നടൻ കുണ്ടറ ജോണി അന്തരിച്ചു
text_fieldsകൊല്ലം: നടൻ കുണ്ടറ ജോണി (ജോണി ജോസഫ്) അന്തരിച്ചു. 71 വയസ്സായിരുന്നു. ചൊവ്വാഴ്ച രാത്രി ചിന്നക്കടയിൽനിന്ന് കൊല്ലം കാങ്കത്തുമുക്കിലെ ഫ്ലാറ്റിലേക്ക് മകനുമൊത്ത് കാറിൽ പോകവെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഉടൻ ബെൻസിഗർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നൂറിലേറെ ചിത്രങ്ങളിൽ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക്, കന്നട സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
കുണ്ടറയിൽ ജോസഫിന്റെയും കാതറിന്റെയും മകനായാണ് ജോണിയുടെ ജനനം. ഫാത്തിമ മാതാ നാഷനൽ കോളജ്, കൊല്ലം എസ്.എൻ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പഠനകാലത്ത് ഫുട്ബാൾ താരമായിരുന്നു. 1979ൽ പുറത്തിറങ്ങിയ ‘നിത്യവസന്തമാണ്’ ആദ്യ ചിത്രം. 23ാമത്തെ വയസ്സിൽ അഭിനയ രംഗത്തുവന്ന ഇദ്ദേഹം നാലുപതിറ്റാണ്ടിനിടെ ശ്രദ്ധേയവേഷങ്ങളിൽ വെള്ളിത്തിരയിലെത്തി.
അഗ്നിപർവതം, കിരീടം, ചെങ്കോൽ, ആറാംതമ്പുരാൻ തുടങ്ങിയ ചിത്രങ്ങൾ ചിലതുമാത്രം. നിരവധി സിനിമകളിൽ ശ്രദ്ധേയമായ വില്ലൻ വേഷങ്ങൾ അവതരിപ്പിച്ചു. ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ ആണ് അവസാന ചിത്രം.
കൊല്ലം ഫാത്തിമ കോളജ് ചരിത്രവിഭാഗം റിട്ട. പ്രഫസർ സ്റ്റെല്ലയാണ് ഭാര്യ. മക്കൾ: ആരവ്, ആഷിമ. സംസ്കാരം കുണ്ടറയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.