കുനിയിൽ ഇരട്ടക്കൊല കേസ്: വിചാരണ പൂർത്തിയായി; 13ന് വിധി
text_fieldsമഞ്ചേരി: കുനിയില്‍ ഇരട്ടക്കൊല കേസില്‍ സാക്ഷിവിസ്താരം പൂര്‍ത്തിയായി. ഏപ്രിൽ 13ന് മഞ്ചേരി മൂന്നാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജി ടി.എച്ച്. രജിത വിധി പറയും. ദൃക്സാക്ഷികളുള്‍പ്പെടെ 275 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. സംഭവം നടന്ന സ്ഥലം വിഡിയോ വഴി പ്രദര്‍ശിപ്പിച്ചു.
കൊലപ്പെടുത്താന്‍ ഉപയോഗിച്ച വടിവാള്‍, മറ്റ് ആയുധങ്ങള്‍, പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ എന്നിവ ഉള്‍പ്പെടെ 100 തൊണ്ടിമുതലുകളും ശാസ്ത്രീയമായി തയാറാക്കിയ 3000ത്തോളം രേഖകളും പ്രോസിക്യൂഷന് ഹാജറാക്കി.
2012 ജൂണ്‍ 10നാണ് കേസിനാസ്പദമായ സംഭവം. കുനിയില്‍ അത്തീഖ് റഹ്മാന് വധക്കേസിലെ പ്രതികളായ കൊളക്കാടന്‍ അബൂബക്കര്‍, സഹോദരന് അബ്ദുൽ കലാം ആസാദ് എന്നിവരെ മുഖംമൂടി ധരിച്ചെത്തിയ സംഘം നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
2018 സെപ്റ്റംബര്‍ 19നാണ് ജഡ്ജി എ.വി. മൃദുല മുമ്പാകെ വിചാരണ ആരംഭിച്ചത്. കേസിനായി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തലവനായ ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രനെയാണ് ആദ്യം വിസ്തരിച്ചത്. സാക്ഷിവിസ്താരം മാത്രം ഒന്നര വര്‍ഷത്തോളമാണ് നീണ്ടത്.
2018ൽ വിചാരണ തുടങ്ങിയെങ്കിലും കോവിഡും സാക്ഷിവിസ്താരം നടത്തിയ ജഡ്ജി എ.വി. മൃദുല മഞ്ചേരി കോടതിയില്‍നിന്ന് തലശ്ശേരിയിലേക്ക് സ്ഥലം മാറിപ്പോയതും കാരണം നടപടികള്‍ നീണ്ടു. ഇതിനിടയില്‍ വിസ്താരം നടത്തിയ ജഡ്ജിതന്നെ കേസില്‍ വിധി പറയണമെന്ന ആവശ്യമുന്നയിച്ച് കൊല്ലപ്പെട്ടവരുടെ ഭാര്യമാര്‍ സുപ്രീംകോടതിയെ സമീപിച്ചു.
എന്നാല്‍, നിലവില്‍ കേസ് കേള്‍ക്കുന്ന ജഡ്ജി ടി.എച്ച്. രജിത വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി വിധി പറയുമെന്ന് അറിയിച്ചതോടെ ഈ ഹരജി സുപ്രീംകോടതി തള്ളി. തുടര്‍ന്നാണ് കേസിലെ നടപടികള്‍ പൂര്‍ത്തിയാക്കി വിധിപറയാന്‍ മാറ്റിയത്. കേസില്‍ 21 പ്രതികളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.