വയസ്സ് 86, എന്നുവെച്ച് കുഞ്ഞക്കിയമ്മക്ക് പായ നെയ്യാതിരിക്കാനാവില്ല!
text_fieldsകോഴിക്കോട്: വട്ടപ്പറമ്പ് വടക്കോടിത്തറ കോളനിയിലെ കുഞ്ഞക്കിയമ്മക്ക് എങ്ങനെ കൂട്ടി നോക്കിയാലും വയസ്സ് 86 പിന്നിട്ടിട്ടുണ്ട്. പക്ഷേ, വിശ്രമിക്കാൻ ഇനിയും സമയമായിട്ടില്ലെന്നാണ് ലോക തൊഴിലാളി ദിനത്തിൽ അമ്മക്ക് പുതുതലമുറക്ക് നൽകാനുള്ള സന്ദേശം. പൈതൃകമായി തനിക്ക് കിട്ടിയ കൈത്തൊഴിലായ പായ നെയ്ത്തിൽ ഇപ്പോഴും സജീവമാണ് കുഞ്ഞക്കിയമ്മ.
ഏഴ് പതിറ്റാണ്ട് മുമ്പ് ഫറോക്ക് കോടമ്പുഴയിൽനിന്ന് കടലുണ്ടിയിലേക്ക് ഭർത്താവായ കോമ്പാളി രാമൻ കെട്ടിക്കൊണ്ട് വന്നത് മുതൽ ഈ കോളനിയിലാണ് താമസം. മുത്തശ്ശി പറാണിച്ചിയമ്മയിൽ നിന്നാണ് പായനെയ്ത്ത് പഠിച്ചത്. ഇന്നത്തെപ്പോലെ കട്ടിലും കിടക്കയുമൊന്നും വ്യാപകമല്ലാത്ത കാലത്ത് കൈതോലപ്പായക്ക് ആവശ്യക്കാർ ഏറെയുണ്ടായിരുന്നു.
പുൽപ്പായയും പ്ലാസ്റ്റിക് പായയുമൊക്കെ പ്രചാരത്തിൽ വന്നതോടെ കൈതോലപ്പായ ആർക്കും വേണ്ടാതായി. പക്ഷേ കുഞ്ഞക്കിയമ്മ വെറുതേയിരുന്നിട്ടില്ല. കൃഷിപ്പണികൾക്കും നിർമാണ തൊഴിലിടങ്ങളിലുമൊക്കെയായി അന്നം തേടി അവർ അലഞ്ഞിട്ടുണ്ട്. ചെറുവണ്ണൂർ സ്റ്റീൽ കോംപ്ളക്സിെൻറ നിർമാണത്തിന് കല്ലും മണ്ണും ചുമന്നത് ഇന്നലെ കഴിഞ്ഞ പോലെ ഓർമയിലുണ്ട്. ഏത് പണിക്ക് പോയാലും കിട്ടുന്ന ഇടവേളകളിൽ പായ നെയ്ത്തുണ്ട്. കടലുണ്ടിയിലെ റെയിലോരത്തും ഒറ്റപ്പെട്ട് ഇന്നും അവശേഷിക്കുന്ന തോട്ടിൻ വരമ്പിലുമൊക്കെ കാണുന്ന കൈതച്ചെടികളിൽ നിന്ന് ഓല ശേഖരിച്ച് പാകത്തിന് വെട്ടിയുണക്കി ചുരുളുകളാക്കി വെക്കുന്നതൊക്കെ അമ്മ തന്നെയാണ്. പേരക്കുട്ടികളും ചിലപ്പോൾ സഹായത്തിനുണ്ടാകും.
തെൻറ ജീവിതത്തിന് ഊടും പാവും നൽകിയ ഈ കരവിരുത് ഇപ്പോഴും കൈമോശം വരാതെ സൂക്ഷിക്കുന്നുണ്ടിവർ. പേരക്കുട്ടികൾക്കും സമപ്രായക്കാർക്കും നെയ്ത്ത് പഠിപ്പിച്ച് കൊടുക്കാനും അവർക്ക് താൽപര്യമാണ്. കാഴ്ചക്കുറവ് ഇല്ലെങ്കിലും ചില്ലറ ആരോഗ്യ പ്രശ്നങ്ങളൊക്കെയുള്ളതിനാൽ ഒരു പായ പൂർത്തിയാക്കാൻ ദിവസങ്ങളെടുക്കും.18ാംവാർഡ് അംഗം അഡ്വ.ഷാഹിദ് കടലുണ്ടി ഒരിക്കൽ ഇവരുടെ പായ നെയ്ത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ പായ തേടി ഒട്ടേറെപ്പേരെത്തി. 500 രൂപ വരെ നൽകി പായ വാങ്ങാൻ പലരും സന്നദ്ധരായി. അത് കൊണ്ട് സ്റ്റോക്ക് തീരുകയും പുതിയ ആവശ്യക്കാർ വരികയും ചെയ്യുന്നുണ്ട്. കണ്ണടക്കും വരെ എന്തെങ്കിലും ചെയ്ത് കഴിയാനാണ് നാലുമക്കളുള്ള അമ്മയുടെ ആഗ്രഹം. ആർക്കും ഒരു ഭാരമാകാതെ തൊഴിലെടുത്ത് കൊണ്ടിരിക്കുക, മരണം വരെ !
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.