കുണ്ടന്നൂർ-തേവര പാലം ഒരുമാസത്തേക്ക് അടച്ചു; കൊച്ചിയിൽ ഗതാഗതകുരുക്ക് രൂക്ഷമായേക്കും
text_fieldsകൊച്ചി: അറ്റകുറ്റപ്പണികൾക്കായി കുണ്ടന്നൂർ-തേവര പാലം അടച്ചു. ഇന്ന് മുതൽ ഒരു മാസത്തേക്കാണ് അടച്ചിടുന്നത്. പാലത്തിൽ വലിയ കുഴികൾ രൂപപ്പെട്ടതിനെ തുടർന്നാണ് വീണ്ടും അറ്റകുറ്റപ്പണിക്കായി അടച്ചിടുന്നത്.
പാലം അടച്ചിടുന്നത് യാത്രാദുരിതം രൂക്ഷമാക്കിയേക്കും. പാലം അടച്ചിടുന്നത് കൊച്ചിയിലെ ഗതാഗത കുരുക്ക് ഇരട്ടിയാക്കുമെന്നും ബദൽ റോഡുകളിൽ യാത്രക്കാർ വലിയ ടോൾ നേരിടേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് ഇന്ന് രാവിലെ പാലത്തിൽ പ്രതിഷേധിച്ചിരുന്നു.
തേവര, പശ്ചിമകൊച്ചി ഭാഗത്തേക്കു പോകേണ്ട മരട് നിവാസികൾ കുമ്പളം ടോൾ പ്ലാസ കടന്ന് അരൂർ - ഇടക്കൊച്ചി വഴി പോകേണ്ടി വരും. ഭീമമായ തുക ടോൾ നൽകേണ്ടിവരുമെന്നതിനാൽ മരട് നിവാസികളെ ടോളിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മരട് നഗരസഭാധ്യക്ഷൻ ആന്റണി ആശാൻപറമ്പിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസിനും കലക്ടർക്കും കത്തയച്ചു.
പാലം തകർന്നിട്ട് വർഷങ്ങളായി. പലതവണ അറ്റകുറ്റപ്പണി നടത്തിയെങ്കിലും ഒരുദിവസം പോലും നിന്നില്ല. കരാർ എടുത്ത് കാലാവധി തീരുന്ന അവസാന ഘട്ടത്തിലാണ് അറ്റകുറ്റപ്പണി ആരംഭിക്കുന്നത്. പാലത്തിലെ കുഴിയിൽ വീണുണ്ടായ അപകടത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
കൂടാതെ നിരവധി സമരങ്ങളും അരങ്ങേറിയിട്ടുണ്ട്. ജർമൻ സാങ്കേതികവിദ്യ ഉപയോഗിച്ച് പണി പൂർത്തിയാക്കുമെന്ന് സർക്കാർ ഹൈകോടതിയിൽ ഉറപ്പ് നൽകിയിരുന്നു. പണി നടക്കുന്നതിന്റെ ഭാഗമായിട്ടാണ് പാലം അടച്ചിടുക.
പശ്ചിമകൊച്ചി ഭാഗത്തുനിന്ന് കുണ്ടന്നൂർ ഭാഗത്തേക്ക് പോകേണ്ട ഹെവി വാഹനങ്ങൾ ഒഴികെയുള്ള വാഹനങ്ങൾ വെണ്ടുരുത്തി പാലം വഴി എം.ജി റോഡിലൂടെ എസ്.എ റോഡിൽ പ്രവേശിച്ച് വൈറ്റില വഴി കുണ്ടന്നൂരിലേക്ക് പോകണം. പശ്ചിമകൊച്ചി ഭാഗത്തുനിന്ന് കുണ്ടന്നൂർ ഭാഗത്തേക്ക് പോകേണ്ട ഹെവി വാഹനങ്ങൾ രാത്രി ഒമ്പതു മണി മുതൽ രാവിലെ ആറു വരെ മാത്രം വെണ്ടുരുത്തി പാലം വഴി എം.ജി റോഡിൽ പ്രവേശിച്ച് കുണ്ടന്നൂരിലേക്ക് പോകണം. തൃപ്പൂണിത്തുറ കുണ്ടന്നൂർ ഭാഗങ്ങളിൽനിന്നും പശ്ചിമകൊച്ചി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വൈറ്റില ജങ്ഷനിലെത്തി എം.ജി റോഡ് വഴി പോകണമെന്നും അറിയിപ്പിലുണ്ട്.
ഇടക്കൊച്ചി ഭാഗത്തുനിന്നും കണ്ണങ്ങാട്ട് പാലം വഴി കണ്ടന്നൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കണ്ണങ്ങാട്ട് പാലം വഴി എൻ.എച്ച് 966 ബിയിൽ പ്രവേശിച്ച് ഇടത് ഭാഗത്തേക്ക് തിരിഞ്ഞ് ബി.ഒ.ടി ഈസ്റ്റ് ജങ്ഷൻ-വാത്തുരുത്തി ലെവൽ ക്രോസ്-വിക്രാന്ത് ബ്രിഡ്ജ് (വെണ്ടുരുത്തിപ്പാലം) വഴി എം.ജി റോഡിൽ പ്രവേശിച്ച് പള്ളിമുക്ക് ജങ്ഷനിലെത്തി എസ്.എ റോഡുവഴി വൈറ്റില, കുണ്ടന്നൂർ ഭാഗത്തേക്ക് പോകണം.
തൃപ്പൂണിത്തുറ കുണ്ടന്നൂർ ഭാഗങ്ങളിൽനിന്നും വില്ലിങ്ടൺ ഐലൻഡ്, പശ്ചിമകൊച്ചി ഭാഗങ്ങളിലേക്ക് പോകേണ്ട ഹെവി വാഹനങ്ങൾ ഒഴികെയുള്ള വാഹനങ്ങൾ വൈറ്റില ജങ്ഷനിലെത്തി എസ്.എ റോഡ് വഴി പോകണം. തൃപ്പൂണിത്തുറ കുണ്ടന്നൂർ ഭാഗങ്ങളിൽനിന്നും വില്ലിങ്ടൺ ഐലൻഡ്, പശ്ചിമകൊച്ചി ഭാഗങ്ങളിലേക്ക് പോകേണ്ട ഹെവി വാഹനങ്ങൾ രാത്രി ഒമ്പതു മുതൽ രാവിലെ ആറു വരെ മാത്രം വൈറ്റില ജങ്ഷനിലെത്തി എസ്.എ റോഡ്, എം.ജി റോഡ് വഴി വില്ലിങ്ടൺ ഐലൻഡ്, പശ്ചിമകൊച്ചി ഭാഗങ്ങളിലേക്ക് പോകണം.
കുമ്പളം, മാടവന, പനങ്ങാട് ഭാഗത്തുനിന്ന് കണ്ടന്നൂർ വഴി വില്ലിങ്ടൺ ഐലൻഡ്, പശ്ചിമകൊച്ചി ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ അരൂർ-ഇടക്കൊച്ചി പാലം വഴിയോ വൈറ്റില ജങ്ഷൻ വഴിയോ പോകണമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.