കുണ്ടറ പീഡന പരാതി: പിന്നിൽ രാഷ്ട്രീയമെന്ന് ഡി.ഐ.ജിയുടെ റിപ്പോർട്ട്
text_fieldsകൊല്ലം: കുണ്ടറ പീഡന പരാതിയിൽ പരാതിക്കാരിയെ കുറ്റപ്പെടുത്തി ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍റെ റിപ്പോര്‍ട്ട്. മുൻ എൻ.സി.പി നേതാവ് പത്മാകരനെതിരായ പരാതിക്ക് പിന്നില്‍ രാഷ്ട്രീയമാണെന്നാണ് ഗുരുഡിന്‍റെ റിപ്പോര്‍ട്ടിലുള്ളത്. പരാതിക്കാരി കൃത്യമായ മൊഴിയോ തെളിവോ നല്‍കിയില്ലെന്ന് ഡി.ജി.പി അനിൽ കാന്തിന് സമർപ്പിച്ച റിപ്പോര്‍ട്ടിൽ പറയുന്നു. പരാതിക്കാരിയുടെ ആരോപണങ്ങളില്‍ പ്രാഥമിക അന്വേഷണം നടന്നിട്ടില്ല. പരാതിയുടെ നിജസ്ഥിതിയെപ്പറ്റി സംശയമുണ്ടെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ട് പരാതി കൈകാര്യം ചെയ്ത സ്റ്റേഷന്‍ ഹൗസ് ഓഫിസറുടെ വീഴ്ചയും പരാമർശിക്കുന്നുണ്ട്.
അതേസമയം, കുണ്ടറ പീഡന പരാതിയിൽ പരാതി നല്‍കിയ യുവതിയുടെ അച്ഛൻ ഉൾപ്പെടെ ആറ് പേർക്കെതിരെ എൻ.സി.പി നടപടി സ്വീകരിച്ചു. ഇന്നു ചേര്‍ന്ന ഭാരവാഹി യോഗത്തിനു പിന്നാലെയാണ് തീരുമാനം. കുണ്ടറ ബ്ലോക്ക് പ്രസിഡൻറ് ബെനഡിക്ട്, സംസ്ഥാന സമിതി അംഗം പ്രദീപ് കുമാർ, മഹിളാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് ഹണി വിക്ടോ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. ബെനഡിക്റ്റ് ഫോൺ കോൾ റെക്കോർഡ് മാധ്യമങ്ങളിൽ എത്തിച്ചു. പ്രദീപ് മന്ത്രിയെ ഫോൺ വിളിക്കാൻ സമ്മർദം ചെലുത്തി. ഹണി വിക്ടോ ഇത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നുമാണ് എൻ.സി.പി സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോയുടെ വിശദീകരണം. അന്വേഷണ കമ്മിറ്റി റിപ്പോർട്ട് പ്രകാരമാണ് നടപടി.
ഇതിനു പുറമെ, എൻ.വൈ.സി കൊല്ലം പ്രസിഡൻറ് ബിജുവിനെയും സസ്പെൻഡ് ചെയ്തു. വിവാദത്തില്‍ എന്‍.സി.പി സംസ്ഥാന പ്രസിഡന്‍റിന്‍റെ പേരു കൂടി വലിച്ചിഴക്കാന്‍ ശ്രമിച്ചെന്ന വിലയിരുത്തലിലാണ് നടപടി. ഫോൺ വിളിയില്‍ ശശീന്ദ്രന്‍റെ ഭാഗത്ത് തെറ്റുണ്ടായിട്ടില്ലെന്ന് പാര്‍ട്ടി വിലയിരുത്തിയെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോ പറഞ്ഞു. മന്ത്രിയോട് ഫോൺ സംഭാഷണത്തിൽ സൂക്ഷ്മത പാലിക്കണമെന്ന് പാർട്ടി നിര്‍ദേശിച്ചു. പ്രവർത്തകർ ഇനി ശിപാർശകളും നിവേദനങ്ങളുമായി മന്ത്രിയെ നേരിട്ട് ബന്ധപ്പെടരുതെന്നും നിർദ്ദേശമുണ്ട്. സംസ്ഥാന സമിതിയിലൂടെ മാത്രമേ അത്തരം കാര്യങ്ങൾക്ക് സമീപിക്കാവൂ എന്നാണ് പാർട്ടി തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.