. എന്നാൽ സർക്കാർ കയ്യുംകെട്ടി നോക്കി നിന്നതിന്‍റെ ഫലമാണ് സംസ്ഥാനത്ത് വ്യാപകമായി അക്രമം ഉണ്ടാകാൻ കാരണം.
ഹർത്താലിന് രണ്ട്ദിവസം മുമ്പ് മുതൽ തയ്യാറെടുപ്പും മുന്നൊരുക്കങ്ങളും ആസൂത്രണവും നടന്നിരുന്നു. അക്രമ പ്രവർത്തനങ്ങളുടെ ഉറവിടം കണ്ടെത്തണം. പോലീസ് സേനയിൽ നുഴഞ്ഞു കയറിയിട്ടുള്ള ചില തീവ്രവാദികളും ഹർത്താൽ അനുകൂലികൾക്ക് സഹായകമായി നിലപാടാണ് സ്വീകരിച്ചത്.ഇത് പോലീസ് സേനക്കാകെ നാണക്കേടുo അപകീർത്തിയും വരുത്തിവെച്ചു- കുമ്മനം ഫേസ്ബുക്കിൽ വ്യക്തമാക്കി.
കശ്മീരിലുണ്ടായ സംഭവത്തോടുള്ള പ്രതികരണമായി ഹർത്താലിനെ കാണാനാകില്ല. ഹിന്ദു വിഭാഗങ്ങളുടെ കടകളും വീടുകളും തെരഞ്ഞു പിടിച്ച് അക്രമിച്ചതിന് പിന്നിൽ ഗൂഡോദ്യേശമാണ്. അടഞ്ഞു കിടന്ന കടകളാണ് കുത്തി തുറന്ന് മോഷണം നടത്തിയത്. തീവ്രവാദ പ്രവർത്തനങ്ങളോട് സർക്കാരിന്‍റെയും പൊതു സമൂഹത്തിന്‍റേയും പ്രതികരണം അറിയുകയായിരുന്നു ഹർത്താലിന്‍റെ ലക്ഷ്യം.
വലിയ ആസൂത്രണത്തോടെ കലാപം നടത്താനുള്ള ശ്രമമായിരുന്നു ഇന്നലത്തേത്. ഇതിനെ തടയാൻ ശ്രമിക്കാത്ത ആഭ്യന്തര വകുപ്പ് വൻ പരാജയമാണ്. ബി.ജെ.പിയെ നേരിടാൻ തീവ്രവാദികളെ ഇരു മുന്നണികളും പ്രോത്സാഹിപ്പിച്ചതിന്‍റെ ഫലമാണ് കേരളം ഇന്ന് അനുഭവിക്കുന്നത്. അക്രമത്തിനിരയായവർക്ക് സർക്കാർ ധനസഹായം നൽകണം. അക്രമികൾക്ക് പിന്തുണ നൽകിയത് കോൺഗ്രസ്, സിപിഎം നേതാക്കളാണ്. അതിന്‍റെ തെളിവാണ് മലപ്പുറത്തെ സിപിഎം നേതാവിന്‍റെ ശബ്ദ സന്ദേശം പുറത്തു വന്നത്. ഇതേപ്പറ്റിയെല്ലാം അന്വേഷണം നടത്തണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
നേതാക്കളായ കെ. ജനചന്ദ്രൻ മാസ്റ്റർ, കെ. രാമചന്ദ്രൻ, രവി തേലത്ത്, കെ. നാരായണൻ മാസ്റ്റർ, ഹിന്ദു ഐക്യവേദി നേതാക്കളായ പി.വി. മുരളീധരൻ, ടി.വി. രാമൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
നേതാക്കളായ കെ. ജനചന്ദ്രൻ മാസ്റ്റർ, കെ. രാമചന്ദ്രൻ, രവി തേലത്ത്, കെ. നാരായണൻ മാസ്റ്റർ, ഹിന്ദു ഐക്യവേദി നേതാക്കളായ പി.വി. മുരളീധരൻ, ടി.വി. രാമൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.