ഗവർണറുടെ എല്ലാ നിലപാടുകളും അംഗീകരിക്കാനാവില്ലെന്ന് കുഞ്ഞാലിക്കുട്ടി
text_fieldsഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ മുസ്‍ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഗവർണറുടെ എല്ലാ നിലപാടുകളും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. കാസർകോട് ഗസ്റ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
ഗവർണറുടെ തെറ്റായ നിലപാടുകൾക്കെതിരെ ജനാധിപത്യ മാർഗത്തിൽ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഒമ്പത് സർവകലാശാല വി.സിമാരോട് ഗവർണർ രാജിവെക്കാനാവശ്യപ്പെട്ടുള്ള വിവാദം കത്തിപ്പടരുന്നതിനിടെയാണ് പ്രതിപക്ഷത്തെ പ്രധാന കക്ഷികളിലൊന്നായ മുസ്‍ലിംലീഗ് നേതാവിന്റെ നിർണായക പ്രതികരണം. ഗവർണറുടെ നടപടി സംബന്ധിച്ച് പ്രധാന പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിനകത്ത് അഭിപ്രായ വ്യത്യാസം പ്രകടമായ സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണമെന്നതും പ്രസക്തമാണ്. കഴിഞ്ഞ ദിവസം മുസ്‍ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീറും ഗവർണർക്കെതിരെ നിലപാട് പറഞ്ഞിരുന്നു.
ഗവർണർക്കെതിരായ നിലപാട് മുഖ്യമന്ത്രിയും പ്രധാന ഭരണകക്ഷിയായ സി.പി.എമ്മും കനപ്പിച്ചിട്ടുണ്ട്. ഡി.വൈ.എഫ്.ഐ പ്രത്യക്ഷ പ്രതിഷേധം തന്നെ സംഘടിപ്പിച്ചു. ഗവർണർക്ക് പിറകിൽ സംഘ്പരിവാറാണെന്ന് വ്യക്തമായതിനാൽ ഗവർണറെ പിന്തുണക്കുന്നത് ദോഷം ചെയ്യുമെന്ന വിലയിരുത്തൽ മുസ്‍ലിം ലീഗിനകത്തുണ്ട്. കോൺഗ്രസ് നേതാക്കളുടെയും യു.ഡി.എഫിന്റെയും നിലപാട് കൂടുതൽ കൃത്യതയുള്ളതാക്കാനുള്ള സൂചന കൂടിയാണ് മുസ്‍ലിം ലീഗ് നേതാക്കളുടെ പരസ്യ പ്രസ്താവനകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.