കൊടിമരത്തിലേക്ക് മെർക്കുഴി ഒഴിച്ചത് ആചാരമെന്ന വാദം തെറ്റ്– കുമ്മനം
text_fieldsതിരുവനന്തപുരം : ശബരിമല സന്നിധാനത്ത് പുതുതായി പ്രതിഷ്ഠിച്ച സ്വർണക്കൊടിമരത്തിലേക്ക് മെർക്കുറി ഒഴിച്ചത് ആന്ധ്രാപ്രദേശിലെ ആചാരത്തിന്‍റെ ഭാഗമാണെന്ന പൊലീസ് വാദം തെറ്റാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ആന്ധ്രാപ്രദേശിലോ തെലങ്കാനയിലോ ഇത്തരമൊരു ആചാരം നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുപ്പതിയിലെ തന്ത്രിമുഖ്യൻമാർ അടക്കമുള്ള ആന്ധ്രാപ്രദേശിലെ പുരോഹിതൻമാരോടു ചർച്ച നടത്തി. എന്നാൽ അവിടെയെങ്ങും ഇത്തരമൊരു ആചാരം ഉള്ളതായി അവർക്കാർക്കും അറിവില്ലെന്നും ഇത്തരമൊരു വിവരം ലഭിച്ചതെവിടെ നിന്നെന്ന് ഐ.ജി മനോജ് എബ്രഹാം വ്യക്തമാക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
സംഭവത്തെ ലഘൂകരിച്ചു തള്ളിക്കളയാനാണ് ദേവസ്വം മന്ത്രി അടക്കമുള്ളവർ തുടക്കം മുതൽ ശ്രമിച്ചത്. അതിന്‍റെ ചുവടുപിടിച്ചാണ് ഐ.ജിയും ഇത്തരമൊരു വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുന്നതെന്നും കുമ്മനം ആരോപിച്ചു.
ശബരിമല ക്ഷേത്രത്തിനു തീവ്രവാദ ഭീഷണി ഉണ്ടെന്നു കഴിഞ്ഞവർഷവും കേന്ദ്ര രഹസ്യാന്വേഷണ എജൻസികൾ മുന്നറിയിപ്പു നൽകിയതാണ്. കോടിക്കണക്കിനു ഭക്തർ എത്തുന്ന ശബരിമലക്ക്നേരെ ഉണ്ടാകുന്ന ചെറിയ നീക്കംപോലും അതീവ ഗൗരവമായി അന്വേഷിക്കേണ്ടതാണ്. കൊടിമരം തകർക്കാനുള്ള നീക്കത്തെ ലാഘവത്തോടെ കാണുന്ന സർക്കാർ- പൊലീസ് നിലപാട് അപകടകരമാണ്. ശബരിമലയിൽ കേന്ദ്ര സുരക്ഷാ ഏജൻസികളെ വിന്യസിക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.