കുഞ്ഞാലി വധക്കേസ്: 'ആര്യാടന്റെ രാഷ്ട്രീയ ജീവിതത്തിലെ കടുത്ത പരീക്ഷണം
text_fieldsമലപ്പുറം: രാഷ്ട്രീയ ജീവിതത്തില്‍ ആര്യാടൻ മുഹമ്മദ് നേരിട്ട കടുത്ത പരീക്ഷണമായിരുന്നു സി.പി.എം നേതാവും എം.എൽ.എയുമായിരുന്ന കെ. കുഞ്ഞാലി കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതിയായി ചേർക്കപ്പെട്ടത്. ആര്യാടനെ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ആരോപണങ്ങൾ പിൽക്കാലത്തും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. 1969 ജൂലൈ 27ന് ചുള്ളിയോട് എസ്റ്റേറ്റിലെ തൊഴിലാളികൾക്കിടയിൽ നടന്ന സംഘർഷത്തിലാണ് കുഞ്ഞാലി വെടിയേറ്റ് മരിക്കുന്നത്.
വെടിവെച്ചത് കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദാണെന്ന് കുഞ്ഞാലി മൊഴി നൽകിയിരുന്നുവെന്നാണ് അന്നത്തെ പത്രങ്ങളിൽ വാർത്തകൾ വന്നത്. ഇതു പ്രകാരമാണ് കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് ആര്യാടനെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റ് ചെയ്തത്. 25 പേരെ അന്ന് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ജയിലിലടക്കപ്പെട്ടവരിൽ ആര്യാടനൊഴികെ എല്ലാവര്ക്കും ജാമ്യം കിട്ടി.ഒമ്പതു മാസം അദ്ദേഹം ജയിലിൽ കിടന്നു.
സംഭവത്തിൽ പങ്കില്ലെന്നും രാഷ്ട്രീയ എതിരാളിയെന്ന നിലയില്‍ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പ്രതിയാക്കിയതെന്നും ആര്യാടന്റെ വക്കീൽ കോഴിക്കോട് ജില്ല സെഷന്‍സ് കോടതിയിൽ വാദിച്ചു. അറസ്റ്റുചെയ്ത് പൊലീസ് കൊണ്ടുപോവുമ്പോള്‍ ദേഹത്തുനിന്നോ ഓഫിസില്‍നിന്നോ തോക്ക് കണ്ടെടുക്കാനായിട്ടില്ലെന്നതും കോടതിയിൽ അനുകൂലമായി.
വിചാരണ പൂർത്തിയാക്കി 1970 ഏപ്രില്‍ 16ന് കോടതി മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു. താനല്ല കുഞ്ഞാലിയെ കൊന്നതെന്നും പാർട്ടി അനുഭാവി ഗോപാലനാണ് വെടിവെച്ചതെന്നും ആര്യാടൻ പിന്നീട് വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ ജീവിതത്തിലെ കടുത്ത പരീക്ഷണമായിരുന്നെങ്കിലും ഒരര്‍ഥത്തില്‍ എന്തും നേരിടാനുള്ള കരുത്തുപകര്‍ന്നത് ഈ കേസാണെന്ന് അദ്ദേഹം പലപ്പോഴായി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.