കോളം പൂരിപ്പിച്ചില്ല; കുഞ്ഞാലിക്കുട്ടിയുടെ പത്രികക്കെതിരെ പരാതി
text_fieldsമലപ്പുറം: ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പത്രികയിൽ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സ്വതന്ത്ര സ്ഥാനാർഥിയടക്കം രണ്ടുപേർ രംഗത്ത്. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. രാജീവും ഒരു സ്വതന്ത്ര സ്ഥാനാർഥിയുമാണ് കുഞ്ഞാലിക്കുട്ടിയുടെ സത്യവാങ്മൂലത്തിൽ എതിർവാദമുന്നയിച്ച് സൂക്ഷ്മ പരിശോധന സമയത്ത് രംഗത്തെത്തിയത്. 26ാം നമ്പർ പത്രികയിൽ 14ാം പേജിൽ ഒരു കോളം പൂരിപ്പിക്കാതെ ഒഴിച്ചിട്ടെന്നായിരുന്നു പരാതി. കുഞ്ഞാലിക്കുട്ടിയുടെ ഭാര്യയുടെ സ്വത്ത്് വിവരം നൽകേണ്ടിയിരുന്ന കോളമാണ് ഒഴിച്ചിട്ടത്.
പരാതി ഉയർന്നതോടെ കോളം ഇപ്പോൾ പൂരിപ്പിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി കുഞ്ഞാലിക്കുട്ടി എഴുന്നേറ്റെങ്കിലും കലക്ടർ അനുവദിച്ചില്ല. എല്ലാ കോളങ്ങളും നിർബന്ധമായും പൂരിപ്പിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ നിർദേശമെന്നതിനാൽ ഇത് ലംഘിച്ച കുഞ്ഞാലിക്കുട്ടിയുടെ പത്രിക തള്ളണമെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം. എന്നാൽ, ഈ ആവശ്യവും വരണാധികാരിയായ കലക്ടർ അമിത് മീണ നിരാകരിച്ചു. ഒരു കോളം പൂരിപ്പിക്കാത്തത് പത്രിക തള്ളാൻ മതിയായ കാരണമല്ലെന്നും പരാതിക്കാർക്ക് കോടതിയെയോ തെരഞ്ഞെടുപ്പ് കമീഷനെയോ സമീപിക്കാൻ അവസരമുണ്ടെന്നും കലക്ടർ പിന്നീടറിയിച്ചു. പ്രാഥമിക പരിശോധനയിൽ ഒരു കോളം പൂരിപ്പിക്കാതിരുന്നത് ശ്രദ്ധയിൽപെട്ടില്ലെന്നും കലക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.