കാളികാവിന് മായാത്ത സ്മരണയായി കുഞ്ഞാലിയും കുഞ്ഞിപ്പയും ജവാന് നാസറും
text_fieldsകാളികാവ്: മലയോരമണ്ണിന് മറക്കാനാവാത്ത മൂന്നുപേർ വിടപറഞ്ഞ മാസമാണ് ജൂലൈ. ആ രക്തസാക്ഷികളുടെ ഓര്‍മകൾ ഈ നാടിന്റെ ചരിത്രത്തിൽ അലിഞ്ഞ് ചേർന്ന് കിടക്കുകയാണ്. കമ്യൂണിസ്റ്റ് വിപ്ലവകാരിയും ജന്മി-നാടുവാഴിത്ത ശക്തികൾക്കെതിരെ പോരാടി രാഷ്ട്രീയ എതിരാളികളുടെ വെടിയേറ്റ് മരിച്ച മുൻ എം.എല്‍.എ സഖാവ് കുഞ്ഞാലിയുടെയും മലപ്പുറം ഭാഷ സമരത്തില്‍ പൊലീസ് വെടിവെപ്പിൽ മരിച്ച സി.കെ. കുഞ്ഞിപ്പയുടെയും കാര്‍ഗിലില്‍ വീരമൃത്യു വരിച്ച ജവാന് അബ്ദുല്‍ നാസറിന്റെയും രക്തസാക്ഷിത്വങ്ങളാണ് കാലമേറെയായിട്ടും നാടിന് മറക്കാനാവാത്ത വേദിയായി നിലല്‍ക്കുന്നത്
1969 ജൂലൈ 28നാണ് ഏറനാട്ടിലെ എക്കാലത്തേയും ധീരനായ കമ്യൂണിസ്റ്റ് നേതാവായ കെ. കുഞ്ഞാലി ചുള്ളിയോട്ട് എതിരാളികളുടെ തോക്കിനിരയാവുന്നത്. സംസ്ഥാനത്ത് എം.എൽ.എ ആയിരിക്കെ കൊല്ലപ്പെടുന്ന ആദ്യ നേതാവാണ് കുഞ്ഞാലി. ജൂലൈ 26ന് വെടിയേറ്റ അദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്. ജന്മം കൊണ്ട് കൊണ്ടോട്ടി സ്വദേശിയായിരുന്നെങ്കിലും തോട്ടങ്ങളുടെ നാടായിരുന്ന കാളികാവായിരുന്നു കർമമേഖല.
കുഞ്ഞാലി അന്ത്യവിശ്രമം കൊള്ളുന്നത് കാളികാവ് ജുമാമസജിദ് ഖബര്‍സ്ഥാനിലാണ്. കുഞ്ഞാലിയുടെ രക്തസാക്ഷിത്വത്തിന്റെ അമ്പതാം വാർഷികമാണ് ഇത്തവണ. ഇതോടനുബന്ധിച്ച് സി.പി.എം പ്രദേശത്ത് വിപുലമായ അനുസ്മരണ ചടങ്ങ് ഒരുക്കുന്നുണ്ട്. ജൂലൈ 28ന് കാളികാവില്‍ അനുസ്മരണം നടക്കും. എം.എൽ.എമാരായ ഡോ. കെ.ടി. ജലീൽ, പി.വി. അൻവർ എന്നിവർ സംബന്ധിക്കും.
1980 ജൂലൈ 30ന് അറബിക് ഭാഷ സംരക്ഷണത്തിനായി മുസ്ലിം യൂത്ത് ലീഗ് ജില്ല കമ്മറ്റി നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിനിടെയാണ് കാളികാവ് സ്വദേശി ചേന്ദംകുളങ്ങര അബ്ദുല്ല എന്ന കുഞ്ഞിപ്പ മരിക്കുന്നത്. സമരക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരായിരുന്ന മജീദ്, റഹ്മാൻ എന്നിവർക്കൊപ്പം കുഞ്ഞിപ്പയും കൊല്ലപ്പെടുകയായിരുന്നു. ജൂലൈ 30ന് ഭാഷാ രക്തസാക്ഷി ദിനത്തില്‍ യൂത്ത്ലീഗ് കുഞ്ഞിപ്പ അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കും.
1999 ജൂലൈ 24നാണ് കാളികാവിലെ പൂതന്‍കോട്ടില്‍ മുഹമ്മദ്-ഫാത്തിമ സുഹ്റ ദമ്പതികളുടെ മകന് അബ്ദുല്‍ നാസര്‍ കശ്മീരിലെ കാര്‍ഗിൽ യുദ്ധത്തിൽ ദ്രാസിനടുത്തുള്ള മഞ്ഞുമലകളില്‍ പാകിസ്താന് സൈന്യത്തിന്റെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. 22 വയസ്സുകാരനായിരുന്ന ജവാന് നാസറിന്റെ വീരമൃത്യു ഇന്നും നാടിന് മറക്കാനാവാത്ത സ്മരണയാണ്. നാസറിന്റെ വീരമൃത്യുവിന് രണ്ട് പതിറ്റാണ്ട് തികയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.