Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമലയിൽ സർക്കാർ...

ശബരിമലയിൽ സർക്കാർ കണ്ണടച്ച് ഇരുട്ടാക്കുന്നുവെന്ന് കുമ്മനം

text_fields
bookmark_border
ശബരിമലയിൽ സർക്കാർ കണ്ണടച്ച് ഇരുട്ടാക്കുന്നുവെന്ന് കുമ്മനം
cancel

തിരുവനന്തപുരം: ശബരിമലയിൽ നടക്കുന്നത് നഗ്നമായ മനുഷ്യാവകാശ ധ്വംസനമാണെന്ന് ബി.ജെ.പി ദേശീയ നിർവാഹ സമിതി അംഗം കുമ്മനം രാജശേഖരൻ. മുഖ്യമന്ത്രിയും ദേവസ്വം ബോർഡും ഭക്തരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാതെ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. നരകയാതന അനുഭവിക്കുന്ന അയ്യപ്പഭക്തരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താനും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാനും മനുഷ്യാവകാശ കമീഷനും വനിതാ, ബാലാവകാശ കമ്മീഷനുകളും അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ശബരിമയിൽ വരിക എന്നത് ഭക്തന്റെ ഭരണഘടനാ അവകാശമാണ്. ഭക്തന് കുടിവെളളം, ആഹാരം, താമസം, ചികിത്സ, ഗതാഗതം, ശൗചാലയം തുടങ്ങിയ അടിസ്ഥാന സൗകര്യം ഒരുക്കുക എന്നത് സർക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തവുമാണ്. ഇതൊന്നും ചെയ്യാതെ ഭക്തർ കൂടുതലായി എത്തിയതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും പ്രസ്താവനകൾ അടിസ്ഥാനരഹിതമാണ്.

എല്ലാകാലത്തും സ്ത്രീകളും കുട്ടികളും ശബരിമലയിൽ എത്താറുണ്ട്. എല്ലാവർഷവും 30ശതമാനം അധികം ഭക്തർ എത്തുമെന്നത് എല്ലാവർക്കും അറിയാവുന്നുള്ള കാര്യവുമാണ്. എന്നിട്ടും മണ്ഡലകാലത്ത് മാത്രം അവലോകനയോഗം ചേരുകയും നട അടയ്ക്കുമ്പോൾ അവലേകനം അവസാനിപ്പിക്കുകയും ചെയ്യുന്നതാണ് സർക്കാരിന്റെ രീതി. സർക്കാരിന് അയ്യപ്പന്മാരുടെ പോക്കറ്റിലെ കാശുമതി. വിവിധ വകുപ്പുകൾ ശബരിമലയെ കറവപ്പശുവായാണ് കാണുന്നത്. കെഎസ്ഇബിയും വാട്ടർ അതോറിറ്റിയും കെഎസ്ആർടിസിയുമെല്ലാം അയ്യപ്പൻകോള് എന്നാണ് കൊള്ളയെ വിശേഷിപ്പിക്കുന്നത്.

ശബരിമലയിലെ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ധർമ്മശാലകളാണ് വേണ്ടത്. പക്ഷെ നിരവധി സന്നദ്ധ സംഘടനകൾ ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്തിരുന്നത് സർക്കാർ നിർത്തലാക്കി. പകരം ശബരിലയെ ടൂറിസം കേന്ദ്രമാക്കി മാറ്റാണ് സർക്കാരിന്റെ നീക്കം. ഒരു തീർത്ഥാടനകാലയളവിൽ സംസ്ഥാന സർക്കാരിന് പതിനായിരം കോടിയോളം രൂപയുടെ നികുതിവരുമാനം ഉണ്ടാകുമെന്നാണ് ഏകദേശകണക്ക്. അതിന്റെ ഒരംശംപോലും ശബരിമലയിൽ ചെലവാക്കുന്നില്ല. ആൾത്തിരക്ക് നിയന്ത്രിക്കലല്ല, മാനേജ് ചെയ്യുകയാണ് വേണ്ടത്. അതിന് പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരും ഇച്ഛാശക്തിയുള്ള ഭരണ സംവിധാനവും ഉണ്ടാകണം.

1999 ലെ ഹിൽടോപ്പ് ദുരന്തം അന്വേഷിച്ച ചന്ദ്രമോഹൻ കമ്മീഷനും 2011 ലെ പുൽമേട് ദുരന്തം അന്വേഷിച്ച ഹരിചന്ദ്രൻ നായർ കമ്മീഷനും നൽകിയ റിപ്പോർട്ടിലെ സുരക്ഷാ ക്രമീകരണങ്ങൾ ഇതുവരെയും നടപ്പിലാക്കിയിട്ടില്ല. ശബരിമലയിലെ സുരക്ഷ സംബന്ധിച്ചുള്ള മാസ്റ്റർ പ്ലാനും കോടതി വിധികളും എവിടെയെന്നും സർക്കാർ മറുപടി പറയണം. ശബരിലയിൽ 110 ഏക്കർഭൂമി അഡ്വക്കേറ്റ് കമ്മീഷൻ അളന്ന് തിട്ടപ്പെടുത്തി നല്കിയിട്ടുണ്ട്.

അതിൽ 60 ഏക്കർ മാത്രമാണ് ഉപയോഗിക്കുന്നത്. പമ്പയിൽ അമ്പതേക്കറോളം വെറുതെ കിടക്കുന്നു. നിലക്കൽ നിന്നും സമാന്തരപാതയിലൂടെ പമ്പയിൽ അയ്യപ്പന്മാർക്കെത്താൻ കഴിയും. 20 വർഷമായി ശ്രമിച്ചിട്ടും പാത സഞ്ചാരയോഗ്യമാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. ഇതെല്ലാം കൃത്യമായി ഉപയോഗിച്ചാൽ തന്നെ ഭക്തർക്ക് നിഷ്പ്രയാസം അടിസ്ഥാന സൗകര്യം ഒരുക്കാം. ക്രമീകരണ പ്രവർത്തനങ്ങളുടെ എസ്ഒപി (സ്റ്റാൻഡേസ് ഓപ്പറേഷൻ പ്രൊസീജിയർ), സെക്യൂരിറ്റിമാനുവൽ തുടങ്ങിയവയൊന്നും ഫലത്തിലില്ല.

ഇപ്പോൾ സന്നിധാനത്ത് എത്തിയാൽ നെയ്‌തേങ്ങ ഉടച്ച് നെയ്യ് അഭിഷേകത്തിന് നല്കാനുള്ള സൗകര്യംപോലും ഭക്തന് ലഭിക്കുന്നില്ല. നാമജപം പാടില്ലെന്ന് ഉത്തരവിറക്കിയ ദേവസ്വംബോർഡ് എന്തുകൊണ്ട് ഇക്കാര്യങ്ങൾ നടത്താൻ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. നിയന്ത്രണങ്ങൾ ഭക്തരുടെമേൽ അടിച്ചേൽപ്പിക്കുകയല്ല, ഭക്തജന കൂട്ടായ്മകളുമായി കൂടിയാലോചിച്ച് സമവായത്തിലൂടെ നടപ്പിലാക്കുകയാണ് വേണ്ടതെന്നും അതിന് സർക്കാർ തയാറകാണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sabarimala News
News Summary - Kummanam says that the government is turning a blind eye to Sabarimala
Next Story